ഫാഷന്‍ ലോകത്ത് പ്രിയമേറും കലംകാരി ഡിസൈനുകള്‍

NewsDesk
ഫാഷന്‍ ലോകത്ത് പ്രിയമേറും കലംകാരി ഡിസൈനുകള്‍

ഫാഷന്‍ ലോകത്ത് ഇപ്പോള്‍ കലംകാരി ഡിസൈനുകള്‍ സ്ഥാനം പിടിക്കുകയാണ്. ആന്ധ്രപ്രദേശിലെ ഒരു ഗ്രാമപ്രദേശത്തിലെ പ്രത്യേക ചിത്രരചനാരീതിയാണ് കലംകാരി. കലം എന്നാല്‍ പേനയെന്നര്‍ത്ഥം, കാരി എന്നാല്‍ കലാരൂപം. കലംകാരി അച്ചുകളുപയോഗിച്ചോ പ്രത്യേകം പേനയുപയോഗിച്ചോ പരുത്തി തുണികളില്‍ ചെയ്‌തെടുക്കുന്നതാണ് കലംകാരി ഡിസൈനുകള്‍. 


ശ്രീകലാഹസ്തി, മച്ചിലിപട്ടണം തുടങ്ങി രണ്ട് രീതികളുണ്ട് കലംകാരിയില്‍. കലംകാരിയ്ക്കുപയോഗിക്കുന്ന പേന മുളകൊണ്ടാണ് തയ്യാറാക്കുന്നത്. പ്രകൃതിദത്തമായ നിറങ്ങള്‍കൊണ്ടു തയ്യാറാക്കുന്ന യഥാര്‍ത്ഥ കലംകാരി വസ്ത്രങ്ങള്‍ വിലയേറും. ഇന്ന് ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് കലംകാരി ഡിസൈനുകള്‍ തീര്‍ത്ത വസ്ത്രങ്ങളും വിപണിയില്‍ ലഭ്യമാണ്. ഇവ നാച്ചുറല്‍ ഡൈ അല്ലാത്തതുകൊണ്ട് വില കുറവായിരിക്കും.


വലിയ പൂക്കളും ചിത്രശലഭങ്ങളും പറവകളുമൊക്കെ ഒരുകാലത്ത് സാരികളിലും മറ്റും സ്ഥാനം പിടിച്ചിരുന്നു. കാലം മാറിയതനുസരിച്ച് അവ പതുക്കെ ചെറിയ പൂക്കളിലേക്കും സെല്‍ഫ് ഡിസൈനുകളിലേക്കുമൊക്കെ മാറുകയായിരുന്നു. ഇന്ന് പഴയകാലം വീണ്ടും തിരിച്ചെത്തുകയാണ് ഫാഷന്‍ ലോകത്തേക്ക്. പഴയ ഡിസൈനുകളെ ഒന്നുകൂടി മോടികൂട്ടി പുതിയ രൂപത്തില്‍ ഇന്ന് വിപണിയിലെത്തിയിരിക്കുന്നു.
കലംകാരി ഡിസൈനുകള്‍ ഏത് ഫാഷന്‍ വസ്ത്രങ്ങള്‍ക്കുമിണങ്ങുമെന്നതാണ് പ്രത്യേകത. പ്ലെയിന്‍ നിറത്തിലാണിത് വരാറ്. കറുപ്പ്, പച്ച, വെള്ള, മഞ്ഞ, ചുവപ്പ് തുടങ്ങിയ നിറങ്ങളില്‍. 


കലംകാരിയില്‍ പൂക്കളും മുഖങ്ങളും മൃഗങ്ങളും തുടങ്ങിയ ഡിസൈനുകളെല്ലാമുണ്ട്. വലിയ പൂക്കള്‍ വണ്ണമുള്ളവര്‍ക്ക് യോജിക്കാത്തതിനാല്‍ അവര്‍ സാധാരണയായി ചെറിയ ഡിസൈനുകളാണ് തിരഞ്ഞെടുക്കുക. 
മെലിഞ്ഞ ശരീരപ്രകൃതിക്കാര്‍ക്ക് വലിയ പൂക്കളും മുഖങ്ങളുമൊക്കെയുള്ള ഡിസൈന്‍ നന്നായി ഇണങ്ങും.

കലംകാരി വേഷങ്ങള്‍ സാരി, സല്‍വാര്‍, ദുപ്പട്ട, ബ്ലൗസ് തുടങ്ങി പല രൂപത്തിലും തയ്‌ച്ചെടുക്കാം. ഇത്തരം വസ്ത്രങ്ങള്‍ക്കൊപ്പം മിനിമല്‍ മേക്കപ്പും ആന്റിക് ടൈപ്പിലുള്ളതോ വളരെ ലളിതമായതോ ആയ ആഭരണങ്ങളാണ് കൂടുതല്‍ ഇണങ്ങുക.

kalamkari designs in fashion world

RECOMMENDED FOR YOU: