ഹൈന്ദവരുടെ ആഘോഷമായ ശിവരാത്രി കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതു മൂലം ഒരു വ്യക്തിയുടെ സകലപാപങ്ങളും നശിക്കും എന്നാണ് വിശ്വാസം.
പാലാഴി മഥനം നടത്തിയപ്പോള്‍ ഉണ്ടായ കാളകൂട വിഷം ലോകരക്ഷാര്‍ത്ഥം ശ്രീ പരമേശ്വരന്‍ പാനം ചെയ്തു. വിഷം ഉള്ളില്‍ ചെന്ന് ഭഗവാന് ദോഷം വരാതിരിക്കാന്‍ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തില്‍ മുറുക്കിപ്പിടിക്കുകയും, വായില്‍ നിന്നും പുറത്തുപോകാതിരിക്കാന്‍ ഭഗവാന്‍ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തില്‍ വയ്ക്കുകയും ചെയ്തു. വിഷം കഴുത്തില്‍ ഉറച്ചതുകാരണം അവിടം നീലനിറമായി തീര്‍ന്നു. അതുകൊണ്ടാണ് ശ്രീ പരമേശ്വരന് നീലകണ്ഠന്‍ എന്ന നാമധേയം ലഭിക്കുകയും ചെയ്തു.അന്നേ ദിവസം പാര്‍വതീദേവി ഭഗവാനുവേണ്ടി ഉറക്കമിളച്ചിരുന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ശിവപുരാണം കോടിരുദ്രസംഹിതയിലെ 37 മുതല്‍ 40 വരെയുള്ള അദ്ധ്യായങ്ങളില്‍ ശിവരാത്രി വ്രതത്തിന്റെ ആചരണത്തേക്കുറിച്ചും മഹിമയേക്കുറിച്ചും വിവരിച്ചിരിക്കുന്നു. ശിവപ്രീതികരവും ഭോഗമോക്ഷപ്രദവുമായ പത്ത് മുഖ്യശൈവവ്രതങ്ങളില്‍ സര്‍വശ്രേഷ്ഠമായതാണു ശിവരാത്രിവ്രതം. സോമവാരവ്രതം, അഷ്ടമി വ്രതം, പ്രദോഷവ്രതം, ചതുര്‍ദ്ദശിവ്രതം, ആര്‍ദ്രാവ്രതം തുടങ്ങിയവയാണു മുഖ്യ ശൈവവ്രതങ്ങള്‍
ശിവരാത്രി നാളില്‍ അതിരാവിലെ ഉണര്‍ന്ന് ശിവക്ഷേത്രദര്‍ശനം നടത്തുക. പൂര്‍ണ്ണ ഉപവാസം ഉത്തമം. അന്നേ ദിവസം പഞ്ചാക്ഷരീ മന്ത്രം, ശിവസഹസ്രനാമം,ശിവപുരാണപാരായണം എന്നിവ ഭക്തിപൂര്‍വ്വം ചൊല്ലാം. ഭഗവാന് കൂവളത്തില അര്‍ച്ചനയും കൂവളമാല സമര്‍പ്പിക്കുന്നതും ജലധാര നടത്തുന്നതും അത്യുത്തമമാണ്. രാത്രി പൂര്‍ണ്ണമായും ഉറക്കമിളച്ചാണ് ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത്.
പഞ്ചാക്ഷരീമന്ത്രം ഓം നമശിവായ ഭക്തി പൂര്‍വ്വം ചൊല്ലാം.ശിവരാത്രി ദിനത്തില്‍ ശിവക്ഷേത്രദര്‍ശനം നടത്തിയാല്‍ അറിയാതെ ചെയ്ത പാപം പോലും നശിക്കുമെന്നാണ് വിശ്വാസം.