ഇന്ത്യൻ സ്ത്രീകൾക്ക് സാരി എന്നത് ഒഴിച്ചുകൂടാനാവാത്ത വസ്ത്രമാണ്. കല്യാണമായാലും പാർട്ടികൾക്കും മറ്റാഘോഷങ്ങൾക്കുമെല്ലാം ഒരുപോലെ ഇണങ്ങുന്ന വസ്ത്രം. ഇന്ന് സാരികളിലും ഫാഷൻതരംഗം സ്ഥാനം പിടിച്ചിരിക്കുന്നു. കാലത്തിനും ഫാഷൻ ട്രന്‍റുകൾക്കുമനുസരിച്ച് ഇന്ത്യൻ സ്ത്രീകളും സാരികളിലും വ്യത്യസ്ത പരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
ബോളിവുഡ് താരങ്ങൾ പല അവസരങ്ങളിലും, അവാർഡ് നിശകൾ, കാൻ ഫെസ്റ്റിവൽ, പ്രീമിയർ ഷോകൾ, ഫാഷന്‍ ഷോകൾ തുടങ്ങി എല്ലാ തരത്തിലുള്ള അവസരങ്ങളിലും ഡിസൈനർ പാർട്ടിവെയർ സാരികൾ തിരഞ്ഞെടുക്കുന്നു. മലയാളി താരങ്ങളാവട്ടെ ഉത്സവകാലത്ത് നമ്മുടെ സ്വന്തം കൈത്തറി സാരികളിൽ വരെ ഫാഷൻ കണ്ടെത്തുന്നു. കൈത്തറി വ്യവസായത്തെ ഉന്നമനത്തിലേക്കെത്തിക്കുന്നതിനായി പല ചടങ്ങുകളും സംഘടിപ്പിക്കുന്നു.
ഇന്ത്യൻ സാരികൾ വിവിധ ഫാബ്രികിലും പാറ്റേണുകളിലും മറ്റും ലഭ്യമാണ്. വിവിധ പ്രിന്‍റുകളും ഡിസൈനുകളും എംബ്രോയഡറിയുമെല്ലാം കാലങ്ങൾകൊണ്ട് സാരികളിൽ സ്ഥാനം പിടിച്ചവയാണ്.
സാരികൾ കാലാതീതമായുള്ള ഒരു കലാസൃഷ്ടിയാണ്. പകരം വക്കാൻ മറ്റൊന്നില്ലാത്ത മനോഹാരിത. ലോകത്ത് പല കാര്യങ്ങളും കാലങ്ങൾ കൊണ്ട് മാറിവന്നാലും സാരികൾ അതേപോലെ തന്നെ തുടരുന്നു. കാലത്തിനനുസരിച്ച് സാരികളിലും ഫാഷനുകൾ മാറിവരുന്നു.
നമ്മുടെ അലമാരകളെ അലങ്കരിക്കാനൊരുങ്ങുന്ന ചില സാരി ഫാഷനുകൾ പരിചയപ്പെടാം.
ഹാന്‍ഡ്സ് ഫ്രീ സാരികള്‍
നാച്ചുറലി ഡൈഡ് സാരികളുടെ പല്ലുവിൽ ഒരു തുളയിട്ട പോലെയുള്ള ഡിസൈനാണിതിന്. പല്ലു(മുന്താണി) യിലെ ഈ ഡിസൈൻ സാരിയെ യുണീക്ക ആക്കുന്നതിനൊപ്പം രസകരവുമാക്കുന്നു. ധരിക്കുന്ന ആളുകൾക്ക് ഇതിലൂടെ കൈകളെ ഫ്രീ ആക്കി വയ്ക്കുകയും സാരി ഞൊറി മാറാതെയും വയ്ക്കാനാവും.
ഫാഷനബിളും പ്രാക്ടിക്കലുമായിട്ടുള്ള ഈ സാരികൾ വൈറലാവുമെന്ന് തീർച്ച.
മെറ്റാലിക് സാരികൾ
മെറ്റാലിക് ഷൈനോടുകൂടിയ സാരികൾ. ലാറ്റക്സ് പോലുള്ള മെറ്റീരിയൽ ഉപയോഗിച്ചുള്ള ഈ സാരികൾ ബ്രോൺസ്, സിൽവർ, കോപ്പർ, ഗോൾഡ് കളറുകളിൽ ലഭ്യമാണ്. പാരമ്പര്യവും ആധുനികതയും ഒത്തിണങ്ങുന്ന തരത്തിലുള്ളവയാണ് ഈ സാരികൾ. സ്റ്റേറ്റ്മെന്‍റ് ജ്വല്ലറികൾക്കൊപ്പവും മിനിമൽ ആസസറീസിനൊപ്പവും ഒരുപോലെ ഇണങ്ങുന്നവയാണിവ.
ബ്ലേസർ സാരി
ട്രഡീഷണൽ സാരിക്കൊപ്പം ബ്ലേസര്‍ അല്ലെങ്കിൽ കോട്ട് ധരിക്കുന്നു. ഫോർമൽ ലുക്കിനായി ക്ലാസിക് മോണോക്രോം ബ്ലേസറുകൾ ധരിക്കാം. നിറയെ വർക്കുകളുള്ളവയും തിരഞ്ഞെടുക്കാം. കിഴക്കിന്‍റേയും പടിഞ്ഞാറിന്‍റേയും സ്റ്റൈലുകളെ സമന്വയിപ്പിക്കുന്ന തരത്തിലുള്ള ഡിസൈനായിരിക്കുമിത്.
ധോത്തി സ്റ്റൈൽ
ധോത്തിയുടെയും സാരികളുടേയും ഒരു കോമ്പിനേഷൻ. മഹാരാഷ്ട്രക്കാരു
ടെ ധോത്തികളുടെതിന് സമാനം. എന്നാൽ ഇത്തരത്തിലുള്ള ധോത്തികളണിയാൻ വളരെ പരിശീലനം ആവശ്യമാണ്.
സമയക്കുറവുള്ളവർക്കായി ധോത്തി സ്റ്റൈലിലുള്ള പ്രീ സ്റ്റിച്ച്ഡ് സാരികൾ ലഭ്യമാണ്. സാരിയെ കൂടുതൽ എടുപ്പുള്ളതാക്കാൻ ഒരു അരപ്പട്ടയുമാവാം. സാരിയെ മനോഹരമാക്കുന്നതിനുപരി പല്ലുവിനെ സുരക്ഷിതവുമാക്കുന്നു.
പരമ്പരാഗത സാരി
പ്രാദേശിക, ചെറുകിട വ്യവസായങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകികൊണ്ടുള്ള പ്രധാനമന്ത്രിയുടെ ആത്മനിർഭർ പദ്ധതി പരമ്പരാഗത സാരികൾ ട്രന്‍റായി ഉയർന്നുവരാനുള്ള സാധ്യത കൂട്ടുന്നു. കല്യാണം പോലുള്ള ആഘോഷങ്ങൾക്ക് എന്നും മുൻതൂക്കം ലഭിക്കുക പരമ്പരാഗത സാരികൾക്കു തന്നെ.
കോക്ക്ടെയിൽ ട്രന്‍റും, ഗ്ലിറ്ററി സാരികളും തുടങ്ങി നിരവധി സാരികൾ ഫാഷൻ ലോകത്ത് ഇനിയും പാറിപറന്നുകളിക്കും. കാലമെത്രയായാലും സാരിയും ഇന്ത്യൻ സ്ത്രീകളും തമ്മിലുള്ള ബന്ധം നിലനിൽക്കുക തന്നെ ചെയ്യും.