സത്യ മണവാട്ടിയാകുമോ? നാടകീയ ട്വിസ്റ്റുമായി സത്യ എന്ന പെൺകുട്ടി.ഇരുനൂറ് എപ്പിസോഡുകള്‍ പിന്നിട്ട് മുന്നേറുന്ന മലയാളത്തിലെ ആദ്യ ടോംബോയ് നായിക കഥാപാത്രമായെത്തുന്ന സീരിയല്‍ 'സത്യ എന്ന പെണ്‍കുട്ടി' കഥാഗതിയിൽ ഒരു സുപ്രധാന വഴിത്തിരിവിലേക്ക് അടുത്താഴ്ച കടക്കുകയാണ്.മെര്‍ഷീന നീനു അവതരപ്പിക്കുന്ന നായികാ കഥാപാത്രമായ സത്യയുടെ ജീവിതം എന്തായിത്തീരുമെന്ന് നിര്‍ണയിക്കുന്ന ഉദ്വേഗജനകമായ എപ്പിസോഡുകളാണ് വരാനിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ചേച്ചിയെ വിവാഹം ചെയ്യാൻ പോവുന്നത് സുഹൃത്ത് സുധിയാണെന്നറിയാതെ തന്‍റെ പ്രണയം തുറന്നു പറയുന്ന സത്യ ഒരു അപകടത്തിൽ പ്പെടുന്നതും സുധിക്ക് സത്യയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി സത്യയുടെ പ്രണയം നിരസിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്ന എപ്പിസോഡുകളായിരുന്നു കഴിഞ്ഞാഴ്ച. ശ്രീനിഷ് അരവിന്ദാണ് സുധി. പ്രേക്ഷക പ്രീതിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സീരിയലുകളില്‍ ഒന്നായ സത്യ എന്ന പെണ്‍കുട്ടി സീ കേരളത്തിന്റെ മികച്ച പരമ്പരകളില്‍ ഒന്ന് കൂടിയാണ്. എല്ലാ ദിവസവും തിങ്കൾ മുതൽ ശനി വരെ വൈകീട്ട് 8.30നാണ് സംപ്രേഷണം. ഈ തിങ്കളാഴ്ച (നവംബർ 9) രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന മഹാ എപ്പിസോഡുമായായിരിക്കും സത്യ എത്തുന്നത്.
അച്ഛന്റെ മരണത്തെത്തുടര്‍ന്ന് സ്വന്തം അധ്വാനത്തിലൂടെ വീട് നോക്കുന്ന ഒരു പെണ്‍കുട്ടിയാണ് സത്യ. കാഴ്ചയില്‍ മാത്രമല്ല അവളൊരു ടോംബോയ്. ജീവിതത്തെ നേരിടുന്നതിലും സത്യയ്ക്ക് ധൈര്യവും ചുറുചുറുക്കുമുണ്ട്. എന്നാല്‍ സത്യയുടെ സഹോദരി അവള്‍ക്ക് നേരെ വിപരീതമാണ്. സുഖലോലുപയായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന അവള്‍ അതിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവളാണ്. സമ്പന്നനായ സുധിയുമായുള്ള വിവാഹം നടക്കാൻ വേണ്ടി തന്‍റെ സഹോദരി സത്യയെ തന്നെ തള്ളിപറയുന്ന കഥാപാത്രം.
സീരിയലിന്റെ സുപ്രധാന വഴിത്തിരിവിലേക്കുള്ള നയിക്കുന്ന എപ്പിസോഡുകള്‍ക്കായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഏറെ പ്രശംസ നേടിക്കൊടുത്ത ഒരു വേഷമാണ് സത്യയുടേത് എന്നാണ് മെര്‍ഷീന നീനു പറയുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ നടി രസ്‌നയുടെ സഹോദരിയാണ് തമിഴിലും മലയാളത്തിലും തിരക്കുള്ള താരമായി മാറിയ നീനു. ഏറെ പ്രതീക്ഷയോടെയുള്ള എപ്പിസോഡുകള്‍ അഭിനയിച്ചു കഴിഞ്ഞ ത്രില്ലിലാണ് ശ്രീനിഷ് അരവിന്ദ്. തന്റെ ജീവിതത്തിലും പുത്തന്‍ വഴിത്തിരിവുണ്ടാക്കിയ സീരിയല്‍ ആണ് സത്യ എന്നാണ് ശ്രീനിഷ് പറയുന്നത്. പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെടും വിധത്തിലാണ് വിവാഹ എപ്പിസോഡുകള്‍ ഒരുക്കിയിരിക്കുന്നതെന്നാണ് താരം പറയുന്നത്.