കഴിഞ്ഞ വർഷം വേഗത്തിൽ കടന്നു പോയി. ഏവരേയും വീടുകളിൽ തളച്ചിട്ട കോവിഡ് കാലം. കോവിഡിനെ തുടർന്ന് ഫാഷൻ ലോകവും ഏറെ മാറി. ഔദ്യോഗിക വേഷങ്ങളെല്ലാം അപ്രത്യക്ഷമായി, അലമാരകളുടെ ഇരുണ്ട കോണുകളിലേക്ക് ഒതുങ്ങി മാറിയ ഔദ്യോഗിക വസ്ത്രങ്ങളുടെ സ്ഥാനത്തേക്ക് സ്റ്റൈലൻ ഹോം വിയറുകൾ കടന്നുവന്നു. ഫാഷൻ ലോകത്തെ പുതിയ ട്രന്റായി ഇവ മാറുകയും ചെയ്തു. നീളൻ വസ്ത്രങ്ങൾ റെക്കോർഡ് ബ്രെയ്ക്ക് ചെയ്യുന്ന കാഴ്ചയും ഓൺലൈൻ ഷോപ്പിംഗ് ലോകം കാണുകയുണ്ടായി. 2021ലും വർക്ക് ഫ്രം ഹോം തുടരുകയാണ്. കോവിഡ് കാലത്തെ ഫാഷൻ ട്രന്റ്സ് ഈ വർഷവും തുടരുമെന്ന് തീർച്ച.
ഫാൻസി ഫേസ്മാസ്കുകൾ
2021ലെ ഫാഷനെ പറ്റി പറയുമ്പോൾ ഒഴിച്ചുകൂടാനാവത്തവയാണ് ഫേസ് മാസ്കുകൾ. നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഫേസ്മാസ്കുകൾ. പലതരത്തിലുള്ള ഫേസ്മാസ്കുകളാണ് കഴിഞ്ഞ വർഷം വിപണിയിലെത്തിയത്. കുട്ടികൾക്കായി കാർട്ടൂൺ കഥാപാത്രങ്ങളുള്ളവയും ധരിക്കുന്ന വസ്ത്രങ്ങൾക്ക് യോജിച്ചവയും പലനിറത്തിലും പ്രിന്റുകളിലും , ഓരോരുത്തരുടേയും മുഖം ആലേഖനം ചെയ്തിട്ടുള്ളതുമായ മാസ്കുകൾ വരെ ഉണ്ടായിരുന്നു.
പൈജാമ സെറ്റുകൾ
നൈറ്റ്സ്യൂട്ടായിരുന്ന പൈജാമകൾ വീട്ടിൽ തന്നെയിരുന്ന കോവിഡ് കാലത്ത് പകൽവസ്ത്രവുമായി മാറി. കോളറുകളുള്ള ഷർട്ടുകൾക്കൊപ്പം പൈജാമകളും ട്രന്റായി. താരങ്ങൾ ഇൻഡോറിലും ഔട്ട്ഡോറിലും ഇത്തരം വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
കുർത്തകൾ
കുർത്തകൾ എത്ത്നിക് തന്നെ വേണമെന്നില്ല. അയഞ്ഞ കുർത്തകൾക്കൊപ്പം അയഞ്ഞ ട്രൗസർ പാന്റ്സുകളും, പലാസോകളും വർക്ക് ഫ്രം ഹോം വസ്ത്രങ്ങളായി. സൂം കോളുകളിലും ഇവ ഇൻഫോർമൽ അല്ലാതായി മാറി.
മാക്സി ഡ്രസുകൾ
സോഫ്റ്റ് ഫാബ്രികുകൾ ഉപയോഗിച്ചുള്ള ന്യൂട്രൽ കളറുകളിലെ മാക്സി ഡ്രസുകൾ നിത്യേന അണിയാനും വളരെ എളുപ്പമായിരുന്നു. സ്കാർഫുകളും ജാക്കറ്റുകളും ഇവയ്ക്ക് ഭംഗിയേറ്റി. വീഡിയോ കോൺഫറൻസിംഗുകളിലും ഇവ ട്രന്റായിത്തീർന്നു. പോണി ടെയിലും, ഉണക്കി പാറി കിടക്കുന്ന മുടി, ബൺ ചെയ്ത മുടിയും ഇതിനൊപ്പം യോജിച്ചു.
ജോഗറുകൾ
ജോഗറുകൾ ആണിനും പെണ്ണിനും ഒരു പോലെ പ്രിയപ്പെട്ടതാണ്. 2020 ലെ ഈ ചോയ്സ് ഈ വർഷവും തുടരുമെന്ന് തീർച്ച. മുകളിലേക്ക് ഷർട്ടും ഫോർമലുകളും തിരഞ്ഞെടുക്കുന്നവർ താഴേക്ക് പൈജാമകളും ജോഗറുകളും തിരഞ്ഞെടുത്തു.
ജെഗ്ഗിങ്ങുകൾ
ജീൻസിന്റേയും ലെഗ്ഗിൻസിന്റേയും ക്രോസ് ആയ ജെഗിങ്ങുകൾ ഏറെ പ്രചാരം നേടി. കുർത്തകൾക്കും, വലിപ്പമേറിയ ടോപ്പുകൾക്കും, സ്വെറ്റ് ഷർട്ടുകൾക്കും, ടീ ഷർട്ടുകൾക്കും, ടാങ്ക് ടോപ്പുകൾക്കുമൊപ്പം ചേരുന്ന ഇവ ഏറെ സുഖപ്രദമാണ്. ജെഗ്ഗിങ്സിൽ വർക്ക് ചെയ്ത് കൊണ്ടിരിക്കെ പുറത്തേക്ക് പോവേണ്ടി വന്നാലും ഡ്രസ് മാറ്റേണ്ടതില്ല.
കഫ്താനുകൾ
ഇറാഖിൽ നിന്നെത്തിയ കഫ്താനുകൾ ഏറെ പ്രചാരത്തിലായിത്തീർന്നു 2020ൽ. ഇത് 2021ലും തുടരുമെന്ന് തീർച്ച. ലോകത്തെവിടെയും എളുപ്പം ലഭ്യമാണ് കഫ്താനുകൾ. പലതരത്തിലുളള ഫാബ്രിക്കുകളിൽ ലഭ്യമാണ്. സിൽക്, കോട്ടൻ, റയോൺ തുടങ്ങി പല നീളത്തിലും കഫ്താനുകൾ തയ്ച്ചെടുക്കാം. ഇന്ത്യയിലെ വേനൽക്കാലത്തിനും ഏറെ യോജിച്ചവയാണ് കഫ്താനുകൾ.