കേരളത്തില്‍ സദ്യവട്ടങ്ങളില്‍ ഒഴിച്ചുകൂട്ടാനായി ഉപയോഗിക്കുന്ന പുളിയിഞ്ചി വളരെ ആരോഗ്യപ്രദമാണ്. ദഹനത്തിന് സഹായകമാകുന്ന ഇഞ്ചിയാണ് പ്രധാന ഘടകം. വെളുത്തുള്ളിയും ചേര്‍ക്കാം. വയറിന് വളരെ നല്ലതാണ്. ഓണമായാലും വിഷുവായാലും കല്യാണസദ്യയായാല്‍ പോലും പുളിയിഞ്ചി പ്രധാനമാണ്. എങ്ങനെ തയ്യാറാക്കാം പുളിയിഞ്ചിയെന്നു നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ഇഞ്ചി - 100ഗ്രാം
പച്ചമുളക് - 50ഗ്രാം
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
പുളി - 150 ഗ്രാം
ശര്‍ക്കര - 100ഗ്രാം
നല്ലെണ്ണ - 100മില്ലി
കടുക് - 10 ഗ്രാം
വറ്റല്‍മുളക് - നാലെണ്ണം
വെളുത്തുള്ളി, തേങ്ങാക്കൊത്ത് എന്നിവ ഇഷ്ടമുണ്ടെങ്കില്‍ ചേര്‍ക്കാവുന്നതാണ്.ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞെടുക്കുക.
പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കുക. അതില്‍ നല്ലെണ്ണ ഒഴിച്ച് കടുകും വറ്റല്‍മുളകും പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക.വെളുത്തുള്ളി ഉപയോഗിക്കുന്നവര്‍ക്ക് അതും ചേര്‍ക്കാം. നന്നായി വഴറ്റി കഴിഞ്ഞാല്‍ പുളിവെള്ളം ചേര്‍ക്കുക. മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ശര്‍ക്കരയും ചേര്‍ത്ത് തിളപ്പിക്കുക. നന്നായി വെള്ളം വറ്റികഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും വാങ്ങി വയ്ക്കാം.
Notes : നല്ല കട്ടിയുള്ള പുളിയിഞ്ചിയാണ് വേണ്ടതെങ്കില്‍ അല്പം അരി വറുത്തുപൊടിച്ച് ഇതിലേക്ക് ചേര്‍ക്കാം.
പുളിയിഞ്ചി എത്ര ദിവസം വേണമെങ്കിലും കേടാകാതിരിക്കും.