നവരാത്രി -- ഐതിഹ്യവും ആഘോഷങ്ങളും

NewsDesk
നവരാത്രി -- ഐതിഹ്യവും ആഘോഷങ്ങളും

വിജയദശമി ദസറ എന്നും ആയുധപൂജ എന്നും അറിയപ്പെടുന്നു. ഭാരതത്തിന്റെ പല ഭാഗങ്ങളിലും നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലും പലരീതിയില്‍ ദസറ ആഘോഷം നടത്തി വരുന്നു. ഒരുപാടു ഐത്യഹ്യങ്ങള്‍ നവരാത്രി ആഘോഷവവുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവയില്‍ പ്രധാനമായിട്ടുള്ള ഒരു കഥ രാമനുമായും മറ്റൊന്ന് ദുര്‍ഗാദേവിയുമായും ബന്ധമുള്ളതാണ്. എല്ലാ ഐത്യഹ്യവും തിന്മയ്ക്കുമേലുള്ള നന്മയുടെ വിജയമാണ് .

ഭാരതം ഉത്സവങ്ങളുടേയും ആഘോഷങ്ങളുടേയും നാടാണ്. നവരാത്രി പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ്. ഭാരതത്തിലെ ഒട്ടുമിക്ക ഹൈന്ദവആഘോഷങ്ങളും ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ആയി ബന്ധപ്പെട്ടു കിടക്കുന്നു. രാമരാവണയുദ്ധം 10 ദിവസം നീണ്ടു നില്‍ക്കുകയും പത്താം നാള്‍ രാമന്റെ കൈകളാല്‍ രാവണന്‍ കൊല്ലപ്പെട്ടു. ഈ വിജയം അയോദ്ധ്യാവാസികള്‍ എല്ലാവരും ആഘോഷിച്ചു. 

ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച ദിവസമാണ് വിജയദശമി. വിരാടരാജ്യം ആക്രമിച്ച കൗരവരെ അര്‍ജ്ജുനന്റെ നേതൃത്വത്തില്‍ പാണ്ഡവര്‍ തോല്‍പിച്ചതും വിജയദശമി നാളിലാണ്. തിന്മയുടെ മേല്‍ നന്മയുടേയും, അന്ധകാരത്തിന്റെ മേല്‍ പ്രകാശത്തിന്റേയും, അജ്ഞാനത്തിനുമേല്‍ ജ്ഞാനത്തിന്റേയും വിജയം സംഭവിച്ച ദിവസമാകയാലാണ് ഈ ദിനം വിജയദശമി എന്നറിയപ്പെടുന്നത്.

ഭാരതത്തിലെ ദസറ ആഘോഷം

ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധതരത്തിലാണ് ദസറ ആഘോഷം.

വടക്കേഇന്ത്യയിലെ ദസറ : വടക്കേഇന്ത്യയില്‍ ദസറ ആഘോഷിക്കുന്നത് രാവണന്റെ കോലങ്ങള്‍ അഗ്നിക്കിരയാക്കികൊണ്ടാണ്. രാമരാവണയുദ്ധം അനുസ്മരിച്ചാണ് ഇത്. രാമായണത്തിലെ നായകന്മാരുടേയും വില്ലന്മാരുടേയും വേഷം ധരിച്ച് ചെറിയ നാടകങ്ങളും അവതരിപ്പിക്കും.

 ഗുജറാത്തിലെ ദസറ : ഗുജറാത്തില്‍ നവരാത്രിയുടെ 9 രാത്രിയിലും സ്ത്രീ പുരുഷന്മാര്‍ ഒത്തുകൂടി മത്സരങ്ങളും ആഘോഷങ്ങളും നടത്തും. ഗുജറാത്തിലെ നൃത്തരൂപമായ ഗര്‍ബ പ്രധാനമാണ് ദസറ ആഘോഷവേളയില്‍.

ദക്ഷിണേന്ത്യയിലെ ദസറ : ദക്ഷിണേന്ത്യയില്‍ നവരാത്രി ദിവസങ്ങളിലെ ആദ്യ മൂന്നുദിവസം ദേവിയെ പാര്‍വതിയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്നു ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. 

ദേവിയുടെ പടുകൂറ്റന്‍ കോലങ്ങള്‍ മുതല്‍ മണ്ണില്‍ തീര്‍ത്ത കൊച്ച് ബൊമ്മകള്‍ വരെ അലങ്കരിച്ച് പൂജിക്കുന്ന ഒരു ആഘോഷമാണ് നവരാത്രി. തമിഴ്‌നാട്ടില്‍ ബ്രാഹ്മണര്‍ വളരെ പ്രധാനമായി കൊണ്ടാടുന്ന ഒരു ആചാരമാണ് കൊലു വെയ്ക്കല്‍. മൈസൂരിലെ ദസറ ആഘോഷം വളരെ പ്രശസ്തമാണ് .അവരുടേതായ പ്രത്യേകതകളോടെയാണ് അവിടുത്തുകാര്‍ ദസറ ആഘോഷിക്കുന്നത്.


കേരളത്തില്‍ ആയുധപൂജയും സരസ്വതീ പൂജയുമാണ് നവരാത്രിയില്‍ പ്രധാനം. വിജയദശമി നാളില്‍ കുട്ടികളെ എഴുത്തിനിരുത്തുന്നത് വിദ്യാഭ്യാസത്തിന് നല്ല തുടക്കമായി കരുതുന്നു. പുസ്തകങ്ങളും പണിയായുധങ്ങളും പൂജക്കുവയ്ക്കുന്നതും ഒരു പ്രധാന ചടങ്ങാണ്.

ഫോട്ടോ : വിക്കിപീഡിയ
 

Read more topics: Navarathri, Vijayadasami, Dusserha
Celebrations of Dussehra / Navarathri

RECOMMENDED FOR YOU:

no relative items