തങ്ങളുടെ മതവിശ്വാസമേതാണെങ്കില്‍ പോലും ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും പ്രവാസികളായ ഇന്ത്യക്കാര്‍ക്കും പരസ്പരം വിവാഹിതരാകുന്നതിനുള്ള പ്രത്യേക വിവാഹനടപടികള്‍ വ്യവസ്ഥ ചെയ്യുന്നതാണ് പ്രത്യേക വിവാഹ നിയമം (സ്‌പെഷ്യല്‍ മാര്യേജ് ആക്ട് 1954) എന്ന നിയമം.
2008 ഫെബ്രുവരി 29ന് നിലവില്‍ വന്ന കേരളസര്‍ക്കാര്‍ അനുശാസിച്ച ചട്ട പ്രകാരം കേരളത്തില്‍ നടക്കുന്ന എല്ലാ വിവാഹങ്ങളും വിവാഹം നടന്ന് 45 ദിവസത്തിനകം ,വിവാഹം നടന്ന പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷനിലോ രജിസ്റ്റര്‍ ചെയ്യണമെന്നാണ്. 2013 കേരളസര്‍ക്കാര്‍ സര്‍ക്കുലര്‍ അനുസരിച്ച് പെണ്‍കുട്ടിക്ക് 18 വയസ്സും ആണ്‍കുട്ടിക്ക് 21 വയസ്സും പൂര്‍ത്തിയായിരിക്കണം.
വിവാഹരജിസ്‌ട്രേഷന് താഴെ പറയുന്ന രേഖകള്‍ ആവശ്യമാണ്.
1. അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് അപേക്ഷ ഫോം
2. വിവാഹ ക്ഷണക്കത്ത്
3. വിവാഹ ഫോട്ടോ
4. അപേക്ഷകന്റെ പേരില്‍ 10 രൂപയുടെ മുദ്രപത്രം
5. വധൂവരന്മാരുടെ 2 ജോഡി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
6. വയസ്സ്, ജനന തീയ്യതി എന്നിവ തെളിയിക്കുന്ന രേഖ
7. മതാചാരപ്രകാരം വിവാഹം നടന്നതിനുള്ള രേഖ.
ഈ രേഖകളുമായി വധൂവരന്മാര്‍ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ഹാജരായാല്‍ വിവാഹ രജിസ്ട്രറില്‍ ഒപ്പ് വെയ്പിക്കും. രജിസ്‌ട്രേഷന്‍ ഫീസായി 100 രൂപയും എക്‌സ്ട്രാ ഫീസായി 20രൂപയും പഞ്ചായത്ത് ഓഫീസില്‍ അടക്കണം.രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ പഞ്ചായത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. 45 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാഞ്ഞാല്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതി വാങ്ങി പിഴ അടച്ച് രജിസ്റ്റര്‍ ചെയ്യാം.
വിവാഹരജിസ്‌ട്രേഷന്‍ എന്തിന്
1954 ഒക്ടോബര്‍ 9ന് അംഗീകരിച്ച നിയമം 1954 ഡിസംബര്‍ 17ന് നിലവില്‍ വന്നു. വിദേശത്തുവെച്ച് മതചടങ്ങുകള്‍ പ്രകാരം വിവാഹം നടത്തുവാന്‍ സാധിക്കാത്ത ഇന്ത്യാന്‍ വംശജരായ പ്രവാസികള്‍ക്ക് വിവാഹ ഓഫീസര്‍മാരായ (രജിസ്‌ട്രേഷന്‍ ഓഫീസര്‍) നയതന്ത്ര ഉദ്യോഗസ്ഥര്‍ മുന്‍പാകെ വിവാഹം നടത്തുവാന്‍ സംവിധാനം ഉണ്ടാക്കുക.മതപരമായ വിവാഹം മുമ്പ് നടത്തിയവര്‍ക്കും ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കും
ഈ നിയമ പ്രകാരം വിവാഹിതരായവരുടെയും രജിസ്റ്റര്‍ ചെയ്തവരുടെയും അവരുടെ മക്കളുടെയും പിന്തുടര്‍ച്ച, സാധാരണഗതിയില്‍ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരമായിരിക്കും
ദമ്പതികള്‍ ഇരുവരും ഹിന്ദു, ബുദ്ധ, ജൈന, സിഖ് മത വിശ്വാസികളാണെങ്കില്‍ അവര്‍ക്ക് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം തന്നെയായിരിക്കും ബാധകമാകുക.ഈ നിയമപ്രകാരം വിവാഹിതരാകുന്നതിന് ചില വ്യവസ്ഥകള്‍ ബാധകമാണ്. വിവാഹിതരാകുന്ന പുരുഷനോ സ്ത്രീക്കോ ജീവിച്ചിരിക്കുന്ന മറ്റൊരു ജീവിതപങ്കാളി ഉണ്ടാകുവാന്‍ പാടില്ല. ഏതെങ്കിലും ഒരു കക്ഷിക്ക് വിവാഹത്തിന് സാധുവായ സമ്മതം നല്‍കുവാന്‍ തക്കതായ മാനസികാരോഗ്യം ഇല്ലാതിരിക്കുക.അഥവാ, സാധുവായ സമ്മതം നല്‍കാനുള്ള കഴിവുണ്ടെന്നിരിക്കിലും മാനസികരോഗത്തിന് അടിപ്പെട്ടിരിക്കുകയോ പ്രത്യുല്പാദനത്തിനോ ദാമ്പത്യജീവിതം നയിക്കുന്നതിനോ ശേഷിയില്ലാതരിക്കുക അഥവാ,തുടര്‍ച്ചയായ ഭ്രാന്തോ, അപസ്മാരമോ ഉണ്ടാവുക , എന്നിവ ഉള്ളവര്‍ക്ക് വിവാഹം രെജിസ്റ്റര്‍ ചെയ്യാന്‍ നിയമം അനവദിക്കുന്നില്ല .
വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പഞ്ചായത്ത് ഓഫീസില്‍ സാധ്യമല്ല. ഏതെങ്കിലും ഒരു മതവിഭാഗത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത രേഖയും അംഗീകരിക്കില്ല. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവര്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.