കേരളപ്പിറവി, ഓണം,വിഷു ഏത് ഉത്സവവുമാകട്ടെ മലയാളി മങ്കയ്ക്ക് ഇന്നും പ്രിയം കേരളസാരിയോടാണ്.കോട്ടണ്‍ തുണിയില്‍ കസവുകരയോടെയുള്ള സാരി ഞൊറിഞ്ഞുടുക്കുന്നത് ലാളിത്യത്തിലും ഗാംഭീര്യം നല്‍കുമെന്നത് തീര്‍ച്ച.

ഇന്ന് വെറും കസവ് ബോര്‍ഡറിനുപകരം രാജാരവിവര്‍മ്മ പെയിന്റിംഗ്‌സും മോഹിനിയാട്ടം, കഥകളി, ഗോപികമാരുടെ കണ്ണന്‍, മയില്‍പ്പീലി തുടങ്ങി ഒട്ടേറെ ഡിസൈനുകളും കേരളസാരിയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
പണ്ടു മലയാളി മങ്കയുടെ വേഷം കസവു മുണ്ടും നേര്യതും ആയിരുന്നു. അത് മുണ്ടും വേഷ്ടിയും രണ്ടു കഷ്ണമായിരുന്നുവെങ്കില്‍, കേരളസാരി ആറു മീറ്ററില്‍ ഒരൊറ്റ കഷ്ണമായാണ് വരുന്നത്. കസവുമുണ്ടാകട്ടെ സാരിയാകട്ടെ ഇവയുടെ ചരിത്രം കേരളത്തിലെ ഹാന്‍ഡ്‌ലൂം വ്യവസായവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ബുദ്ധകാലഘട്ടത്തോളം. കേരളത്തിലെ കുലീനസ്ത്രീകള്‍ സ്വര്‍ണ്ണത്തെ ആഭരണമെന്നതിനുപരി ഫാഷന്‍രംഗത്തും എങ്ങനെ ഉപയോഗപ്പെടുത്തി എന്നു സൂചിപ്പിക്കുന്നു സാരിയിലെ കസവുകര.

ബുദ്ധസാഹിത്യത്തിലും ജൈനസാഹിത്യത്തിലും ഉള്ള സാരി അഥവാ സാടിക എന്നും ഗ്രീക്ക്- റോമന്‍ കാലത്തെ പല്ലാ എന്ന തുന്നലുകളില്ലാത്ത നീളന്‍ വസ്ത്രം സ്ത്രീകള്‍ തോളില്‍ തൂക്കിയിടുന്നത് എന്നും പ്രതിപാദിക്കുന്നുണ്ട്. പല്ലു എന്നത് തോളില്‍ പുറകിലേക്കോ മുമ്പിലേക്കോ തൂക്കിയിടുന്നത് ഗ്രീക്ക് പദത്തില്‍ നിന്നും വന്നതാണെന്ന് അനുമാനിക്കാം.
കേരളസാരികള്‍ മഹാരാജ ബാലരാമവര്‍മ്മയും അദ്ദേഹത്തിന്റെ മന്ത്രി ഉമ്മിണി തമ്പിയും 19ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് കേരളത്തില്‍ പ്രചാരത്തിലായത് എന്നു കരുതുന്നു. ബാലരാമപുരം സാരികളെ പറ്റിയുള്ള റിസര്‍ച്ച് പേപ്പര്‍ പ്രകാരം ഇരുവരും കേരളത്തിലെ ഹാന്‍ഡ്‌ലൂം വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി നാഗര്‍കോവിലില്‍ നിന്നും ശാലിയാര്‍ സമുദായക്കാരെ വിളിച്ചുവരുത്തി അവര്‍ക്ക് കേരളത്തില്‍ ബഹുമാനപൂര്‍വ്വം സ്ഥാനം നല്‍കിയെന്നുമാണ്. നെയത്തുകാര്‍ ആദരപൂര്‍വ്വം അന്ന് വിപണിയില്‍ ലഭ്യമായിരുന്ന പരുത്തിനൂലുപയോഗിച്ച് രാജകുടുംബാംഗങ്ങള്‍ക്കുള്ള വസ്ത്രം നെയ്തുകൊടുത്തെന്നും രേഖകള്‍ പറയുന്നു. പെട്ടെന്ന് ഹാന്‍ഡ്‌ലൂം വ്യവസായത്തിലുണ്ടായ വളര്‍ച്ച് ഡച്ച് പോര്‍ച്ചുഗീസ് വ്യവസായികളെ കേരളത്തിലേക്ക് ആകര്‍ഷി്ച്ചു.
വാസ്‌ഗോഡഗാമ കേരളത്തിലെത്തിയതോടെ ബാര്‍ട്ടര്‍ സംവിധാനവും വ്യാപകമായി. ഇത് സ്വര്‍ണ്ണത്തിനു പകരം സുഗന്ധവ്യഞ്ജനങ്ങള്‍ നല്‍കുന്ന സമ്പ്രദായത്തിനും തുടക്കം കുറിച്ചു. ഇതോടെ കുലീനകുടുംബത്തിലെ സ്ത്രീകള്‍ നെയ്‌തെടുക്കുന്ന വസ്ത്രങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതിനായി സ്വര്‍ണ്ണ നൂലുകള്‍ തുന്നിചേര്‍ത്തുപയോഗിക്കാന്‍ തുടങ്ങി. ഇതിനെ കേരളകസവ് എന്നും അറിയപ്പെട്ടു.

അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഐഇ മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ ഒരു ദേശത്തിന്റെ വസ്ത്രം ആ നാടിന്റെ കളറും സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞു. കേരളകസവുസാരിയെ അവര്‍ രാജസ്ഥാന്‍ പരമ്പരാഗത വസ്ത്രവുമായി താരതമ്യപ്പെടുത്തി.
രാജസ്ഥാനില്‍ വളരെ കളര്‍ഫുള്‍ ആയ വസ്ത്രങ്ങളാണ് ധരിക്കുക. അവിടം മരുഭൂമി ആയതിനാല്‍ സ്ത്രീകള്‍ തിളക്കമുള്ളതും കളര്‍ഫുള്ളായതുമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നു. കേരളം ഹരിതാഭമായ നാടാണ്. ഇവിടെ വര്‍ണ്ണശഭളമായ വസ്ത്രങ്ങളുടെ ആവശ്യമില്ല. കസവുവസ്ത്രത്തിലും ആഡ്യത്വം നിറഞ്ഞിരിക്കും.
സ്വര്‍ണ്ണനൂലിനു പകരം ഇന്ന് പല ഫാഷനിലുമുള്ള നിറത്തിലുമുള്ള ബോര്‍ഡറുകളുള്ള കേരള സാരികളും ലഭ്യമാണ്.കസവ് ഒറിജിനലാണോ എന്നറിയാനും മാര്‍ഗ്ഗങ്ങളുണ്ട്. കൂടുതല്‍ സെലിബ്രിറ്റികളും ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കേരളകസവു സാരി പരമ്പരാഗത വസ്ത്രമെന്നതിനുപരി ഫാഷന്‍ സിംപലായും മാറിയിരിക്കുന്നു ഇപ്പോള്‍.