ചെറിയ കുട്ടികളില്‍ മലബന്ധത്തിന് കാരണമായേക്കാവുന്ന ആഹാരസാധനങ്ങള്‍

NewsDesk
ചെറിയ കുട്ടികളില്‍ മലബന്ധത്തിന് കാരണമായേക്കാവുന്ന ആഹാരസാധനങ്ങള്‍

കുഞ്ഞുങ്ങള്‍ക്ക് കട്ടിയാഹാരം കൊടുത്ത് തുടങ്ങുമ്പോള്‍ ശരീരത്തില്‍ പല മാറ്റങ്ങളും വരാം. 6മാസത്തിന് ശേഷമാണ് കട്ടിയാഹാരം കൊടുത്തുതുടങ്ങുന്നതെങ്കില്‍ കൂടിയും അവരുടെ ദഹനവ്യവസ്ഥ അതിനോട് പൊരുത്തപ്പെടാന്‍ സമയമെടുക്കും.

മലബന്ധം ഇല്ലാതാക്കാന്‍ കുട്ടികള്‍ക്ക് നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണമാണ് കൊടുക്കേണ്ടത്. തവിട് കളയാത്ത അരി, നവര, പഴം തുടങ്ങിയവയിലെല്ലാം ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ കുറച്ചുകുറച്ചായി മാത്രമേ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാവൂ. അധികം നല്‍കുന്നത് ദഹനതകരാറുകള്‍ക്ക് കാരണമാവും.

കുട്ടികളില്‍ മലബന്ധമുണ്ടാക്കുന്ന ചില ഭക്ഷണം പരിചയപ്പെടാം.

ശരിക്കും പഴുക്കാത്ത നേന്ത്രപ്പഴം
 


നന്നായി പഴുത്ത പഴം ശോധനയ്ക്ക് ഗുണകരമാണെങ്കില്‍ പഴുക്കാത്ത പഴം മലബന്ധത്തിന് കാരണമാകുന്നു. കുഞ്ഞുങ്ങള്‍ക്ക് സ്റ്റാര്‍ച്ച് എളുപ്പം ദഹിക്കില്ല. അവരുടെ ശരീരം സ്റ്റാര്‍ച്ച് ദഹിപ്പിക്കാനാവശ്യമായ എന്‍സൈമുകള്‍ ഉത്പാദിപ്പിക്കാത്തതാണ് കാരണം.പഴുക്കാത്ത പഴത്തില്‍ ധാരാളം സ്റ്റാര്‍ച്ച് അടങ്ങിയിരിക്കുന്നു, ആയതിനാല്‍ കുട്ടികളില്‍ ഇത് ദഹിക്കാന്‍ പ്രയാസമാണ്.

പഴത്തില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ എന്നത് സോല്യുബിള്‍ ഫൈബര്‍ ആണ്. ഇത് കുടലില്‍ നിന്നും വെള്ളം വലിച്ചെടുക്കുന്നു. ആയതിനാല്‍ മലം കട്ടിയുള്ളതായിത്തീരുന്നു. പഴം നല്‍കുകയാണെങ്കില്‍ തന്നെയും ധാരാളം നല്‍കാതിരിക്കുന്നതാണ് നല്ലത്.

ആപ്പിള്‍ സോസ്
 


ആപ്പിള്‍ സോസ് ന്യൂട്രീഷ്യസ് ആണെങ്കിലും ഇതിലും പഴത്തിലുള്ളതുപോലെ പെക്ടിന്‍ ധാരാളം അടങ്ങിയിരിക്കുന്നു. കൂടുതല്‍ കൊടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. 

അരി


അരികൊണ്ടുള്ള കുറുക്ക് കട്ടിയാഹാരത്തില്‍ പ്രാധാന്യം ഏറിയതാണ്. എന്നാല്‍ ഇത് ഉപയോഗിച്ച് തുടങ്ങുന്നതോടെ കുഞ്ഞുങ്ങള്‍ക്ക് എളുപ്പം ദഹിക്കുന്ന മുലപ്പാലിനോടുള്ള ഇഷ്ടം ഇല്ലാതാകുന്നു. അരി എന്നത് ദഹിക്കാന്‍ പ്രയാസമുള്ളതും ഫൈബര്‍ കുറഞ്ഞവയുമാണ്. അതുകൊണ്ട് തന്നെ അരി കൊടുക്കുന്നത് സാവധാനമാക്കുന്നതാണ് നല്ലത്.കൊടുക്കുകയാണെങ്കില്‍ തന്നെ ധാരാളം നാരുകളുള്ള തവിടുകളയാത്ത അരിയാണ് ഉത്തമം.

പശുവിന്‍ പാല്‍

ചില കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ അധികം ദോഷമാണ് ചെയ്യുക.കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാലിലെ പ്രോട്ടീനുകള്‍ ദഹിക്കാനുള്ള കഴിവില്ല.

ഇത്തരം പ്രശ്‌നങ്ങള്‍ കുഞ്ഞുങ്ങളില്‍ കണ്ടാല്‍ തൈര്, ചീസ് മുതലായ പാലുല്പന്നങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാതിരിക്കുന്നതാണ് നല്ലത്.ഏറ്റവും നല്ലതും ഗുണസമ്പുഷ്ടവുമായത് മുലപ്പാലാണ്.


കാരറ്റ്

കാരറ്റ് ധാരാളം നാരുകളുള്ളതും വിറ്റാമിന്‍ കെ, പൊട്ടാസ്യം, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടവുമാണ്. എന്നാല്‍ പുഴുങ്ങുകയോ , പാകം ചെയ്യുകയോ ചെയ്യുമ്പോള്‍ ഇതിലെ ഫൈബര്‍ നഷ്ടപ്പെടുന്നു. ആയതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ഇവ വേവിച്ച് നല്‍കുമ്പോള്‍ ദഹിക്കാന്‍ പ്രയാസമാകും. എന്നാല്‍ കുട്ടികള്‍ക്ക് ഇവ പച്ചയായി നല്‍കാനും സാധിക്കില്ല. നല്ലത് നല്‍കാതിരിക്കുന്നതാണ്.


ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് സ്റ്റാര്‍ച്ച് ധാരാളമുള്ളതാണ്. മധുരക്കിഴങ്ങുകളാണ് സാധാരണ കിഴങ്ങിനേക്കാള്‍ കുട്ടികള്‍ക്ക് നല്ലത്. അതില്‍ സ്റ്റാര്‍ച്ചിനു പുറമെ ധാരാളം നാരുകളും അടങ്ങിയിരിക്കുന്നു.

കട്ടിയാഹാരം നല്‍കുന്നതിനൊപ്പം കുട്ടികള്‍ക്ക് ധാരാളം വെള്ളവും നല്‍കുക. 6മാസത്തിനു ശേഷം മാത്രമേ കുട്ടികള്‍ക്ക് കട്ടിയാഹാരം നല്‍കാവൂ.

foods that cause constipation in babies

RECOMMENDED FOR YOU: