വെണ്ട എങ്ങനെ തയ്യാറാക്കിയാലും രുചികരമാണ്. വ്യത്യസ്തമായ രീതിയില്‍ ഒരു പ്രാവശ്യം വെണ്ടമസാല തയ്യാറാക്കിയാലോ.
ആവശ്യമുള്ള സാധനങ്ങള്‍
വെണ്ടക്കായ- 250ഗ്രാം, ഏതെങ്കിലുമൊരു കുക്കിംഗ് ഓയില്‍ 50മില്ലി, കാല്‍ ടീസ്പൂണ്‍ ജീരകം, ഒരു നുള്ള് ഉലുവ, 100ഗ്രാം സവാള, 2 പച്ചമുളക്, ഒരു നുള്ള് മഞ്ഞള്‍ പൊടി, കാല്‍ ടീസ്പൂണ്‍ മല്ലി പൊടി, കാല്‍ ടീസ്പൂണ്‍ ജീരകപൊടി, ചാട്ട് മസാല ചേര്‍ത്താല്‍ ഉത്തരേന്ത്യന്‍ സ്റ്റൈല്‍ ആക്കാം, ഉപ്പ് ആവശ്യത്തിന്. അലങ്കാരത്തിനായി മല്ലിയില 1 ടീസ്പൂണ്‍. ഇഞ്ചിയും പച്ചമുളകും ജൂലിയന്‍ കട്ട് ചെയ്ത് അലങ്കാരത്തിന് ഉപയോഗിക്കാം.
തയ്യാറാക്കുന്ന വിധം
വെണ്ട നന്നായി കഴുകി തുടച്ച് ചെറിയ കഷ്ണങ്ങളാക്കി എടുക്കാം. ഒരു പാനില്‍ എണ്ണ ചൂടാക്കി, ജീരകം, ഉലുവ എന്നിവ പൊട്ടിക്കുക. പൊട്ടി തുടങ്ങുമ്പോള്‍ സവാള ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. അല്പം വഴന്നുവരുമ്പോള്‍ വെണ്ട, പച്ചമുളക് എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കി വേവിക്കുക.
പച്ചക്കറികള്‍ മൂത്ത ശേഷം മഞ്ഞള്‍ പൊടി, മല്ലിപൊടി, ജീരകംപൊടി, ചാട്ട് മസാലയും ചേര്‍ത്തിളക്കി 10മിനിറ്റ് മൂടിവച്ച് വേവിക്കാം. ഇടക്കിടെ അടപ്പ് തുറന്ന് ഇളക്കികൊടുക്കുക. വളരെ ചെറിയ തീയില്‍ വേണം വേവിച്ചെടുക്കാന്‍.
എല്ലാം നന്നായി വേവിച്ച ശേഷം സെര്‍വിംഗ് ബൗളിലേക്ക മാറ്റി, മല്ലിയില, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് അലങ്കരിക്കാം.