ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വളരെ ആഴമേറിയ ബന്ധമാണ് ദുപ്പട്ടയുമായുള്ളത്. ശരീരവും തലയും മറയ്ക്കാനായി മാത്രമല്ല ഒരു ഫാഷന്‍ സ്റ്റേറ്റ്മെന്റായും ഇന്ന് ദുപ്പട്ട മാറിയിരിക്കുന്നു. ഗാഗ്ര ചോളി, അനാര്‍ക്കലി, സല്‍വാര്‍ സ്യൂട്ടുകള്‍ എന്നുവേണ്ട ലഹംഗകള്ക്കൊപ്പവും നല്ല സ്റ്റൈലിഷായി അണിയാന്‍ ദുപ്പട്ടകള്‍ റെഡി.
കാഷ്വല്‍ വസ്ത്രങ്ങളില്‍ നിന്ന് സല്‍വാര്‍ കമ്മീസും ചുരിദാറുമെല്ലാം അല്പം പിന്നോട്ട് പോയെങ്കിലും ദുപ്പട്ട പിന്‍വാങ്ങിയില്ല. പാര്‍ട്ടികളിലും മറ്റും തിളങ്ങാനായി കാഞ്ചീപൂരത്തിലും മറ്റും ഒരുക്കിയിരിക്കുന്ന ദുപ്പട്ടകള്‍ റെഡിയാണിന്ന്. ലെഹംഗയ്ക്കും സല്‍വാര്‍ കമ്മീസിനുമൊപ്പം മാത്രമല്ല ഇന്ന് കാല്പാദം മുട്ടുന്ന അനാര്ക്കലിയ്ക്കൊപ്പം ധരിക്കാനും വിന്റേജ് ലുക്കിലുള്ള ദുപ്പട്ടകള്‍ തയ്യാറാണ്.
ഫാഷന്‍ ഡിസൈനര്‍മാരുടെ അഭിപ്രായത്തില്‍ സാധാരണ ലുക്കിലുള്ള ഒരു സല്‍വാര്‍ കമ്മീസിന് നല്ല ഗ്രേസ് നല്കാന് ഒരു ദുപ്പട്ട തന്നെ ധാരാളം മതി. ദുപ്പട്ടയെ കുറിച്ചുള്ള ഏറ്റവും നല്ല കാര്യം വ്യത്യസ്ത നിറത്തിലും, സ്റ്റൈലിലും, വലിപ്പത്തിലും, ഫാബ്രിക്കിലും നീളത്തിലുമുള്ള ദുപ്പട്ടകള്‍ വിവിധ വസ്ത്രങ്ങള്‍ക്കിണങ്ങുന്ന തരത്തിലുള്ളവ റെഡിയാണെന്നതാണ്. ധരിക്കുന്നവര്‍ക്ക് അവര്ക്കിണങ്ങുന്നതും ഇഷ്ടമുള്ളതുമായ ദുപ്പട്ടകള്‍ തിരഞ്ഞെടുക്കാം. ചില അവസരങ്ങളില്‍ ദുപ്പട്ടകള്‍ കസ്റ്റമൈസ് ചെയ്തെടുക്കുകയുമാവാം.
വിവിധ തരത്തിലുള്ള ദുപ്പട്ടകള്‍ പരിചയപ്പെടാം..
1. ജോര്‍ജറ്റ് ദുപ്പട്ട : എല്ലാ സ്ത്രീകളുടേയും വാര്‍ഡ്രോബിലെ വളരെ എളുപ്പത്തില്‍ എടുത്തുവയ്ക്കാവുന്നതും ധരിക്കാവുന്നതുമായ ഒരു മെറ്റീരിയലാണിത്. വര്‍ഷത്തിലെ എല്ലാ നല്ല സമയങ്ങള്‍ക്കും ഇണങ്ങുന്ന മെറ്റീരിയലാണിത്. പൂക്കള്‍ ഉള്ള ജോര്‍ജറ്റ് ദുപ്പട്ടകള്‍ എല്ലാ അവസരങ്ങള്‍ക്കും യോജിക്കും. ഇത്തരം ദുപ്പട്ടകള്‍ ഭാരം കുറഞ്ഞവയും ട്രാന്സ്പാരന്റുമായിരിക്കും. പ്രിന്റ് പാറ്റേണിലോ, ലൈറ്റായിട്ടുള്ള ലെയ്സ്, പോംപോം എന്നിവ പിടിപ്പിച്ചോ മനോഹരമാക്കിയതാവും.
2. നെറ്റ് ദുപ്പട്ട : ട്രഡീഷണല്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ട്രന്റിയായി ധരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് യോജിച്ചവയാണ് നെറ്റ് ദുപ്പട്ടകള്‍. ഷീര്‍ ടെക്ച്ചറിലുള്ള ഇത്തരം ദുപ്പട്ടകളും ലൈറ്റ് വെയ്റ്റായിരിക്കും. കൂടാതെ. ചിക്കന്‍കാരി, ഫ്ലോറല്‍ പാച്ച് വര്‍ക്ക് എന്നിവയാല്‍ മനോഹരമാക്കാനും സാധിക്കും.
3. പാശ്മിന ദുപ്പട്ട : കാശ്മീരിലുള്ള ഒരു തരം ആര്‍ട്ട് വര്‍ക്കാണ് പാശ്മിന. ഒരു ദുപ്പട്ട തയ്യാറാക്കാനായി ഒരു മാസത്തോളം വേണ്ടി വന്നേക്കാം. തൂവല്‍ പോലെ കനം കുറഞ്ഞ ഇവ ഏതു കാലാവസ്ഥയിലും അണിയാം. തണുപ്പുകാലത്ത് എലഗന്റ് ലുക്കിനൊപ്പം തന്നെ ചൂടേകാനും ഇവയ്ക്കാവും.
4. ബനാറസി സില്‍ക്ക് ദുപ്പട്ട : ഇത്തരം ദുപ്പട്ടകള്‍ ലാവിഷ് ഇവന്റുകള്‍ക്കായി പ്രത്യേകം തയ്യാറാക്കുന്നവയാണ്. ഹെവി ആയിട്ടുള്ള ഇവ സിംപികള് വസ്ത്രങ്ങള്ക്കൊപ്പമായിരിക്കും ഇണങ്ങുക. ബനാറസി പ്രിന്റുള്ള സിംപിള്‍ സില്‍ക്ക് ദുപ്പട്ടയും ഇന്‍ട്രിക്കേറ്റ് ഡിസൈനുള്ള ദുപ്പട്ടയും ഒരു പോലെ ഹിറ്റാണ്. കുര്‍ത്തിക്കും, കമ്മീസിനും എലഗന്‍സ് കൂട്ടാന്‍ ഇവ ഉപകരിക്കും.
5. വെല്‍വറ്റ് ദുപ്പട്ടകള്‍ : സോളിഡ് നിറങ്ങളിലും പ്രിന്റഡ് ആയുമുള്ള വെല്വറ്റുകളുണ്ട്. തണുപ്പിന് അനുയോജ്യമായവയാണിത്. നവവധുവിന് തിളങ്ങാനും ഇവ ധാരാളം മതി. റോയലും ലാവിഷും ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പെര്‍ഫക്ട് ആയ ആസസറിയാണിവ. ഹെവി ആയിട്ടുള്ള ഇവ തലയിലൂടെ അണിയാന്‍ പ്രയാസമായിരിക്കും. മുത്തുകളും അലങ്കാരങ്ങളും ചേര്‍ത്ത് വെല്‍വറ്റ് ദുപ്പട്ടകളെ വളരെ മനോഹരമാക്കിയിരിക്കുന്നു.
ഷിഫോണ്‍ ദുപ്പട്ട : ജോര്‍ജറ്റ് പോലെ തന്നെയുള്ള മെറ്റീരിയലാണിത്. ലളിതമായ പ്രകൃതിയോടിണങ്ങുന്നവയാണിവ. വേനലിലും സ്പ്രിംഗ് സീസണിലും അനുയോജ്യമായവയാണിവ. വളരെ സിംപിളായിട്ടുള്ള ഇവയും ജോലിക്കാരായ സ്ത്രീകള്‍ക്ക് വളരെ അനുയോജ്യമായവയാണ്.
സര്ദൗസി ദുപ്പട്ട :പാര്‍സി ആര്‍ട്ടാണ് സര്ദൗസി, ഇന്ത്യയിലേക്ക് എത്തപ്പെട്ടത്. മുമ്പ് രാജാക്കന്മാരുടെ വസ്ത്രങ്ങള്‍ തയ്യാറാക്കാനാണ് സര്ദൗസി അറ്റയര്‍ ഉപയോഗിച്ചിരുന്നത്. എന്നാലിന്ന് എല്ലാ ഫാഷന്‍ ഡിസൈനര്‍മാര്‍ക്കും ഇഷ്ടമുള്ളതായി സര്ദൗസി മാറിയിരിക്കുന്നു. ജ്യോമെട്രിക് പാറ്റേണുകള്‍ക്കൊപ്പം നാച്ചുറല്‍ മോട്ടീഫുകളും ഇലകളും പൂക്കളുമെല്ലാം ഇവയില്‍ സ്ഥാനം പിടിക്കാറുണ്ട്.
പോം പോം ദുപ്പട്ട: ഇന്നത്തെ പോപ്പുലര്‍ ട്രന്റാണ് പോംപോം. ദുപ്പട്ടകളിലും ഈ ട്രന്റ് എത്തിയിരിക്കുന്നു. ഡ്രസിംഗില്‍ സ്റ്രൈലും അല്പം ഫണും ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്നവയാണിവ.
ഇക്കത് ദുപ്പട്ട : ബോള്‍ഡ്. സൊഫിസ്റ്റിക്കേറ്റഡ് ലുക്ക് ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായവയാണിവ. ബേസ് കളര്‍ കേരളസാരിയുടേതോ ഐവറിയോ ആയിരിക്കും. കളര്‍ഫുളായിട്ടുള്ള ബോര്‍ഡര്‍ പ്രിന്റുകള്‍ ത്രഡുകള്‍ പരസ്പരം ഇഴചേര്‍ത്ത് കൂടുതല്‍ മനോഹരമാക്കിയിട്ടുള്ള ഡിസൈന്‍. ടെറാക്കോട്ട ആസസറീസ്, ട്രൈബല്‍ ആക്സസറീസ്, ഹാന്‍ഡ് മെയ്ഡ് ബാഗുകള്‍ എന്നിവയ്ക്കൊപ്പം നന്നായി ഇണങ്ങും.
കലംകാരി ദുപ്പട്ട : കോട്ടണ്‍ കലംകാരി ഡിസൈനുകള്‍ ചുരിദാറുകള്‍, ബ്ലൗസുകള്‍ എന്നിവയിലെന്ന പോലെ ദുപ്പട്ടയിലും സ്ഥാനം നേടിയിരിക്കുന്നു. പ്ലെയിന്‍ കുര്‍ത്തികള്‍ക്കൊപ്പം വളരെ നന്നായി ചേരും.
ടസ്സര്‍ സില്‍ക്ക്, ചന്ദേരി, കോട്ടണ്സില്ക്ക് ദുപ്പട്ടകള്‍ എന്നിവയും കാന്ത എംബ്രോയിഡറി ചെയ്ത ദുപ്പട്ടകള്‍(വേദിക് സമയത്തെ പ്രിന്റുകള്‍, ചിത്രങ്ങള്‍ എന്നിവ), ബൂട്ടി വര്‍ക്ക് ചെയ്ത ദുപ്പട്ടകള്‍, പതചിത്ര പെയ്ന്റിംഗ് ചെയ്ത ദുപ്പട്ടകള്‍, ദാബു പ്രിന്റ് ദുപ്പട്ടകള്‍,ഹാന്‍ഡ് പെയ്ന്റഡ്, ടൈ ആന്റ് ഡൈ. ബോര്‍ഡര്‍ ഔട്ട് ഡീറ്റെയിലിംഗ് ഇന്‍ ദുപ്പട്ടകളും ഉണ്ട്.
ഇരുവശവും മാറ്റി ഉപയോഗിക്കാവുന്ന രണ്ട് വശങ്ങളിലും വ്യത്യസ്ത നിറവും ഡിസൈനും ചെയ്തിട്ടുള്ള ടു സൈഡഡ് ദുപ്പട്ടകള്‍ ഓഫീസ് വുമണ്‍സിന് പ്രിയപ്പെട്ടവയാണ്. കൂടാതം മണവാട്ടികള്‍ക്ക് പ്രിയങ്കരമായ ഡബിള്‍ ദുപ്പട്ടകളുമുണ്ട്. ഇതില്‍ ചെസ്റ്റ് ഭാഗം കവര്‍ ചെയ്യുന്ന ഒരു ദുപ്പട്ടയ്ക്ക് പുറമെ തലയിലിടാനായി വേറെയൊരു ദുപ്പട്ടയുമുണ്ടാകും. മറ്റൊന്ന് സാരി പല്ലു ദുപ്പട്ടയാണ്. പാര്‍ട്ടിവെയര്‍ ദുപ്പട്ടകളില്‍ തിളങ്ങി നില്ക്കുന്ന ഇവയ്ക്ക് സാധാരണ ദുപ്പട്ടയേക്കാളും നീളവും വീതിയുമുണ്ടായിരിക്കും. പട്ടുസാരിയുടെ പല്ലുവിലെ പോലെ രണ്ടറ്റവും കസവു നെയ്ത് മനോഹരമാക്കിയവുമായിരിക്കും.