പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഹിന്ദി, മറാത്തി, പഞ്ചാബി, കന്നട,തമിഴ്, മലയാളം തുടങ്ങി ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമെ ഹോളിവുഡ്, പാകിസ്താനി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നാടകരംഗത്തു നിന്നുമാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.
1950 ഒക്ടോബര്‍ 18 ന് ഹരിയാനയിലെ അംബാലയിലാണ് ജനനം.ഹരിയാനയിലും പഞ്ചാബിലുമായിട്ടായിരുന്നു താമസം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രാമയിലും പഠിച്ചു.
കച്ചവടസിനിമകള്‍ക്കൊപ്പം സമാന്തര സിനിമകളിലും ശ്രദ്ധേയനായിരുന്നു ഓംപുരി. പ്രശസ്ത ചലച്ചിത്ര നടന്‍ നസറുദ്ദീന്‍ ഷായുടെ സഹപാഠിയാണ്.
1976ല്‍ പുറത്തിറങ്ങിയ ഘാഷിരാം കോട്വാല്‍ ആണ് ആദ്യ സിനിമ. മറാഠി ചിത്രമായിരുന്നു ഇത്. തുടര്‍ന്ന് വിവിധ ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. പുരാവൃത്തം, കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ആടുപുലിയാട്ടം തുടങ്ങിയ മലയാളസിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2016ല്‍ പുറത്തിറങ്ങിയ പാക് ചിത്രം ആക്ടര്‍ ഇന്‍ ലോ ആണ് അവസാന ചിത്രം.1988ല്‍ ഭാരത് ആക് ഖോജ് എന്ന ദൂരദര്‍ശന്‍ പരമ്പരയിലും 2003ല്‍ സെക്കന്‍ഡ് ജനറേഷന്‍ എന്ന ബ്രിട്ടീഷ് പരമ്പരയിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
1981 ല്‍ ആക്രോശ് എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് .ആരോഹണ്‍ (1982),അര്‍ധസത്യ(1984) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടനുള്ള ദേശീയപുരസ്‌കാരം എന്നിവ ലഭിച്ചു. 1990ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.
കലാമൂല്യവും കച്ചവടമൂല്യവും ഉള്ള ചിത്രങ്ങളില്‍ പങ്കാളിയാവാന്‍ ഇദ്ദേഹത്തിന് സാധിച്ചു. വ്യത്യസ്തമായ പല റോളുകളും ചെയ്തു. സ്വഭാവ നടന്‍, സീരിയസ് റോളുകള്‍ എന്നിവയ്‌ക്കൊപ്പം കോമഡീറോളുകളിലും തിളങ്ങി. ചാച്ചി 420,ഹേര ഫേരി, ചോര്‍ മചായെ ഷോര്‍, തുടങ്ങീ സിനിമകളില്‍ ഹാസ്യ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.