വസന്തകാലത്തെ എതിരേല്‍ക്കാനുള്ള നിറങ്ങളുടെ ഉത്സവമാണ് ഹോളി. ദസറ, ദീപാവലി തുടങ്ങിയ ഉത്സവങ്ങളെപോലെ ഹോളിയും തിന്മയുടെ മേല്‍ നന്മ നേടിയ വിജയം ആഘോഷിക്കുന്നതു തന്നെയാണ്. വിജയാഘോഷത്തിനു പുറമെയായി വസന്തകാലത്തെ എതിരേല്‍ക്കുന്നതും തണുപ്പുകാലത്തിന്റെ അവസാനവും എല്ലാം കൂടിയാണ് ഹോളി. ബന്ധുക്കള്‍ക്ക് ഒത്തുചേരാനും നല്ല കാര്യങ്ങള്‍ ഓര്‍ക്കാനും ചീത്തകാര്യങ്ങളെ മറക്കാനും എല്ലാം കൂടിയുള്ള ഉത്സവമാണിതും.
നേപ്പാളിലാണ് തുടങ്ങിയതെങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഹോളി ആഘോഷിക്കുന്നു. പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍. ഒരു രാത്രിയും പകലും നീണ്ടു നില്‍ക്കുന്നതാണ് ഹോളി ആഘോഷം. പൗര്‍ണ്ണമി നാള്‍ രാത്രിയില്‍ തുടങ്ങി പിറ്റേന്ന് പകല്‍ തീരും വരെയാണ് ആഘോഷം. ഹിന്ദുകലണ്ടര്‍ പ്രകാരം ഫാല്‍ഗുനമാസത്തിലെ പൗര്‍ണ്ണമിയിലാണ് ഹോളി ആഘോഷിക്കുന്നത്. സാധാരണയായി ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യവാരത്തിലോ ആണ് ഹോളി വരുന്നത്. 2018ല്‍ മാര്‍ച്ച്1, 2 ദിനങ്ങളിലായാണ് ഹോളി വരുന്നത്. ആദ്യദിവസം വൈകുന്നേരത്തെ ഹോളികാ ദഹന്‍ അഥവാ ചോട്ടി ഹോളി എന്നും രണ്ടാം ദിവസം രംഗ്വാലി ഹോളി എന്നും അറിയപ്പെടുന്നു.
ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. പണ്ട് കര്‍ഷകര്‍ നല്ല വിളവിന് നന്ദി അറിയിക്കാനായി നടത്തിയിരുന്ന ഉത്സവം പിന്നീട് ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
ഹോളി ആഘോഷങ്ങള്‍ രാത്രിയില്‍ എല്ലാവരും ഒത്തുകൂടി ഹോളികാദഹന്‍ ചടങ്ങോടെ തുടങ്ങുന്നു. കൂട്ടിയിട്ടു കത്തിക്കുന്ന തീയ്ക്കു മുമ്പില്‍ മതപരമായ ചടങ്ങുകളും പ്രാര്‍ത്ഥനകളും മറ്റും നടത്തുന്നു. ഹോളികയെ പോലെ നമ്മുടെ ഉള്ളിലുള്ള തിന്മകളും ഈ തീയില്‍ ചുട്ടെരിയുമെന്നാണ് വിശ്വാസം. അടുത്ത പ്രഭാതം രംഗ്വാലി ഹോളിയാണ്, നിറങ്ങളുടെ ഉത്സവം. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേര്‍ന്ന് പരസ്പരം നിറങ്ങള്‍ പൂശുകയും നൃത്തം ചെയ്യുകയുമൊക്കെ ചെയ്യുന്നു.
ഐതിഹ്യങ്ങള്‍
ഹോളിയുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ഉണ്ട്. പ്രധാനം ഹിന്ദു പുരാണത്തിലെ പ്രഹ്ലാദന്റെ കഥയാണ്. മനുഷ്യനാലും മൃഗത്താലും, രാത്രിയിലും പകലും ഭൂമിയിലും ആകാശത്തും, ആയുധത്താലും മറ്റും കൊല്ലപ്പെടില്ല എന്ന വരം ലഭിച്ച ഹിരണ്യകശിപു തികഞ്ഞ വിഷ്ണു ഭക്തനായ മകന്‍ പ്രഹ്‌ളാദനെ വധിക്കാനായി സഹോദരി ഹോളികയെ ഏര്‍പ്പാടാക്കുന്നു. അഗ്നിസ്പര്‍ശം ഏല്‍ക്കാത്ത തരത്തിലുളള വസ്ത്രമണിഞ്ഞ ഹോളിക പ്രഹ്‌ളാദനെയുമെടുത്ത് ആളിക്കത്തുന്ന ചിതയില്‍ ഇരിപ്പായി. എന്നാല്‍ തീ പടര്‍ന്നതും ഹോളിക ആ തീയ്യില്‍ ദഹിക്കുകയും പ്രഹ്‌ളാദന്‍ രക്ഷപ്പെടുകയും ചെയ്തു. ഈ കഥയുമായി ബന്ധപ്പെട്ടാണ് ഹോളി ആഘോഷം എന്നാണ് ഒരു കഥ.
മറ്റൊരു കഥ കൃഷ്ണനും രാധയുമായുള്ള പ്രണയവുമായി ബന്ധപ്പെട്ടുള്ളതും ഒന്ന് കാമദേവന്റെ കഥയുമായി ബന്ധപ്പെട്ടതും.
ഹോളി ദിവസത്തിന് തലേന്ന് വൈകുന്നേരം പാര്‍ക്കുകളിലും അമ്പലപരിസരത്തും മറ്റും ആളുകള്‍ ഒത്തുകൂടി ഹോളികാ ദഹന്‍ ചടങ്ങ് സംഘടിപ്പിക്കുന്നു. ഹോളി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന പ്രത്യേക ഭക്ഷണങ്ങളായ ഗുജിയ, മത്രി, മാല്‍പുവാസ് എന്നിവയുമുണ്ടാകും.
ഹോളി ദിവസം നിറങ്ങളുപയോഗിച്ചുള്ള ആഘോഷമാണ്. മുഴുവനായും ആഘോഷങ്ങള്‍ക്കായുള്ളതാണ് ഹോളി ദിവസം. പ്രത്യേക പൂജയും മറ്റും ഉണ്ടാവണമെന്നില്ല.
മഞ്ഞള്‍, വേപ്പ്, ദക്ക്, കുങ്കുമം തുടങ്ങി പ്രകൃതിപരമായ വസ്തുക്കളുപയോഗിച്ചാണ് പണ്ടൊക്കെ നിറങ്ങള്‍ ഉണ്ടാക്കിയിരുന്നത്. എന്നാലിന്ന് നിറങ്ങളും മാര്‍ക്കറ്റില്‍ നിന്നും വാങ്ങി ഉപയോഗിക്കുന്നു.