കുഞ്ഞാലി മരയ്ക്കാറിലെ കഥാപാത്രങ്ങള്‍ ഇനിയും നീളുകയാണ്. മെഗാ ബഡ്ജറ്റ് ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം, പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകവേഷത്തിലെത്തുന്ന ചിത്രത്തിലേക്ക് പുതിയതായി എത്തിയിരിക്കുന്നത് കീര്‍ത്തി സുരേഷ് , കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ്.
ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും ഒരു പ്രധാനവേഷം ചെയ്യുന്നു. ഇതോടെ ഈ സിനിമ മലയാള സിനിമാലോകത്തെ സൗഹൃദത്തിന്റെ രണ്ടാംതലമുറയുടെ ഒന്നിക്കലാവും. മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ജി സുരേഷ് കുമാര്‍.
സിനിമയില്‍ കല്യാണിയും പ്രണവും സ്‌പെഷല്‍ അപ്പിയറന്‍സിലാണ് എത്തുക. പ്രണവ് മരക്കാരുടെ യൗവനം അവതരിപ്പിക്കുമ്പോള്‍ കല്യാണിയുടെ വേഷം തീരുമാനമായിട്ടില്ല എന്നും പ്രിയദര്‍ശന്‍ അറിയിച്ചു.
1505 മുതല്‍ 1601 ാമാണ്ട് വരെയുള്ള കാലഘട്ടത്തിലെ സംഭവങ്ങള്‍ ചിത്രീകരിക്കുന്ന സിനിമ കീര്‍ത്തി സുരേഷിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവു ചിത്രം കൂടിയാകും. 2014ല്‍ റിംഗ് മാസ്റ്ററിലാണ് താരം അവസാനം മലയാളത്തില്‍ എത്തിയത്. കീര്‍ത്തി, ചൈനീസ് ഹീറോ ചിയാങ് ജുവാന്റെ കാമുകിയായാണ് എത്തുക. ചരിത്രത്തില്‍ ചിനാലി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മരക്കാരുടെ യുവകമാണ്ടര്‍. ചിനാലി ആയെത്തുന്ന താരത്തെ തീരുമാനിക്കേണ്ടതുണ്ട്.
അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി എന്നിവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. മധു, നെടുമുടി വേണു, സിദ്ദീഖ്, രഞ്ജി പണിക്കരും സിനിമയിലുണ്ട്. നവംബര്‍ 1ന് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.