ബംഗളൂരുവില്‍ ഏപ്രില്‍ മുതല്‍ ഐഫോണ്‍ നിര്‍മ്മിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു.ഫോണുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നല്‍കേണ്ടിവരുന്ന അധികതീരുവ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയാണിത്.
ബംഗളൂരുവിനടുത്തെ വ്യവസായകേന്ദ്രമായ പീന്യയിലാണ് ആപ്പിള്‍ ഉല്പന്നങ്ങളുടെ ഫാക്ടറി വരുന്നത്.
തായ്വാന്‍ കേന്ദ്രമായുള്ള വിസ്റ്റണ്‍ ഒഇഎസ്(ഒറിജിനല്‍ എക്വിപ്‌മെന്റ് മാനുഫാക്ചറര്‍) ആണ് ആപ്പിളിനുവേണ്ടി മൊബൈല്‍ ഫാക്ടറി ബംഗളൂരുവില്‍ തുടങ്ങുന്നത്.അടുത്ത ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ബംഗളൂരുവിലെ ആപ്പിളിന്റെ രണ്ടാമത്തെ വലിയ പ്രഖ്യാപനമാണിത്. ആപ്പിള്‍ ടിവി, ആപ്പിള്‍ വാച്ചുകള്‍ എന്നിവയുടെ സോഫ്റ്റ്് വെയര്‍ നിര്‍മ്മാണത്തിനായി ഇന്ത്യന്‍ ഡെവലപ്പേഴ്‌സിനെ ഉള്‍പ്പെടുത്തി കൊണ്ട് ആപ്പിള്‍ സോഫ്റ്റ് വെയര്‍ ശൃംഖല എന്ന ആശയം കഴിഞ്ഞ മെയ് മാസത്തില്‍ അവതരിപ്പിച്ചിരുന്നു. ഇത് താമസിയാതെ തന്നെ പ്രവര്‍ത്തനം തുടങ്ങും.
മഹാരാഷ്ട്രയില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ നേരത്തെ തായ്വാനിലെ ഒഇഎസ് കമ്പനിയായ ഫോക്‌സോണ്‍ നേരത്തെ കരാറൊപ്പിട്ടിരുന്നു. എന്നാല്‍ അവര്‍ ആപ്പിളിനു പുറമെ ഷവോമി, വണ്‍ പ്ലസ്,തുടങ്ങിയ കമ്പനികളുമായും കരാറിലേര്‍പ്പെട്ടതോടെ ആപ്പിളിന്റെ സ്വന്തം നിര്‍മ്മാണകേന്ദ്രമെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമായില്ല.
ആപ്പിള്‍ ഉല്പന്നങ്ങള്‍ക്ക് ഇന്ത്യയിലെ മിഡില്‍ ക്ലാസിനിടയിലുള്ള വന്‍ഡിമാന്റ് കണക്കിലെടുത്താണിത്. 2015 ഒക്ടോബര്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെയുള്ള കാലഘട്ടത്തില്‍ മാത്രം 25ലക്ഷം ഐഫോണുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചതെന്ന് ഹോങ്കോം കേന്ദ്രമായ കൗണ്ടര്‍ പോയന്റ് ടെക്‌നോളജിയുടെ സര്‍വെകണക്കുകള്‍ സൂചിപ്പിക്കുന്നു.ഐഫോണ്‍ വില്‍പനയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 56 ശതമാനം വര്‍ധനയാണ് ഇ്ന്ത്യയില്‍ രേഖപ്പെടുത്തിയത്.