സീ കേരളത്തിൽ സംപ്രേഷണം ആരംഭിച്ച മനംപോലെ മംഗല്യം എന്ന പരമ്പരയുടെ ഭാഗമായി നടത്തിയ മനംപോലെ മംഗല്യം മത്സരത്തിൽ വിജയിച്ച സജിതക്ക് സമ്മാനവുമായി സീരിയൽ താരങ്ങളായ നിയാസും മീരയും എത്തിയത് കൗതുകമായി.
ഡിസംബർ 28 മുതൽ ജനുവരി 2 വരെ സീ കേരളം നടത്തിയ മനം പോലെ മംഗല്യം പ്രത്യേക മത്സരത്തിലാണ് തിരുവനന്തപുരം, വള്ളക്കടവ് സ്വദേശി സജിത വിജയി ആയത്. ജനുവരി 20ന് താരങ്ങൾ സജിതയുടെ വീട്ടിൽ നിനച്ചിരിക്കാതെ എത്തി സമ്മാനങ്ങൾ നൽകിയത് കൗതുകമുളവാക്കി. ഈ സർപ്രൈസ് സന്ദർശനവും സമ്മാന വിതരണവും സീ കേരളം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് ആയി സംപ്രേഷണം ചെയ്തിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മത്സരത്തിൽ പങ്കെടുത്ത് വിജയികളായവർക്ക് സീ കേരളം ചാനൽ അധികൃതർ തന്നെ നേരിട്ടെത്തിയാണ് സമ്മാനങ്ങൾ നൽകുന്നത്.
നിനച്ചിരിക്കാതെ വീട്ടിലെത്തിയ തങ്ങളുടെ പ്രിയതാരങ്ങളെ കണ്ട അമ്പരപ്പിലാണ് സജിതയുടെ കുടുംബം. മുതിർന്ന കലാകാരനായ ശ്രീ രാജേന്ദ്രൻ അവതരിപ്പിക്കുന്ന സീരിയലിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഉണ്ണിത്താനെ അന്വേഷിക്കാനും അവർ മറന്നില്ല.സീരിയൽ ഷൂട്ടിങ് സെറ്റിൽ നിന്ന് നേരിട്ടെത്തിയ താരങ്ങൾ കുറച്ചു സമയം അവിടെ ചിലവഴിച്ചതിനു ശേഷമാണ് മടങ്ങിയത്.
എ എം നസീർ സംവിധാനം ചെയ്യുന്ന സീരിയലും അതിലെ താരങ്ങളും വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ മനസ്സിലിടം നേടിയത്. സീ കേരളത്തിൽ തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ വൈകുന്നേരം 7 മണിക്ക് മനം പോലെ മംഗല്യം സംപ്രേഷണം ചെയ്യുന്നു.