വിറ്റാമിന്‍ ഡി ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് ബി പ്രസരണം തടസ്സപ്പെടുമ്പോള്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉല്പാദനം ഗണ്യമായി കുറയുന്നു. വിറ്റാമിന്‍ ഡി പ്രധാനമായും ശരീരത്തിന് ലഭിക്കുന്നത് സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ ചര്‍മ്മത്തില്‍ രൂപപ്പെടുന്നതുമൂലമാണ്. ആവശ്യമായ വിറ്റാമിന്‍ ഡിയുടെ 80-90 ശതമാനം വിറ്റാമിന്‍ ഡിയും സൂര്യപ്രകാശത്തില്‍ നിന്നുമാണ് ലഭിക്കുന്നത്.ബാക്കി 10% ഭക്ഷണത്തിലൂടെയും ലഭിക്കും. ചിലയിനം കടല്‍ മത്സ്യങ്ങള്‍, കൂണ്‍, സസ്യ എണ്ണകള്‍, പാല്‍,ധാന്യങ്ങള്‍ എന്നിവയില്‍ വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു.
കരള്‍ നിര്‍മ്മിക്കുന്ന ചില വസ്തുക്കളുടെ സഹായത്താല്‍ ശരീരത്തിനുള്ളില്‍ വച്ച് വിറ്റാമിന്‍ ഡി 25-ഹൈഡ്രോക്‌സി വിറ്റാമിന്‍ ഡി ആയി രാസപരിവര്‍ത്തനം ചെയ്യപ്പെടുന്നു. രക്തത്തില്‍ ഇതിന്റെ അളവ് ക്രമാതീതമായി കുറയുന്നത് പലരോഗങ്ങള്‍ക്കും കാരണമാകുന്നു. വൃക്കയിലെ ദീപനരസങ്ങള്‍ 25-ഹൈഡ്രോക്‌സിയെ കാല്‍സിട്രിയോള്‍ ആക്കി മാറ്റുന്നു.രക്തക്കുഴലുകളില്‍ കാല്‍സ്യം അടിഞ്ഞുകൂടുന്നതുമൂലം പ്ലാക്ക് രൂപപ്പെടാന്‍ കാല്‍സിട്രിയോളിന്റ അഭാവം കാരണമാകുന്നു.
ഹൃദ്രോഗത്തെ കൂടാതെ വിറ്റാമിന്‍ ഡിയുടെ അഭാവം ടൈപ്പ് 2 പ്രമേഹം, തലമുടി വളര്‍ച്ച, അര്‍ബുദം, മള്‍ട്ടിപ്പിള്‍ ക്ലീറോസിസ്, വാതരോഗം, മറവി രോഗം, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവയ്ക്കും കാരണമാകുന്നു.
വിറ്റാമിന്‍ ഡി അഭാവം എങ്ങനെ കണ്ടുപിടിക്കാം?
ലാബറട്ടറികളില്‍ 25-ഹൈഡ്രോക്‌സി വിറ്റാമിന്‍ ഡിയുടെ അളവ് പരിശോധിച്ചറിയാം. ഇത് മില്ലിമീറ്റര്‍ രക്തത്തില്‍ 10-15 നാനോഗ്രാമില്‍ കുറവാണെങ്കില്‍ വിറ്റാമിന്‍ ഡി യുടെ കുറവുണ്ട്. ഈ അളവ് 30 നാനോഗ്രാമില്‍ കൂടി നില്‍ക്കുന്നതാണ് അഭികാമ്യം.
വിറ്റാമിന്‍ കുറവ് പരിഹരിക്കാം
ദിവസേന കുറഞ്ഞത് 20മിനിറ്റ് നേരമെങ്കിലും സൂര്യപ്രകാശം ഏല്‍ക്കുന്നത് നല്ലതാണ്.ഇരുണ്ട ചര്‍മ്മക്കാര്‍ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കണം.
നഗരത്തില്‍ ജീവിക്കുന്നവര്‍ സൂര്യപ്രകാശത്തില്‍ പോകാറില്ല. അടച്ചിട്ട മുറികളില്‍ വൈദ്യൂതപ്രകാശത്തിലാണ് ദിവസം മുഴുവന്‍ ചിലവഴിക്കുക. വര്‍ദ്ധിച്ച അന്തരീക്ഷമലിനീകരണം മൂലം ഓസോണ്‍ പാളിയും അള്‍ട്രാവയലറ്റ്ബി കിരണങ്ങളെ തടസ്സപ്പെടുത്തുന്നു.
സണ്‍സ്‌ക്രീന്‍ ലോഷനുകളും മറ്റും വിറ്റാമിന്‍ ഡിയുടെ ശരീരത്തിലെ ഉല്പാദനം കുറയ്ക്കുന്നു.
സൂര്യപ്രകാശത്തിലൂടെയും ഭക്ഷണത്തിലൂടെയും വേണ്ടത്ര വിറ്റാമിന്‍ ഡി ലഭിക്കാത്തവര്‍ക്ക് ഗുളികകളെ ആശ്രയിക്കേണ്ടിവരും.