ചോറുകൊണ്ടുള്ള അപ്പം തയ്യാറാക്കാം

NewsDesk
ചോറുകൊണ്ടുള്ള അപ്പം തയ്യാറാക്കാം

ബാക്കി വരുന്ന ചോറു വെറുതെ കളയേണ്ടതില്ല. രുചികരമായ പലഹാരം തയ്യാറാക്കിയെടുക്കാവുന്നതാണ്. വൈകീട്ട് ചായക്കൊപ്പം കഴിക്കാവുന്ന മധുരപലഹാരം മിച്ചം വരുന്ന ചോറുപയോഗിച്ച് തയ്യാറാക്കുന്നതെങ്ങിനെയെന്ന് നോക്കാം.
 

ചേരുവകള്‍

ശര്‍ക്കര - 2 എണ്ണം (മധുരത്തിന് അനുസരിച്ച് എണ്ണത്തില്‍ മാറ്റം വരാം)
ചോറ് - ഒന്നരകപ്പ്
തേങ്ങാപ്പാല്‍ - ഒരു കപ്പ് 
നെയ്യ്- 2 സ്പൂണ്‍ ( കൂടുതലുമാവാം)
ഏലക്കായപ്പൊടി - അല്പം
ഉപ്പ് - ഒരു നുള്ള്
അരിപ്പൊടി/ മൈദ / കോണ്‍ഫ്‌ലോര്‍ - രണ്ട് ടേബിള്‍സ്പൂണ്‍
 

അലങ്കാരത്തിന് 

കപ്പലണ്ടി, കടലപരിപ്പ്, തേങ്ങാക്കൊത്ത്, വെളുത്ത എള്ള്, അണ്ടിപരിപ്പ് ഇവയിലേതെങ്കിലും 

ഒന്നര കപ്പ് ചോറ് അല്പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. നല്ല പേസ്റ്റ് രൂപത്തിലാണ് അരയ്‌ക്കേണ്ടത്.  മുക്കാല്‍ കപ്പ് ശര്‍ക്കര, അരക്കപ്പ് വെള്ളം ചേര്‍ത്ത് അലിയിച്ചെടുക്കുക.  രണ്ട് ടേബിള്‍സ്പൂണ്‍ അരിപ്പൊടി അല്ലെങ്കില്‍ മൈദ അല്ലെങ്കില്‍ കോണ്‍ഫ്‌ലോര്‍ കാല്‍കപ്പ വെള്ളത്തില്‍ അലിയിക്കുക. 

അലിയിച്ചരിച്ചെടുത്ത ശര്‍ക്കരവെള്ളം ഒരു പാനിലേക്ക് ഒഴിക്കുക. ഇതിലേക്ക് അരച്ചെടുത്ത ചോറ് ചേര്‍ക്കുക. നന്നായി ഇളക്കിചേര്‍ത്ത ശേഷം എടുത്തു വച്ചിരിക്കുന്ന തേങ്ങാപ്പാല്‍ ചേര്‍ക്കാം. തിളവന്നു തുടങ്ങിയാല്‍ അരിപ്പൊടി കലക്കിവച്ചത് ചേര്‍ക്കാം. ഇനി നന്നായി ഇളക്കി കൊണ്ടിരിക്കണം. തിളച്ച് അല്പം കുറുകി വരുമ്പോള്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കാം. നന്നായി കുറുകി വരുമ്പോള്‍ ഇതിലേക്ക് അല്പം ഏലക്കായപ്പൊടി ചേര്‍ക്കുക. ഈ സമയത്ത് അപ്പത്തിന് രുചി കൂട്ടുന്നതിനായി അണ്ടിപരിപ്പ് അല്പം പൊടിച്ചത് ചേര്‍ത്തെളുക്കാം. പാത്രത്തില്‍ നിന്നും ഇളകിവരുന്ന പരുവമാവുമ്പോള്‍ അല്പം കൂടി നെയ്യ് ചേര്‍ത്തിളക്കാം. 

നന്നായി പാത്രത്തില്‍ നിന്നും വിട്ടുവരുന്ന പരുവമാവുമ്പോള്‍ തീ അണച്ച് ഒരുക്കി വച്ചിരിക്കുന്ന പാത്രത്തിലേക്ക്(ഏത് ഷേയ്പ്പിലുമുള്ള പാത്രമെടുക്കാം) അല്പം നെയ്യ് പുരട്ടി അടിയില്‍ തേങ്ങയോ അണ്ടിപരിപ്പോ കടലയോ എള്ളോ ഏതെങ്കിലും അലങ്കാരത്തിനായി ഇട്ടശേഷം മാവ് ഇതിലേക്ക് ഒഴിക്കുക. മുകളിലും അലങ്കാരത്തിനായി അണ്ടിപരിപ്പ് ചേര്‍ക്കാം.


അല്പസമയം സെറ്റ് ചെയ്യാനായി മാറ്റി  വയ്ക്കാം. നന്നായി തണുത്തുകഴിഞ്ഞാല്‍ പാത്രത്തില്‍ നിന്നും മാറ്റി മുറിച്ച് കഴിക്കാം. ഫ്രിഡ്ജില്‍ വയ്‌ക്കേണ്ട കാര്യമില്ല.

കുറിപ്പ് : 

  • ശര്‍ക്കര നിറം കുറവാണെങ്കില്‍ കാല്‍കപ്പ് പഞ്ചസാര അല്പം വെള്ളം ചേര്‍ത്ത് കാരമലൈസ് ചെയ്ത് മാവിലേക്ക് ചേര്‍ക്കാം.
  • നെയ്യ് രുചി കൂട്ടുന്നതിനാണുപയോഗിക്കുന്നത്. നെയ്യ് ഒഴിവാക്കേണ്ടവര്‍ നോണ്‍്‌സ്റ്റിക്ക് പാത്രമുപയോഗിച്ചാല്‍ മതിയാവും.
  • അലങ്കാര വസ്തുക്കള്‍ ലഭ്യതയ്ക്കനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. 
  • തേങ്ങാപ്പാലും ഒഴിവാക്കി വെറും മൂന്ന് ചേരുവകള്‍ ഉപയോഗിച്ചും ഉണ്ടാക്കാവുന്നതാണ്. തേങ്ങാപ്പാല്‍ ചേര്‍ക്കുകയാണെങ്കില്‍ രുചി കൂടും. 

 
sweet using cooked rice

RECOMMENDED FOR YOU: