മലയാളത്തിന്റെ സ്വന്തം താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലും സ്ഥാനം ഉറപ്പിക്കുകയാണ്. ആകാശ് ഖുറാനയുടെ കാര്‍വാനിനു പിറകെ അനുരാഗ് കശ്യപിന്റെ അടുത്ത സംവിധാനസംരംഭം മന്‍മര്‍സിയാനിലും ദുല്‍ഖര്‍ നായകനാകുന്നതായി റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ തപ്‌സി പന്നു, വിക്കി കൗശല്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.
റിപ്പോര്‍ട്ടനുസരിച്ച് മന്‍മര്‍സിയാന്‍ ത്രികോണപ്രണയമാണ് വിഷയമാക്കുന്നത്. ജനുവരിയില്‍ ഹിമാചല്‍ പ്രദേശില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. ആകാശ് ഖുരാനയുടെ കാര്‍വാനില്‍ ഇര്‍ഫാന്‍ ഖാനും മിഥിലാ പാര്‍ക്കറും ദുല്‍ഖറിനൊപ്പം ഉണ്ട്. ഇര്‍ഫാനും ദുല്‍ഖറും ചിത്രത്തില്‍ സുഹൃത്തുക്കളായാണെത്തുന്നത്. ഊട്ടിയില്‍ നിന്നും തുടങ്ങുന്ന ഒരു റോഡ് ട്രിപ്പ് ആണ് സിനിമയില്‍ പറയുന്നത്.
മന്‍മര്‍സിയാന്‍ മുമ്പ് 2015ല്‍ പ്രഖ്യാപിച്ചിരുന്നു. ആയുഷ്മാന്‍ ഖുറാനയും ഭൂമി പെഡ്‌നെക്കറും ആയിരുന്നു പ്രധാന കഥാപാത്രങ്ങള്‍. സമീര്‍ ഷര്‍മ്മ സംവിധാനം ചെയ്യുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.