ദുൽഖർ സല്‍മാന്‍റെ പ്രശസ്ത മലയാളസിനിമ ചാർളി തമിഴിൽ മാര എന്ന പേരിൽ ഒരുക്കിയിരിക്കുകയാണ്. മാധവൻ , ശ്രദ്ധ ശ്രീനാഥ്, ശിവദ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളാകുന്നത്. നവാഗതനായ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമ ആമസോൺ പ്രൈമിലൂടെ ജനുവരി 8ന് റിലീസ് ചെയ്യുകയാണ്. റിലീസ് തീയ്യതി അടുത്തിരിക്കെ അണിയറക്കാർ സിനിമയുടെ പുതിയ ട്രയിലർ ഓൺലൈനിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. ഇത്തവണ ദുൽഖറിന്‍റെ വോയസ് ഓവറോടെയുള്ള ട്രയിലറാണ് റിലീസ് ചെയ്തിരിക്കുന്നത്.
ചാർളി, മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത സിനിമ ക്രിറ്റിക്കലിയും കൊമേഴ്സ്യലിയും വിജയമായിരുന്നു. ദുൽഖർ സൽമാന്‍, പാർവ്വതി എന്നിവർ ചിത്രത്തിലൂടെ പുരസ്കാരങ്ങളും സ്വന്തമാക്കി. തമിഴ് വെർഷൻ തമിഴ് പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചുള്ള മാറ്റങ്ങളോടെയാണെത്തുന്നത്.
തമിഴ് വെർഷനിൽ ശ്രദ്ധ ശ്രീനാഥ് പാർവ്വതി അവതരിപ്പിച്ച കഥാപാത്രമായും ശിവദ, അപർണ ഗോപിനാഥ് അവതരിപ്പിച്ച കഥാപാത്രമായുമെത്തുന്നു. അഭിരാമി, കിഷോർ, എംഎസ് ഭാസ്കർ, ഗുരു സോമസുന്ദരം, മൗലി, സീമ, അലക്സാണ്ടർ ബാബു എന്നിവരാണ് മറ്റു താരങ്ങൾ. ഗിബ്രാൻ സംഗീതമൊരുക്കുന്നു.