സൈനസൈറ്റിസ് എന്തുകൊണ്ട് ,പരിഹാരമാര്‍ഗ്ഗങ്ങള്‍

NewsDesk
സൈനസൈറ്റിസ് എന്തുകൊണ്ട് ,പരിഹാരമാര്‍ഗ്ഗങ്ങള്‍

മൂക്കിനു ചുറ്റുമുള്ള പൊള്ളയായ വായു അറകളാണ് സൈനസുകള്‍. വായു നിറഞ്ഞ ഈ അറകള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ജനനസമയത്ത് സൈനസുകള്‍ പൂര്‍ണ്ണമായും രൂപപ്പെടുന്നില്ല. നാലുജോഡി സൈനസുകളാണ് ഒരാളില്‍ ഉണ്ടാകുക.കവിളുകളുടെ ഉള്‍ഭാഗത്ത്, കണ്ണുകള്‍ക്ക് ഇടയില്‍, പുരികത്തിന് മുകളില്‍, ശിരസ്സിന്റെ മധ്യഭാഗത്ത് എന്നിങ്ങനെ. 

പ്രാണവായുവിനെ ചൂടാക്കുക,വേണ്ടത്ര ഈര്‍പ്പം നല്‍കുക, ശബ്ദതീവ്രത നിയന്ത്രിക്കുക, തലയോട്ടിയുടെ ഭാരം കുറയ്ക്കുക തുടങ്ങിയവയാണ് സൈനസുകളുടെ ധര്‍മ്മം.സൈനസുകളെ ആവരണം ചെയ്തു കൊണ്ടുള്ള ശേഷ്മ സ്തരമുണ്ട്. ഇവ പുറപ്പെടുവിക്കുന്ന ശ്ലേഷ്മം ആണ് ഉള്ളിലേക്കെടുക്കുന്ന വായുവിലെ മാലിന്യങ്ങളേയും അണുക്കളേയും നീക്കം ചെയ്യുന്നത്.

എന്താണ് സൈനസൈറ്റിസ് 

മൂക്കിലും സൈനസുകളിലുമുള്ള ആവരണത്തിന് സംഭവിക്കുന്ന നീര്‍ക്കെട്ടിനാണു സൈനസൈറ്റിസ് എന്നു പറയുന്നത്.മുഖത്തുള്ള ഈ അറകള്‍ ഓഷ്ടിയ എന്നറിയപ്പെടുന്ന ദ്വാരത്തിലൂടെയാണ് മൂക്കിലേക്ക് തുറക്കുന്നത്. ജലദോഷമോ അലര്‍ജിയോ മൂലം ശ്ലേഷ്മ ചര്‍മ്മം വീര്‍ത്തുവരുമ്പോള്‍ ഓഷ്ടിയ ദ്വാരം അടയുകയും അറകളിലേക്കുള്ള വായുസഞ്ചാരം നിലയ്ക്കപ്പെടുകയും ചെയ്യുന്നു. 

കാലാവസ്ഥാ വ്യതിയാനങ്ങള്‍, അന്തരീക്ഷ മലിനീകരണം,മേല്‍നിരയിലെ അണപ്പല്ലുകള്‍ക്കുണ്ടാകുന്ന അണുബാധ,പോട്,ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയൊക്കെ സൈനസൈറ്റിസിനു കാരണമായേക്കാം.മൂക്കിന്റെ ഘടനാപരമായ വൈകല്യങ്ങളും ചിലരില്‍ സൈനസൈറ്റിസിന് കാരണമായേക്കാം.

ഒരു സാധാരണ ജലദോഷമോ അലര്‍ജിയോ സൈനസിന്റെ തുടക്കമാവാം. സ്ഥിരമായ തലവേദന, രാത്രിയിലുള്ള വിട്ടുമാറാത്ത ചുമ, വായ്‌നാറ്റം, ശരീരം ബാലന്‍സ് ചെയ്യുന്നതിലെ അപാകത,മൂക്കിന് പിന്നില്‍ നിന്നും തൊണ്ടയിലേക്ക് കഫം ഇറങ്ങിവരിക ഇവയെല്ലാം ലക്ഷണമാകാം.കാരണങ്ങള്‍ക്കനുസരിച്ച് രോഗത്തിന്റെ ലക്ഷണത്തിന് വ്യത്യാസം വരാം.രോഗത്തിന്റെ തുടക്കത്തില്‍ തന്നെ ചികിത്സ നേടുന്നതാണ് നല്ലത്.അലര്‍ജി കൊണ്ട് സൈനസൈറ്റിസ് വരാം. ഇത് കാലാവസ്ഥയ്ക്കനുസരിച്ച് മാറ്റം വരുന്നവയോ, വര്‍ഷം തോറും വരുന്നവയോ ആയിരിക്കും. വൈറസ്, ബാക്ടീരിയ, ഫംഗസ് അണുബാധ മൂലവും ഹോര്‍മോണ്‍ തകരാറുമൂലവും സൈനസൈറ്റിസ് വരാം.

ബാക്ടീരിയ മൂലമല്ലാതെ സംഭവിക്കുന്നതാണ് ക്രോണിക് സൈനസൈറ്റിസ്.പഴകിയ സൈനസൈറ്റിസ് രോഗികള്‍ക്ക് വിവിധ തരത്തിലുള്ള തലവേദന മാത്രമായും കാണപ്പെടാം.പ്രത്യേകിച്ചും രാവിലെ മൂക്കടക്കുക, മൂക്കിലൂടെ ധാരാളം നീരിളക്കമുണ്ടാകുക, അസഹ്യമാം വിധം ശ്വാസത്തിന് ദുര്‍ഗന്ധമണ്ടാകുക,പൊതുവേ അധികം ശരീരക്ഷീണമുണ്ടാകുക, ക്രമേണ മണം അറിയാനുള്ള കഴിവും നഷ്ടമായേക്കാം.

പുരികത്തിന് മുകളില്‍ നെറ്റിയില്‍ ഉള്ള സൈനസില്‍ അണുബാധയുണ്ടായാല്‍ പ്രഭാതത്തില്‍ നെറ്റിയില്‍ അസഹനീയമാം വിധം വേദനയുണ്ടാകും. ഉറങ്ങുമ്പോള്‍ ഉല്‍പ്ാദിപ്പിക്കപ്പെടുന്ന ശ്ലേഷ്മം സൈനസുകളില്‍ കെട്ടിക്കിടക്കുന്നതിനാലാണിത്. 

കുട്ടികളില്‍ സൈനസൈറ്റിസിന് കാരണമാകുന്നത് പ്രധാനമായും അന്തരീക്ഷമലിനീകരണമാണ്. ഐസ്‌ക്രീം, തണുത്ത വെളളം എന്നിവയുടെ ഉപയോഗവും കാരണമാകാം. 

സൈനസൈറ്റുകള്‍ തലച്ചോറിനും കണ്ണുകള്‍ക്കും വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ പലപ്പോഴും സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കാറുണ്ട്. തുടക്കതില്‍ തലയുടെ പുറകിലും കണ്ണിന്റെ പുറകിലും ശക്തമായ വേദനയുണ്ടാകും. വസ്തുക്കള്‍ രണ്ടായി കാണുക, കണ്ണുകള്‍ പുറത്തേക്ക് തള്ളിവരിക, കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങളും വന്നേക്കാം. അണുബാധ രൂക്ഷമാകുന്നത് തലച്ചോറിനെ ബാധിക്കാനുള്ള സാധ്യതയും ഉണ്ട്.

സൈനസൈറ്റിസിനുള്ള ചികിത്സ

രോഗാവസ്ഥ,ഉണ്ടാകാനുള്ള കാരണങ്ങള്‍ എന്നിവയ്ക്കനുസരിച്ച് ഓരോരുത്തരിലും ചികിത്സയും വ്യത്യസ്തമാണ്. തുടക്കത്തില്‍ തന്നെ ചികിത്സ തേടുന്നതാണ് ഏറ്റവും നല്ലത്. ആന്റി ബയോട്ടിക്, ഡീ കണ്‍ജസ്റ്റന്‍സ്, വിറ്റാമിനുകള്‍, എന്നിവയ്‌ക്കൊപ്പം മൂക്കിലൊഴിക്കാനുള്ള മരുന്നും ഉണ്ടാകും. ആവികൊള്ളിക്കുന്നത് വളരെ ഫലപ്രദമാണ്. ശ്വസനക്രിയകളും ആശ്വാസം നല്‍കും.

രോഗം കഠിനമായാല്‍ എന്‍ഡോസേ്കാപ്പി, സി.ടി. സ്‌കാന്‍ എന്നിവ വേണ്ടിവരും. അത്യാവശ്യമാണെങ്കില്‍ ശസ്ത്രക്രിയയും.  വൈറസ് ബാധമൂലമുള്ള സൈനസൈറ്റിന് വിശ്രമം ആവശ്യമാണ്. കുടിക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുക. വെള്ളം തിളപ്പിച്ച് ആവി പിടിക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത് രോഗം എളുപ്പത്തില്‍ മാറാന്‍ സഹായിക്കുന്നു.

അസുഖം രണ്ടോ മൂന്നോ ദിവസത്തില്‍ കൂടുതല്‍നീണ്ടുനില്‍ക്കുന്നുവെങ്കില്‍ വിദഗ്ദ ചികിത്സ തേടേണ്ടതാണ്

sinusitis causes and symptoms

RECOMMENDED FOR YOU:

no relative items