എല്ലാവരെയും പോലെ നമ്മുടെ ദൈനംദിന ജീവിതത്തിലെയും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് പാത്രങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്‌പോഞ്ചുകളെന്നത്. പാത്രങ്ങൾ ‘വൃത്തിയാക്കുക’ എന്ന ലക്ഷ്യത്തോടെ നാം ഉപയോഗിക്കുന്ന പലതരത്തിലുള്ള ഇത്തരം സ്‌പോഞ്ചുകൾ നമ്മുടെ ആരോഗ്യത്തിന് ‘വില്ലനായി’ മാറുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈയടുത്ത കാലത്ത് അടുക്കളയിൽ ഉപയോഗിക്കുന്ന സ്‌പോഞ്ചുകൾ വീട്ടിലെ ടോയിലറ്റ് സീറ്റിനേക്കാൾ 20,000 മടങ്ങ് വൃത്തിഹീനമാണെന്ന വാർത്ത പുറത്ത് വന്നത് ജനങ്ങളെ ഏറെ പരിഭ്രാന്തരാക്കിയിരുന്നുവെന്ന് വേണം പറയാൻ. എന്നാൽ സ്‌പോഞ്ച് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും, അവയെ എങ്ങനെ തുരത്തണമെന്നുമുള്ള പഠനത്തിന്റെ ഭാഗമായി വിദഗ്ധർ നടത്തിയ പരീക്ഷണത്തിൽ 14 വ്യത്യസ്ത സ്‌പോഞ്ചുകളിലെ 28 സാമ്പിളുകൾ പരിശോധിക്കുകയും അതിൽ നിന്നും 362 തരം രോഗാണുക്കളെ കണ്ടെത്തുകയും ചെയ്തു.
പരിശോധനയിൽ കണ്ടെത്തിയവയിൽ പൊതുവായ പത്തിൽ അഞ്ചെണ്ണത്തിനും മനുഷ്യനിൽ രോഗം പടർത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നും അവർ വെളിപ്പെടുത്തുന്നു. എല്ലാം വൃത്തിയാക്കുന്ന സ്‌പോഞ്ചിനെയും നമ്മളെന്നും വൃത്തിയാക്കണമെന്ന് ചുരുക്കം.