കുന്നും മലനിരകളും കാട്ടാറുമൊഴുകുന്ന ഇടുക്കിയിലേക്ക് നിങ്ങൾ പോയിട്ടുണ്ടോ? മഞ്ഞിന്റെ കുളിരും , ആറിന്റെ തണുപ്പുമറിഞ്ഞ് തനി ഇടുക്കി കാരുടെ ഭക്ഷണമൊന്ന് കഴിക്കണം ,,,,ന്നാ പിന്നെ ഉറപ്പാണ് വായിൽ രുചിയുടെ കപ്പലുതന്നെ ഓടിക്കും ഇടുക്കിക്കാർ.
കാടിനെയും , വന്യമൃഗങ്ങളെയുമൊക്കെ മെരുക്കി രാപകൽ പണിയെടുക്കുന്ന ഇടുക്കിക്കാരുടെ തനത് വിഭവമാണ് ഏഷ്യാഡ്, പേര് കേട്ടിട്ട് കപ്പൊക്കെ കിട്ടുന്ന വല്ല ഐറ്റമാണെന്ന് കരുതണ്ട, ഇത് ഇടുക്കികാരുടെ സ്പെഷ്യൽ ഭക്ഷണമാണ്, അതും ഒരിക്കൽ കഴിച്ചാൽ അതിന്റെ രുചിയിൽ നമ്മൾ വീണുപോകുന്ന ഐറ്റം. നമ്മുടെ കപ്പ ബിരിയാണി അതാണ് ഇടുക്കിയുടെ ഏഷ്യാഡ്.
ഇടുക്കിയിലെ നല്ല എരിവുള്ള കാന്താരിയും, മറ്റെങ്ങും ഇല്ലെന്ന് തോന്നിപ്പിക്കുന്നത്ര വാസനയുള്ള മസലക്കൂട്ടുകളും ചേർത്ത് ഉണ്ടാക്കുന്ന എഷ്യാഡിന്റെ ടേസ്റ്റ് അതറിയുക തന്നെ വേണം.
ന്യൂ ജനറേഷന്റെ ഭാഷയിൽ പറഞ്ഞാൽ ഇത് കിടുക്കും, തിമിർക്കും. നന്നേ പുലർച്ചെ മുതൽ രാവന്തിയാകുവോളം പണിയെടുക്കുന്ന ഇടുക്കികാർക്കിത് സമ്പുഷ്ട ഭക്ഷണമെന്ന് പറഞ്ഞാലും തെറ്റില്ല. അല്ലേലും ഇടുക്കികാരുടെ ഭക്ഷണമൊക്കെ വേറെ ലെവലാണ് ഭായി.
ചക്ക സീസണായാൽ കുമ്പിളപ്പവും, പല തരം പുഴുക്കുകളും , കാന്താരി ചമ്മന്തിയും, ഉണക്ക ഇറച്ചിയും, ഡാമുകളിൽ നിന്നും കിട്ടുന്ന പേരറിയാവുന്നതും അല്ലാത്തതുമായ മീനുകളെ വറുത്തും , വാഴയിലയിൽ വാട്ടിയും, കുരുമുളകിട്ട പോർക്കും എന്നിങ്ങനെ നീളും ഇടുക്കി കാരുടെ ഭക്ഷണത്തിന്റെ ലിസ്റ്റ് .
അപ്പോ നമ്മൾ പറഞ്ഞ് വന്നത് ഏഷ്യഡിനെക്കുറിച്ചാണ്, നല്ല എരിവും മസാല മണവുമുള്ള അടിപൊളി ഐറ്റം. കപ്പയും ഇറച്ചിയുമിട്ടും എല്ലു ചേർത്തും ഇടുക്കി കാരിത് അങ്ങ് ഗംഭീരമായുണ്ടാക്കി കളയും . നല്ല തണുപ്പത്ത് ഒരു കട്ടനും കൂട്ടി ഏഷ്യാഡ് കഴിക്കണ സുഖം അറിയണമെങ്കിൽ അങ്ങ് ഇടുക്കിക്ക് തന്നെ പോകേണ്ടി വരും.