പൊട്ടുകള്‍ വിവിധ രൂപത്തിലും വലിപ്പത്തിലും

NewsDesk
പൊട്ടുകള്‍ വിവിധ രൂപത്തിലും വലിപ്പത്തിലും

ഭാരതീയ സ്ത്രീകളുടെ നെറ്റിയില്‍ ഐശ്വര്യത്തിന്റെയും കുലീനതയുടേയും ഭാഗമായി തിളങ്ങിയിരുന്ന സിന്ദൂരം എങ്ങോ മാഞ്ഞു പോയി. പുരികക്കൊടികളുടെ ഒത്ത മധ്യത്തിലായി തിലകം ചാര്‍ത്തുന്നതിന് ശാസ്ത്രീയമായും ഗുണങ്ങളുണ്ട. അല്‍പം വെളിച്ചെണ്ണയില്‍ ചാലിച്ച് സിന്ദൂരം വൃത്താകൃതിയില്‍ കഷ്ടപ്പെട്ടു വരുത്തുന്ന സ്ത്രീകളുടെ ബുദ്ധിമുട്ട് സ്റ്റിക്കര്‍പൊട്ട് ഇല്ലാതാക്കി. വട്ടപ്പൊട്ട് മാറി ഇന്ന് ഏത് രൂപത്തിലും ഭാവത്തിലും വലുപ്പത്തിലും പൊട്ടുകള്‍ ലഭ്യമായി.

 മലയാളിയും തമിഴരും പൊട്ടു കുത്തുമ്പോള്‍ ഹിന്ദിക്കാര്‍ 'തിലക'മണിയുന്നു. ബംഗാളിയില്‍ 'തിപ്', തെലുങ്കില്‍ 'തിലകം', കന്നഡയില്‍ 'തിലക', മറാത്തിയില്‍ 'തിക്ലി' ഗുജറാത്തില്‍ 'ചന്ദ്ലോ' എന്നിങ്ങനെയാണ് പൊട്ടിന്റെ ഭാഷാഭേദങ്ങള്‍. കുങ്കുമക്കുറിയില്‍നിന്നും ചാന്തുപൊട്ടില്‍നിന്നും വഴിമാറിയ പൊട്ടുകള്‍ ഇന്ന് മുത്തും കല്ലുമൊക്കെ പതിച്ച സ്റ്റിക്കര്‍പൊട്ടുകളില്‍വരെ എത്തിനില്‍ക്കുകയാണ്. 

പുരികങ്ങള്‍ക്ക് നടുവില്‍ പല നിറങ്ങളില്‍ പലതരത്തില്‍ നിറയുന്ന പൊട്ടുകള്‍ സ്ത്രീ സൗന്ദര്യത്തിന്റ അളവുകോല്‍ തന്നെയായി മാറ്റപ്പെടുന്നു. കാലമെത്ര മാറിയാലും പൊട്ട് എന്ന സങ്കല്പത്തിന് മാറ്റമുണ്ടാവില്ല.

റെഡിമെയ്ഡ് പൊട്ടുകള്‍ വിപണി കീഴടക്കിയപ്പോള്‍ പൊട്ടിന്റെ വിലയും മാറി മറിഞ്ഞു. വിലപിടിച്ച കല്ലുകളും ഡിസൈനുകളുമാണത്രേ വില നിര്‍ണയിച്ചത്. പെട്ടെന്ന് ഉപയോഗിക്കാമെന്നതും വസ്ത്രത്തിനൊപ്പം മാച്ച് ചെയ്യുന്നതും ഏറെ ഗുണം ചെയ്തു. നെറ്റിയിലെ സിന്ദൂരം കാണാക്കാഴ്ചയാവുകയും സീമന്ത രേഖയില്‍ മാത്രമായി സിന്ദൂരം ഒതുങ്ങിക്കൂടുകയും ചെയ്തു.

ഫാഷന്‍ ലോകത്തേക്കു പൊട്ടിന്റെ ശക്തമായമടങ്ങിവരവിന്റെ ആദ്യ ചലനം ദക്ഷിണേന്ത്യക്കു പുറത്തുനിന്നാണ്. 90 കളില്‍ ഇന്റര്‍നാഷനല്‍ സെലിബ്രിറ്റികളായ ജൂലിയ റോബട്സ്, മഡോണ എന്നിവര്‍ വൃത്തത്തിലുള്ള പൊട്ട് ധരിച്ചു പുതിയൊരു ഫാഷന്‍ തരംഗമുണ്ടാക്കി. മ്യൂസിക് ആല്‍ബങ്ങളില്‍ ജീന്‍സിനൊപ്പം വരെ മഡോണ വട്ടപ്പൊട്ട് ധരിച്ചു. യോഗ, ബോളിവുഡ് സ്റ്റൈല്‍ എക്സര്‍സെസുകള്‍ എന്നിവയുടെ സ്വാധീനം അമേരിക്കക്കാരെയും പൊട്ട് തൊടാന്‍ കൊതിപ്പിച്ചു. നിറപ്പകിട്ടാര്‍ന്ന ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്കൊപ്പം അവരും പൊട്ട് കുത്തി.


ബ്രൈഡല്‍ ഔട്ട് ഫിറ്റുകള്‍ക്കൊപ്പം വട്ടപ്പൊട്ടിനാണ് ഏറെ സ്ഥാനം. ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിക്കുമ്പോഴെല്ലാം വലിയ ചുവപ്പ് പൊട്ട് കുത്തി ട്രെഡീഷനല്‍ ബംഗാളി ലുക്കില്‍ ശ്രദ്ധ നേടും ബിപാഷ. ഫാഷന്‍ ലോകത്തു ചുവപ്പ് പൊട്ടിനാണ് ഏറെ ആരാധകര്‍. ബ്രൈഡല്‍ വസ്ത്രങ്ങള്‍ക്കൊപ്പവും ഫെസ്റ്റിവല്‍ വെയറുകള്‍ക്കൊപ്പവും റാംപ് ഷോകളില്‍ പൊട്ട് 2012 ല്‍ ശക്തമായ മടങ്ങിവരവ് കാണിച്ചിരിക്കുന്നു.എല്ലാ നിറങ്ങളിലും പൊട്ട് ഇപ്പോള്‍ ലഭ്യമാണ്. വെള്ള, സില്‍വര്‍ കളര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. ചാന്ത് പൊട്ട് 12 നിറങ്ങളില്‍ ലഭ്യമാണ്. സ്റ്റിക്കര്‍ പൊട്ടും ലഭിക്കും മിക്ക കളര്‍ ഷേഡിലും. അധികം അലങ്കാരങ്ങളില്ലാതെയുള്ള വട്ടപ്പൊട്ടാണു പുതിയ ട്രെന്‍ഡ്.


പല തരത്തിലുള്ള പൊട്ടുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. സ്റ്റിക്കര്‍ പൊട്ടുകള്‍,പരമ്പരാഗതമായി ഉപയോഗിക്കുന്ന ശിങ്കാറുകള്‍, പൂവിന്റെയും ഇതളിന്റെയും രൂപത്തിലുള്ള ഫ്‌ലോറല്‍ പൊട്ടുകള്‍, ചെറിയ കറുത്ത പൊട്ടുകള്‍. കോ്ട്ടണ്‍ സാരികള്‍ക്കൊപ്പം ഏറെ അനുയോജ്യമാണ് ഈ പൊട്ടുകള്‍. ചന്ദനപൊട്ടുകള്‍, സ്റ്റോണ്‍ പൊട്ടുകള്‍ -  എംബ്രോയ്ഡറി വര്‍ക്ക് ചെയ്ത വസ്ത്രങ്ങള്‍ക്കൊപ്പം കല്ലു പതപ്പിച്ച സ്റ്റോണ്‍ പൊട്ടുകള്‍ ഉപയോഗിക്കുന്നത് ട്രെന്‍ഡാണ്. വിവിധ നിറങ്ങളിലുള്ള സ്റ്റോണുകള്‍ പതിപ്പിച്ച പൊട്ടുകള്‍ ലഭ്യമാണ്. 
മൂന്നോ നാലോ ലെയറുകള്‍ ഉപയോഗിച്ച് തൊടുന്നതാണ് ലെയര്‍ ബിന്ദികള്‍.ലെയര്‍ ലുക്ക് പ്രദാനം ചെയ്യുന്ന രീതിയിലാണ് ഈ പൊട്ട് തൊടുന്നത്. വ്യത്യസ്ത നിറങ്ങളിലുള്ള ഈ പൊട്ട് സ്റ്റൈലിഷ് ആയി തൊടാന്‍ സാധിക്കും. വധുവിന് അണിയാനും വ്യത്യസ്തമായ പൊട്ടുകള്‍ ഉണ്ട്. ബ്രൈഡല്‍ പൊട്ടുകള്‍ക്ക് വിലയും ഡിമാന്റും ഏറെയാണ്. 

ഫാന്‍സി പൊട്ടുകളും ഇന്ന് ട്രെന്‍ഡാണ്.ഡയമണ്ട് ഉള്‍പ്പടെയുള്ള സ്റ്റിക്കറുകള്‍ പതിപ്പിച്ച പൊട്ടുകള്‍ക്ക് വില അല്പം കൂടുതലാണ്. സ്റ്റാര്‍ ഷെയ്പ് ബിന്ദികളും ലഭ്യമാണ്.ഇതിന് പുറമെ ആരോ ഷെയ്പിലും, പാമ്പിന്റെ ഷെയ്പിലും, മിറര്‍ ഷെയ്പിലുമുള്ള പൊട്ടുകളും ഉണ്ട്. റിസ്റ്റ് ബാന്‍ഡ് ബിന്ദി, നേവല്‍ ബിന്ദി, നെയില്‍ ആര്‍ട്ട് ബിന്ദി എന്നിങ്ങനെയും പൊട്ടുകള്‍ ഉണ്ട്. ഇവയില്‍ നേവല്‍ ബിന്ദിക്കാണ് ഡിമാന്റ്്. രണ്ട് തരത്തിലുള്ള നേവല്‍ ബിന്ദികളുണ്ട്. നേവലില്‍ ടാറ്റൂ ചെയ്ത് അതിനുമുകളില്‍ തൊടുന്ന ബിന്ദിയും നോര്‍മല്‍ നേവല്‍ ബിന്ദിയും. വിവാഹം കഴിഞ്ഞവര്‍ക്ക് സീമന്ത രേഖയില്‍ തൊടാനുള്ള ക്രിസ്റ്റല്‍ ബിന്ദികളുമുണ്ട്.

ഓരോ പ്രായക്കാര്‍ക്കും അനുയോജ്യമായ രീതിയില്‍ പൊട്ടുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വിവാഹിതരായവര്‍ക്കും അല്ലാത്തവര്‍ക്കും വിവിധ തരത്തിലുള്ള പൊട്ടുകള്‍ ലഭ്യമാണ്. സ്റ്റിക്കര്‍ പൊട്ടുകള്‍ക്ക് ഇന്നും പ്രിയം തന്നെയാണ്. സ്റ്റിക്കര്‍ പൊട്ടുകളിലാണ് ആദ്യത്തെ ഫാഷന്‍ ഇന്ന് ലഭ്യമാകുന്നത്. ഇതിന് പുറമെ റെഡിമെയ്ഡ് പൊട്ടുകളും സുലഭമാണ്. മുത്തുകളും,കല്ലുകളും,തിളങ്ങുന്ന വസ്തുക്കളും,പേള്‍സും,സ്വീകന്‍സുകളും പിടിപ്പിച്ച് അലങ്കരിച്ച പൊട്ടുകള്‍ക്കും ഡിമാന്റ് ഏറെയാണ്. ടാറ്റു രൂപത്തിലുള്ള പൊട്ടുകളും ലഭ്യമാണ്.

ചേരുന്ന പൊട്ട്

ഇന്നത്തെ ജനറേഷന് പൊട്ട് ഒരു വലിയ കാര്യമല്ല. കുത്തുപോലൊരു പൊട്ടും മണികെട്ടിയ പൊട്ടുംമടക്കം പൊട്ടുകളുടെ വൈവിദ്ധ്യങ്ങള്‍ക്ക് കയ്യും കണക്കുമില്ലാതായിരിക്കുന്നു. വേഷത്തിനും ഫാഷനുമൊത്തൊരു പൊട്ട് തിരഞ്ഞെടുക്കാനായി വീട്ടില്‍ ഡസന്‍കണക്കിന് സ്റ്റിക്കര്‍പൊട്ടുകളാണ് പലരും വാങ്ങിവയ്ക്കുന്നത്. പൊട്ടില്ലാത്തതാണ് ഫാഷനെന്നു കരുതുന്നവരും ഇന്ന് കുറവല്ല. പൊട്ടിന്റെ വിശേഷങ്ങള്‍ ഇങ്ങനെ നീളുമ്പോള്‍ മുഖത്തിനൊത്തൊരു പൊട്ടു തിരഞ്ഞെടുക്കാന്‍ എന്താണുപായം എന്നു ശങ്കിക്കേണ്ട.

  1.  വട്ടമുഖക്കാര്‍ക്ക് വലിയ പൊട്ട് തൊട്ടാല്‍ മുഖത്തിന്റെ വലുപ്പം കൂടുതലായി തോന്നും. അവര്‍ക്ക് മീഡിയം സൈസുള്ള ഓവല്‍ ഷേപ്പ് പൊട്ടാണ് ചേരുക. 
  2.  മെലിഞ്ഞ മുഖമുള്ളവര്‍ക്ക് ചെറിയ വട്ടപ്പൊട്ടുകള്‍ തടി തോന്നിപ്പിക്കും.
  3. കവിളൊട്ടിയിട്ടുള്ളവര്‍ക്ക് ചെറിയ ഗോപിപ്പൊട്ട് നന്നായി ചേരും.
  4. ദീര്‍ഘവൃത്താകൃതിയിലുള്ള മുഖമുള്ളവര്‍ക്ക് ചെറിയ വട്ടപ്പൊട്ടുകളും ഡിസൈന്‍പൊട്ടുകളും ചേരും.
  5. സ്‌ക്വയര്‍, ത്രികോണാകൃതിയിലുള്ള മുഖമുള്ളവര്‍ക്ക്് ബോര്‍ഡര്‍ ഉള്ള പൊട്ടുകള്‍ ചേരില്ല്. ത്രികോണാകൃതിയിലുള്ള പൊട്ടുകള്‍ ഇവര്‍ക്ക് പരീക്ഷിക്കാം.
  6. കുഞ്ഞു നെറ്റിത്തടമുള്ളവര്‍ക്ക് നീണ്ട പൊട്ടും വലിയ നെറ്റിയുള്ളവര്‍ക്ക് വലിയ വട്ടപ്പൊട്ടുമാണ് ചേരുക.
  7. വെളുത്ത നിറമുള്ളവര്‍ക്ക് ഏറ്റവും ഇണങ്ങുന്ന പൊട്ട് ചുവപ്പു പൊട്ടാണ്. ഇരുനിറക്കാര്‍ക്ക് ഇളംനിറമുള്ള പൊട്ടുകളും ഇരുണ്ട നിറക്കാര്‍ക്ക് പിങ്ക്, ചന്ദനം തുടങ്ങിയ നിറങ്ങളും യോജിക്കും.
Fashion trends in bindis, types of bindis

RECOMMENDED FOR YOU: