മലയാളിയും ഞാറ്റുവേലയും 

NewsDesk
മലയാളിയും ഞാറ്റുവേലയും 

ഞാറ്റുവേല കേള്‍ക്കാത്ത മലയാളിയുണ്ടാകില്ല. എന്താണ് ഞാറ്റുവേല? ഞാറ്റുവേലയുടെ പ്രാധാന്യം? എങ്ങനെ കണ്ടുപിടിക്കാം എന്നൊക്കെ അറിയാം. 

ഞാറ്റുനില, ഞാറ്റില എന്നും ഇത് അറിയപ്പെടുന്നു. 27 ഞാറ്റുവേലകളാണ് ഉള്ളത്. 27നക്ഷത്രങ്ങളുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്. സൂര്യന്‍ ഏത് നക്ഷത്രസമൂഹത്തിനടുത്താണ് എന്നതിനെ അടിസ്ഥാനമാക്കി ഞാറ്റുവേല കണ്ടുപിടിക്കുന്നു. സൂര്യന്‍ ഒരു നക്ഷത്രത്തില്‍ നിന്നും മറ്റൊന്നിലേക്ക് മാറുന്നതിനെ ഞാറ്റുവേല പകര്‍ച്ചയെന്നോ ഞാറ്റുവേലപോക്ക് എന്നോ അറിയപ്പെടുന്നു. ഒരു ഞാറ്റുവേല ശരാശരി 13മുതല്‍ 12 ദിവസം വരെ നീണ്ടുനില്‍ക്കും.

ഞാറ്റുവേല എന്ന് പേരുവരാന്‍ കാരണം, സൂര്യന്റെ മറ്റൊരു പേരായ ഞായര്‍ എന്നതാണ്. ഞായര്‍ വേള, ഞായറ്റുവേള എന്നും ഞാറ്റുവേല എന്നുമായിതീര്‍ന്നു. രാശിചക്രത്തെ 13ഡിഗ്രി20 വീതമുള്‌ള തുല്യ നക്ഷത്രഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ഇതാണ് അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി തുടങ്ങിയ നക്ഷത്രങ്ങള്‍. സൂര്യന്‍ ഒരു ദിവസം ഒരു ഡിഗ്രി രാശി ചക്രത്തിലൂടെ സഞ്ചരിക്കുന്നു. അപ്പോള്‍ 13ഡിഗ്രി 20 സഞ്ചരിക്കാന്‍ ഏകദേശം 13-14 ദിവസങ്ങള്‍ വേണം. ഇതാണ് ഞാറ്റുവേല എന്ന പേരില്‍ അറിയപ്പെടുന്നത്. തിരവാതിര ഞാറ്റുവേല എന്നാല്‍ സൂര്യന്‍ തിരുവാതിര നക്ഷത്രത്തിന്റെ ഭാഗത്താണ് ഇപ്പോഴുള്ളത് എന്നര്‍ത്ഥം.

ഒരു ഞാറ്റുവേല 13-14 ദിവസമാണെങ്കിലും തിരുവാതിര ഞാറ്റുവേല മാത്രം 15ദിവസമാണ്.

കേരളീയജനതയ്ക്കിടയില്‍ ഞാറ്റുവേല കൃഷിയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ഏതു ഞാറ്റുവേലയില്‍ ഏത് കൃഷി ചെയ്യണമെന്നെല്ലാം കണക്കാക്കി കാര്‍ഷിക കലണ്ടര്‍ വരെ പണ്ട് തയ്യാറാക്കിയിരുന്നു. കേരളീയരെ സംബന്ധിച്ചിടത്തോളം ജ്യോതിശാസ്ത്രത്തിലും കാലാവസ്ഥാശാസ്ത്രത്തിലും പരിചയത്തിലുമെല്ലാമൂന്നി ഒരു കൊല്ലത്തെ മഴയുടെ കണക്കും മറ്റും ശാസ്ത്രീയമായി നിര്‍ണ്ണയിച്ചിരുന്നു.

പഴയകാലത്തെ കാലാവസ്ഥ പ്രവചനങ്ങള്‍ ഞാറ്റുവേലയുമായി ബന്ധപ്പെട്ടിരിക്കുന്നു. മഴയുടെ വര്‍ധനവും അവസാനവും പ്രത്യേക ഞാറ്റുവേലകളിലാണ്യ കൂടാതെ ഓരോ കാലത്തും ചെയ്യേണ്ടുന്ന കൃഷിയും വ്യത്യാസപ്പെട്ടിരിക്കുന്നു. വിത്തിറക്കുന്നതും കൃഷി തുടങ്ങുന്നതുമെല്ലാം ഞാറ്റുവേലയുടെ അടിസ്ഥാനത്തിലാണ്.


ഞാറ്റുവേലയുമായി ബന്ധപ്പെട്ട് നിരവധി പഴഞ്ചൊല്ലുകളുമുണ്ട്. വേനല്‍മഴയ്‌ക്കൊപ്പം ആദ്യ ഞാറ്റുവേലയായ അശ്വതി ഞാറ്റുവേല എത്തുന്നു. ഏപ്രില്‍ പകുതിയോടെ ഇത് തുടങ്ങും അശ്വതി, ഭരണി ഞാറ്റുവേലകളിലാണ് ഇടയ്ക്കിടെ മഴ ലഭിക്കും. കേരളത്തിന്റെ മുഖ്യവിളയായ നെല്ല് അശ്വതി മുതല്‍ ചോതി വരെയുള്ള 15 ഞാറ്റുവേലകളില്‍പ്പെടുന്നു. ഇതുമായി ബന്ധപ്പെട്ടുള്‌ള പ്രധാന ചൊല്ലുകളാണ് അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും കേടുവരില്ല. അശ്വതി ഞാറ്റുവേല കള്ളനാണ്, ഭരണി ഞാറ്റുവേല വിതയ്ക്കാന്‍ നല്ലതാണ് തുടങ്ങിയവ. മറ്റൊന്ന് വിഷുവോടെ വിരിപ്പിന് വിത്തിടാം. 

രണ്ടു രാശികളിലായി ലഭിക്കുന്ന കാര്‍ത്തിക ഞാറ്റുവേലയില്‍ പൊതുവെ മഴ ഉണ്ടാവാറില്ല. എങ്കിലും കാര്‍ത്തിക കാലില്‍ കാക്കക്കാല്‍ നനഞ്ഞാല്‍ മുക്കാലില്‍ മുക്കും എന്ന ചൊല്ലില്‍ നിന്ന് മേടം രാശിയില്‍ വരുന്ന കാര്‍ത്തിക ഞാറ്റുവേലയുടെ 1/4 രാശിയില്‍ ചെറിയ മഴ പെയ്താല്‍ തന്നെ ഇടവംരാശിയില്‍ വരുന്ന 3/4 രാശിയില്‍ നല്ല മഴ ലഭിക്കുമെന്ന വിവരം ലഭിക്കുന്നു. രോഹിണി ഞാറ്റുവേലയോടെ കാലവര്‍ഷം വരവായി.


രോഹിണിക്കിപ്പുറം അധികം വിത വേണ്ട. മകയീര്യം മദിച്ചു പെയ്യും എന്നും തിരുവാതിര ഞാറ്റുവേലയില്‍ തിരിമുറിയാതെ മഴ പെയ്യുമെന്നും ചൊല്ലുണ്ട്.


 തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഞാറ്റുവേലപ്പോക്കിനു നല്ല മഴലഭിക്കുമെന്നുമുള്ള തിരുവാതിരക്ക് ആദ്യം തെളിഞ്ഞാല്‍ പോക്കിനു മഴ എന്ന ചൊല്ലും പ്രസക്തമാണ്. പുണര്‍തത്തില്‍ പൂഴാന്‍ മല കയറുമെന്ന ചൊല്ലുണ്ട്. അത്രയും ഭീകരമഴയായിരിക്കുമെന്നര്‍ത്ഥമാക്കുന്നു. 
തിരുവാതിര ഞാറ്റുവേല ഏറ്റവും കേമന്‍ എന്നാണ് കര്‍ഷകര്‍ കരുതുന്നത്. ഏത് ചെടി നട്ടാലും എളുപ്പം വളരും. പ്ലാവിന്റെയും മാവിന്റേയും കമ്പ് വരെ പൊടിച്ചുവരുമത്രെ. ഈ ഞാറ്റുവേലക്ക് ഔഷധഗുണമുണ്ടെന്നാണ് വിശ്വാസം. കുരുമുളക് നടാനായി കര്‍ഷകര്‍ തിരഞ്ഞെടുക്കുന്നത് ഈ സമയമാണ്. മകത്തിന്റെ പുറത്ത് എള്ളെറിഞ്ഞാല്‍ കുടത്തിനു പുറത്താണ് എണ്ണ. ചോതി ഞാറ്റുവേലയിലാണ് മഴ തീരുന്നത്.ചോതി പെയ്താല്‍ ചോറുറച്ചു എന്നുമുണ്ട്

ഒരോ വിളയ്ക്കും അനുയോജ്യമായ ഞാറ്റുവേലകളേയും ഏറ്റവും പ്രായോഗികമായും തിരിച്ചറിഞ്ഞിരുന്നു. ചാമയ്ക്ക് അശ്വതി ഞാറ്റുവേലയും പയര്‍, ചെറുപയര്‍, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവക്ക് രോഹിണി ഞാറ്റുവേലയും അമര, കുരുമുളക്, തെങ്ങ് എന്നിവക്ക് തിരുവാതിര ഞാറ്റുവേലയും എള്ളിനു മകം ഞാറ്റുവേലയും ഉത്തമമാണ്. അത്തത്തില്‍ വാഴ നടാം.ഫലവൃക്ഷങ്ങളുടെ വിത്തുകള്‍ നടുന്നതിനും കൊമ്പൊടിച്ചുകുത്തി മുളപ്പിക്കുന്ന എല്ലാ ചെടികള്‍ക്കും തിരുവാതിര ഞാറ്റുവേലയാണ് ഏറ്റവും ഉത്തമം. നെല്‍ കൃഷിക്കും ഇത്തരത്തില്‍ ഞാറ്റുവേല സമയങ്ങള്‍ കൃഷിഗീതയില്‍ പ്രസ്താവിച്ചു കാണുന്നു. ഭരണി ഞാറ്റുവേലയില്‍ മത്തന്‍, കുമ്പളം, കയ്പ, വെണ്ട എന്നിവയുടെ വിത്തു കുത്താം.

കടപ്പാട് : വിക്കിപീഡിയ





 



 

know about njatuvela

RECOMMENDED FOR YOU:

no relative items