അവിയല്‍ കേരളത്തിന്റെ തനതായ ഒരു വിഭവമാണ്. കേരളത്തിലെ സദ്യവട്ടത്തില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണിത്. എല്ലാ പച്ചക്കറികളും ഉപയോഗിച്ചാണ് ഈ വിഭവം തയ്യാറാക്കുന്നത്. ഏതൊക്കെ പച്ചക്കറികള്‍ ഉപയോഗിക്കാം എന്നത് പച്ചക്കറിയുടെ ലഭ്യതയനുസരിച്ച് നമുക്ക് തന്നെ തീരുമാനിക്കാം. അവിയല്‍ എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
നേന്ത്രക്കായ - 2 എണ്ണം
ചേന - 200 ഗ്രാം
മുരിങ്ങക്കായ - 2
പയര്‍ - 2
പടവലങ്ങ (നീളത്തിലരിഞ്ഞത്) - 1 കപ്പ്
കുമ്പളങ്ങ (നീളത്തിലരിഞ്ഞത്) - 1 കപ്പ്
കാരറ്റ് - 1
ബീന്‍സ് - 6- 7 എണ്ണം
പച്ചമുളക് - 6
ഉപ്പ് , മഞ്ഞള്‍പ്പൊടി - ആവശ്യത്തിന്
തൈര് - 2 കപ്പ്
ജീരകം - അരടീസ്പൂണ്‍
വെളുത്തുള്ളി - ഒരല്ലി
മുളകുപൊടി - അരടീസ്പൂണ്‍
തേങ്ങ ചിരകിയത് - 4 കപ്പ്
വെളിച്ചെണ്ണ - 2-3 ടീസ്പൂണ്‍
കറിവേപ്പില - 4 -6 ഇതള്‍
തയ്യാറാക്കുന്ന വിധം
നേന്ത്രക്കായയും ചേനയും ഒരു പാത്രത്തിലിട്ട് പാകത്തിന് വെള്ളമൊഴിച്ച് അടുപ്പില്‍ വച്ച് വേവിച്ചെടുക്കുക. പകുതി വേവാകുമ്പോള്‍ മുറിച്ച് വച്ചിരിക്കുന്ന (അവിയലിന് എല്ലാ കഷ്ണങ്ങളും നീളത്തിലാണ് മുറിക്കേണ്ടത്) കഷ്ണങ്ങള്‍ ചേര്‍ത്ത് വേവിക്കണം. തേങ്ങ ചിരകിയത് മഞ്ഞള്‍പ്പൊടി, ജീരകം, വെളുത്തുള്ളി ഇവ ചേര്‍ത്ത് തരുതരുപ്പായി അരച്ചെടുക്കണം. കഷ്ണങ്ങള്‍ നന്നായി വെന്തു കഴിഞ്ഞ് അരച്ചു വച്ചത് ചേര്‍ത്ത് തിളപ്പിക്കുക. അരപ്പ് നന്നായി കഷ്ണത്തില്‍ പിടിച്ചു കഴിഞ്ഞാല്‍ തൈര് ചേര്‍ത്തിളക്കി വാങ്ങുക. പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ക്കാം.