മഞ്ഞള്‍ക്കല്യാണം കേരളത്തിലേക്കും, എന്താണ് മഞ്ഞള്‍കല്യാണം അഥവാ ഹല്‍ദി

NewsDesk
മഞ്ഞള്‍ക്കല്യാണം കേരളത്തിലേക്കും, എന്താണ് മഞ്ഞള്‍കല്യാണം അഥവാ ഹല്‍ദി

കല്യാണത്തിന് പലനാട്ടിലും പല ചടങ്ങുകളാണ്. കേരളത്തില്‍ കല്യാണത്തലേന്ന് മണവാട്ടിയെ മൈലാഞ്ചി അണിയിക്കുന്ന മൈലാഞ്ചി കല്യാണം മലബാറില്‍ പ്രശസ്തമാണ്. എന്നാല്‍ മൈലാഞ്ചി കല്യാണത്തിനും മുമ്പെ നടത്തുന്ന മഞ്ഞള്‍ കല്യാണവും കേരളത്തിലും പ്രാധാന്യമേറിവരുന്നു. ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്കും മറ്റും കുടിയേറിയവരുടെ ഇടയിലായിരുന്നു ഈ ചടങ്ങുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ജാതി-മതവ്യത്യാസമില്ലാതെ എല്ലാവരും ഈ ചടങ്ങുകളും പിന്തുടരുന്നു.

കല്യാണത്തിന് മുമ്പ് വരന്റെയും വധുവിന്റെയും ശരീരത്തിന് മഞ്ഞളിന്റെയും ചന്ദനമുപയോഗിച്ചും നല്‍കുന്ന ഒരു ട്രീറ്റ്‌മെന്റ് ആണ് ഹല്‍ദി സെറിമണി. ഹല്‍ദി എന്നാല്‍ ഹിന്ദിയില്‍ മഞ്ഞള്‍ എന്നാണ് അര്‍ത്ഥം. വിവാഹത്തലേന്നോ അതിനു മുമ്പത്തെ ദിവസമോ വരന്റെയും വധുവിന്റെയും വീട്ടില്‍ വച്ച് പ്രത്യേകം പ്രത്യേകമായാണ് ഈ ചടങ്ങ് നടത്തുന്നത്. ഇരുവരുടേയും ബന്ധുക്കള്‍ ചേര്‍ന്നാണ് മഞ്ഞള്‍ അണിയിക്കുക.


കോഴിക്കോട് അടക്കമുള്ള മലബാര്‍ പ്രദേശങ്ങളില്‍ വിവാഹാഘോഷങ്ങള്‍ക്കൊപ്പം ഹല്‍ദി വന്നിട്ട് രണ്ടവര്‍ഷത്തോളമേ ആയുള്ളൂ.എന്നാല്‍ ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ ഹല്‍ദി എന്നത് അനിവാര്യമായ ചടങ്ങാണ്. 

ഓര്‍ഗാനിക് രീതിയില്‍ മിക്‌സ് ചെയ്‌തെടുത്ത പച്ചമരുന്നുകളുടെ ഒരു കൂട്ടാണ് ഹല്‍ദി ചടങ്ങിനായി ഉപയോഗിക്കുക. ശരീരത്തിന്റെ പരിശുദ്ധിക്കും നിറത്തിനും മൃദുലതയ്ക്കും ഇത് വളരെ സഹായകമാണ്. ശരീരത്തില്‍ മഞ്ഞളിന്റെയും ചന്ദനത്തിന്റെയും സുഗന്ധം നിലനില്‍ക്കുമെന്നതാണ് ഈ കൂട്ടിന്റെ മറ്റൊരു സവിശേഷത.

വിവാഹത്തിന് രണ്ടുമാസം മുമ്പെ തന്നെ ഈ ട്രീറ്റ്‌മെന്റ് ഘട്ടം ഘട്ടമായി തുടങ്ങുന്നതാണ് നല്ലതെന്നാണ് ബ്യൂട്ടീഷ്യന്മാരുടെ അഭിപ്രായം. ഈ ട്രീറ്റ്‌മെന്റ് നടക്കുന്ന ദിവസങ്ങളില്‍ ശരീരത്തില്‍ മറ്റേതെങ്കിലും ക്രീമുകളോ സോപ്പോ എണ്ണയോ ഷാംപൂവോ ഉപയോഗിക്കുന്നതു നല്ലതല്ല. ഈ മിക്‌സ് ഉപയോഗിച്ച് ശരീരം വൃത്തിയാക്കുന്നതിലൂടെ കറുത്തപാടുകളുും അനാവശ്യരോമങ്ങളും ഇല്ലാതാവും.


ജാതിമത വ്യത്യാസമില്ലാതെ പവിത്രമായ ഒരു ചടങ്ങായിട്ടാണ് ആളുകള്‍ ഹല്‍ദി ആഘോഷിക്കുന്നത്. ഓരോ വീട്ടുകാരും അവരവരുടെ മതപരമായ ആചാരാനുഷ്ഠാനങ്ങളോടെ ഈ ചടങ്ങുനടത്തുന്നു. 

ഹല്‍ദി ദിവസം വധുവിനെ അണിയിക്കാനുള്ള ആയുര്‍വേദക്കൂട്ട് വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടിലേക്ക് കൊടുത്തുവിടുകയാണ് ചെയ്യുന്നത്. അന്നേ ദിവസം മഞ്ഞയോ ഇളം നിറത്തിലോ ഉള്ള വസ്ത്രമണിഞ്ഞ് പൂക്കളുപയോഗിച്ച് അലങ്കാരമണിഞ്ഞെത്തുന്ന വധുവിനെ ആദ്യം മഞ്ഞളണിയിക്കുക വീട്ടിലെ മുതിര്‍ന്ന അംഗമാണ്. അതു കഴിഞ്ഞ് അമ്മമാരും ചേച്ചിമാരും ചേട്ടത്തിമാരും, അനുജത്തിമാരും കൂട്ടുകാരുമൊക്കെയാണ്  ഈ ചടങ്ങില്‍ പങ്കെടുക്കുക.പരമാവധി സ്ത്രീകളാണ് ഈ ചടങ്ങില്‍ പങ്കെടുക്കുക. വധുവിന്റെ വീട്ടില്‍ ഈ ചടങ്ങുനടക്കുന്ന അതേ സമയം തന്നെ വരന്റെ വീട്ടിലും ഈ ചടങ്ങ് നടത്തുന്നു. 

വധൂവരന്മാരുടെ വീട്ടില്‍ ഒരേ സമയം ഈ ചടങ്ങുകള്‍ നടക്കുന്നതിലൂടെ വിവാഹശേഷമുള്ള ഇവരുടെ ദാമ്പത്യത്തിന് നന്മയും ഐശ്വര്യസമ്പൂര്‍ണ്ണതയും കൈവരുമെന്നാണ് വിശ്വാസം.

ഈ ചടങ്ങിനിടയില്‍ പെണ്‍കുട്ടിയെ സന്തോഷിപ്പിക്കുന്നതിനായി പാട്ടും ആട്ടവുമെല്ലാമുണ്ടാകും. മഞ്ഞള്‍ പുരട്ടിയ ശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞേ വൃത്തിയാക്കാവൂ. ശുദ്ധമായ പശുവിന്‍ പാലിലാണ് ആദ്യം മഞ്ഞള്‍ കഴുകി കളയേണ്ടത്. അതിനുശേഷം ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കാം.ഈ ചടങ്ങിനുശേഷം സസ്യാഹാരം ശീലമാക്കുന്നതാണ് നല്ലത്. ഇത് മനസ്സിനും ശരീരത്തിനും നല്ലതാണ്.
 

Haldi ceremony , an Indian marriage ritual

RECOMMENDED FOR YOU: