ചോറിനൊപ്പവും ചപ്പാത്തിക്കും ഏതുതരം റൊട്ടിക്കൊപ്പവും ഉപയോഗിക്കാവുന്ന രുചികരമായ ഒരു കറിയാണ് പനീര്‍ മസാല. ഇന്ത്യന്‍ വിഭവങ്ങളില്‍ പ്രശസ്തവുമാണ് ഈ പനീര്‍ മസാല.
വെജിറ്റേറിയന്‍ ഭക്ഷണശീലമുള്ളവര്‍ എവിടെ പോയാലും തിരഞ്ഞെടുക്കുക പനീര്‍ വിഭവങ്ങളായിരിക്കും. നമുക്ക് ഇത് വീട്ടില്‍ തന്നെ തയ്യാറാക്കാം. പനീര്‍ രുചികരം എന്നതിനൊപ്പം ആരോഗ്യപ്രദവുമാണ്. കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുള്ള പനീര്‍ സ്ത്രീകള്‍ക്കും വളരെ നല്ലതാണ്.
ആവശ്യമുള്ള സാധനങ്ങള്‍
പനീര്‍ 250 ഗ്രാം ചെറിയ ക്യൂബുകളായി മുറിച്ചെ
ടുത്തത്
സവാള - മീഡിയം വലിപ്പത്തിലുള്ള 2 എണ്ണം
ഇഞ്ചി - 11/2 ടീസ്പൂണ്‍ ചെറുതായി അരിഞ്ഞത്
3-4 വെളുത്തുള്ളി അല്ലി
തക്കാളി - 3 മീഡിയം വലിപ്പം
6-8 കശുവണ്ടി പരിപ്പ് (15 മിനിറ്റ് നേരം വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക)
വഴന ഇല (കറുവ ഇല) - ഒരു ചെറിയ കഷ്ണം
പച്ചമുളക് - 2എണ്ണം ചീന്തിയത്
പാല്‍ - അരക്കപ്പ്
കസ്തൂരി മേത്തി - 2 ടീസ്പൂണ്‍
ഗരം മസാല - 1/2 ടീസ്പൂണ്‍
മല്ലിപൊടി - 1 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
ഫ്രഷ് ക്രീം - 2 ടേബിള്‍ സ്പൂണ്‍
വെണ്ണ - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തണുത്ത പനീര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ചൂടുവെള്ളത്തില്‍ ഇട്ട് തണുപ്പ് മാറ്റി എടുക്കണം. പനീര്‍ രുചികരമായി തീരും.
സവാളയും ഇഞ്ചിയും വെളുത്തുള്ളിയും മിക്‌സിയിലിട്ട് അരച്ചെടുക്കുക. കശുവണ്ടി പരിപ്പ് വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. തക്കാളി തൊലി കളഞ്ഞ് നന്നായി അരച്ചെടുക്കുക.
പാന്‍ അടുപ്പില്‍ വച്ച് ഓയില്‍ നന്നായി ചൂടാക്കുക. ഇതിലേക്ക് സവാള പേസ്റ്റും വഴനയിലയും ഇട്ട് നന്നായി വഴറ്റി എടുക്കുക.
ഇതിലേക്ക് പച്ചമുളകും മുളകുപൊടിയും ചേര്‍ത്ത് അല്പസമയം വഴറ്റുക. എന്നിട്ട് കശുവണ്ടി പേസ്റ്റും ചേര്‍ക്കുക.2മിനിറ്റു സമയം ഇളക്കി ചേര്‍ക്കുക.
ഇതിലേക്ക് തക്കാളി പേസ്റ്റ് ചേര്‍ത്ത് ഓയില്‍ തെളിഞ്ഞു വരുന്നതുവരെ ചൂടാക്കുക.മല്ലിപൊടിയും ഗരം മസാലയും ഈ ഘട്ടത്തില്‍ ചേര്‍ക്കാം. എന്നിട്ട് പാലും വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച ശേഷം ഇതിലേക്ക് പനീരും കസ്തൂരി മേത്തിയും ചേര്‍ക്കാം. രണ്ടു മിനിറ്റ് വേവിച്ച ചാറ് കുറുക്കി എടുക്കാം. ഇതിലേക്ക് മല്ലിയിലയും ഫ്രഷ് ക്രീമും ചേര്‍ത്തു വാങ്ങാം.