ഓരോ ക്ഷേത്രത്തിലും ചുറ്റമ്പലത്തിനെ പ്രദക്ഷിണം വയ്ക്കണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്. എന്നാല്‍ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ എങ്ങനെ, ദേവീ ക്ഷേത്രത്തില്‍ എങ്ങനെ എന്നുള്ളതെല്ലാം വ്യത്യസ്തമാണ്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.
ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ ഒരിക്കലും പൂര്‍ണ്ണപ്രദക്ഷിണം നടത്താറില്ല. പൂര്‍ണ്ണതയുടെ ദേവനായാണ് പരമശിവനെ ഭക്തര്‍ ആരാധിച്ചു വരുന്നത്. അങ്ങനെ പൂര്‍ണ്ണ സങ്കല്‍പത്തില്‍ വിളങ്ങുന്ന ശിവനെ പ്രദക്ഷിണം വച്ചാല്‍ അതിനര്‍ത്ഥം പരിമിതമെന്നാണല്ലോ! അതിനാല്‍ ശിവന്റെ പൂര്‍ണ്ണത - അപരിമിത - ബോദ്ധ്യമാക്കുന്ന പ്രതീകാത്മകമായ അനുഷ്ഠാനമാണ് ഭാഗികമായി ശിവാലയ പ്രദക്ഷിണം വെയ്ക്കല്‍.
ശിവഭഗവാന്റെ ശിരസ്സിലൂടെ ഗംഗാമാതാവ് ഒഴുകിക്കൊണ്ടിരിക്കുന്നു എന്ന സങ്കല്‍പ്പത്തിലുള്ള ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നൊരു വിശ്വാസം നിലനില്‍ക്കുന്നതിനാലും പൂര്‍ണ്ണപ്രദക്ഷിണം തടയപ്പെട്ടിരിക്കുന്നു.
ശിവനെ അഭിഷേകം ചെയ്യുന്ന ജലം പലപ്പോഴും പൂര്‍ണ്ണപ്രദക്ഷിണം ചെയ്യുമ്പോള്‍ ചവിട്ടാന്‍ സാധ്യതയുള്ളതിനാലാണ് പൂര്‍ണ്ണ പ്രദക്ഷിണം തടഞ്ഞിരിക്കുന്നത് എന്നൊരു വിശ്വാസവും നിലവിലുണ്ട്.
പ്രദക്ഷിണങ്ങളെല്ലാം വലത്തോട്ട് ആണ് ചെയ്യേണ്ടത്. അര്‍ദ്ധപ്രദക്ഷിണം ചെയ്യുന്നത് പാപങ്ങളെ ഇല്ലാതാക്കുന്നു എന്നും വിശ്വാസമുണ്ട്. ഭക്തരെ പാപമുക്തരാക്കാന്‍ ശിവനേക്കാള്‍ വലിയൊരു ശക്തി ഇല്ല എന്നതും അര്‍ദ്ധ പ്രദക്ഷിണത്തിന്റെ കാരണമായി പറയുന്നുണ്ട്.