വേനൽക്കാലമാണ്, അന്തരീക്ഷത്തിൽ പൊടിയും അഴുക്കും കൂടുതലാണ്. ചർമ്മസൗന്ദര്യം കാത്തുസൂക്ഷിക്കാനായി ബ്യൂട്ടിപാർലറുകളെ ആശ്രയിക്കുന്നതിനുപകരം വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഫേസ്പാക്കുകൾ പരിചയപ്പെടാം. അധികം ചിലവില്ലാതെ വീട്ടിലെ അടുക്കളയിൽ എല്ലായ്പ്പോഴും ലഭ്യമാകുന്ന വസ്തുക്കൾ കൊണ്ടുള്ള ഫേസ്പാക്കുകൾ.
പ്രായമാകുന്തോറും ചർമ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ക്കും മറ്റും പരിഹാരമാണ് ഈ ഫേസ്പാക്കുകൾ. ചർമ്മത്തിന്‍റെ സ്വാഭാവിക മർദ്ദവും എണ്ണമയവും കുറയുന്നതാണ് പ്രായം കൂടുന്തോറും ചർമ്മത്തിൽ ചുളിവുണ്ടാകാൻ കാരണം. ഇത്തരംഘട്ടത്തിൽ ശരിയായ പരിഹാരം ചെയ്താൽ ചർമ്മത്തിൽ ചുളിവുണ്ടാകുന്നതും വരളുന്നതും ഒഴിവാക്കാനാവും. പ്രായം കൂടുമ്പോഴുള്ള പ്രശ്നങ്ങൾക്ക് ആഴ്ചയിലൊരിക്കൽ ഫേസ്പാക്കുകൾ ഉപയോഗിക്കാം.
മുഖചർമ്മത്തിന്‍റെ സവിശേഷതകൾ അനുസരിച്ചാവണം ഫേസ്പാക്കുകൾ തിരഞ്ഞെടുക്കേണ്ടത്. എണ്ണമയം കൂടുതലുള്ള ചർമ്മക്കാർക്കും, വരണ്ട ചർമ്മമുള്ളവർക്കും ഉപയോഗിക്കേണ്ടുന്ന ഫേസ്പാക്കുകളും വ്യത്യസ്തമായിരിക്കും. 16വയസ്സുമുതൽ ഇത്തരം ഫേസ്പാക്കുകള്‍ ഉപയോഗിച്ചു തുടങ്ങാം.
വെള്ളരി ഫേസ്പാക്ക് : വെള്ളരിക്കയുടെ നീരും വെള്ളരി ചെറുതായി അരിഞ്ഞതും കൂടി മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. മുഖത്തിന് തിളക്കം ലഭിക്കാൻ നല്ലതാണ്. നല്ല കുളിർമ്മയും ലഭിക്കും. വേനൽക്കാലത്ത് സുലഭമായ വെള്ളരിക്ക സൗന്ദര്യസംരംക്ഷണത്തിനും ഉപയോഗിക്കാം.
പുതിന കൊണ്ടുള്ള ഫേസ്പാക്ക : പുതിനയിലയും അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ്. ഒരു പിടി പുതിനയിലയെടുത്ത് നന്നായി അരച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിറ്റിന് ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകി കളയാം. പുതിന മുഖത്തെ അമിതമായ എണ്ണമയത്തെ ഇല്ലാതാക്കുന്നു.
ചന്ദനം : ചന്ദനം തണുത്ത വസ്തുവായതിനാൽ തന്നെ ചന്ദനം കൊണ്ടുള്ള ഫേസ്പാക്ക് മുഖത്തിന് നല്ല മാർദ്ദവവും കുളിർമ്മയും നൽകുന്നു. ചന്ദനം ഗ്ലിസറിനിൽ ചാലിച്ച് മുഖത്ത് പുരട്ടാം. ഏത് പ്രായക്കാർക്കും ഉപയോഗിക്കാവുന്നതാണ്.
വരണ്ട ചർമ്മക്കാർക്ക് പ്രായമാകുന്തോറും ഉണ്ടാകുന്ന ചുളിവുകളും മറ്റും മാറ്റിയെടുക്കാൻ അര ടീസ്പൂൺ അശ്വഗന്ധം, ഒരു ടീസ്പൂൺ പച്ചപാൽ, അരടീസ്പൂൺ റോസ് വാട്ടർ, അരച്ച ബദാം, അൽപം എള്ളെണ്ണ എന്നിവ യോജിപ്പിച്ച മിശ്രിതം ഫേസ്പാക്കായി ഉപയോഗിക്കാം.ചർമ്മത്തിന്‍റെ മുറുക്കം കൂട്ടാൻ ഇത് സഹായിക്കും
ഓറഞ്ച് കൊണ്ടുള്ള ഫേസ്പാക്കാണ് ഒരെണ്ണം. മുഖത്തെ എണ്ണമയം ഇല്ലാതാക്കുന്നതിനും മുഖക്കുരുവും മറ്റും വരുന്നത് തടയുന്നതിന് ഇത് നല്ലതാണ്. മുഖചർമ്മത്തിന്‍റെ നിറം വർധിപ്പിക്കുന്നു. ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് തേനിലും മറ്റും ചാലിച്ച് മുഖത്ത് പുരട്ടാം.