പെണ്ണിന് ആഭരണങ്ങള്‍ എന്നും അലങ്കാരമാണ്. എന്നാല്‍ എല്ലായ്‌പ്പോഴും അതണിഞ്ഞു നടക്കാനും പുതിയവ വാങ്ങാനും വില കാരണം സാധിക്കില്ല. എന്നാല്‍ സ്വര്‍ണ്ണവും വെള്ളിയുമല്ലാത്ത അത്രയും വില വരാത്ത ആഭരണം ഓക്‌സിഡൈസ്ഡ് ആഭരണങ്ങള്‍ ഇന്ന് യുവത്വത്തിന് ഹരമായിക്കൊണ്ടിരിക്കുകയാണ്. ഏതു സാഹചര്യത്തിലും ഏത് വസ്ത്രത്തിനൊപ്പവും ഇണങ്ങുമെന്നതും വില അധികമില്ല എന്നതും എല്ലാവരെയും ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്.
ജര്‍മ്മന്‍ സില്‍വര്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഓക്‌സിഡൈസ്ഡ് സില്‍വര്‍ സ്വര്‍ണ്ണമോ വെള്ളിയോ അല്ല. കോപ്പറില്‍ എലോയ് കോട്ടിംഗ് ചെയ്യുന്നവയാണിവ. വിലയും കുറവാണ് വെള്ളിയേക്കാളും. തൊണ്ണൂറുകളില്‍ യുവത്വത്തിന്റെ മനം കവര്‍ന്ന ബ്ലാക്ക് മെറ്റല്‍, വൈറ്റ് മെറ്റല്‍ ആഭരണങ്ങള്‍ തിരശ്ശീലയ്ക്ക് പിറകിലേക്ക് മാറിയിരിക്കുകയായിരുന്നു. ഇന്ന് ഓക്‌സിഡൈസ്ഡ് ആഭരണങ്ങളുടെ രൂപത്തില്‍ ഇവ മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. ഏതു തരം വസ്ത്രത്തിനൊപ്പവും ഇണങ്ങുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
സാരിക്കൊപ്പവും ജീന്‍സിനൊപ്പവും ഇണങ്ങുന്ന ആഭരണങ്ങള്‍ പല രൂപത്തിലും ഭാവത്തിലും ലഭ്യമാണ്. മാലകള്‍, മൂക്കുത്തി, കമ്മലുകള്‍ ഇവയെല്ലാമുണ്ട്.
കമ്മലുകളില്‍ ഏറ്റവും പ്രചാരം ജുമ്ക്കയ്ക്കു തന്നെ. ഫാന്‍സി സാരിക്കൊപ്പവും ട്രഡീഷണല്‍ സാരിക്കൊപ്പവും ഒരു പോലെ ഇണങ്ങുമിവ.
ജുമ്ക്കകള്‍ അനാര്‍ക്കലി സ്യൂട്ട്‌സിനും, ലഹങ്കയ്‌ക്കൊപ്പവും, സാരിയുടെ കൂടെയും അണിയാം. നയന്‍താര, സാമന്ത, തൃഷ തുടങ്ങി ഒട്ടേറെ സെലിബ്രിറ്റികള്‍ ഡിസൈനര്‍ വേഷങ്ങള്‍ക്കൊപ്പം ഓക്‌സിഡൈസ്ഡ് ആഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നു.അപ്പോള്‍ പിന്നെ അതിന്റ ഭംഗി എത്രയായിരിക്കുമെന്ന് വിവരിക്കേണ്ടതില്ലല്ലോ.
മാലകള്‍ പലരൂപത്തില്‍ ലഭ്യമാണ്. നൂലുകളുടെ വര്‍ണ്ണത്തിലും വലിപ്പത്തിലും വ്യത്യാസം വരുത്തിയും മാലകളില്‍ പുതുമ നല്‍കാം. പുതിയ നിയമം സിനിമയ്ക്കുവേണ്ടി നയന്‍താര ഇത്തരം മാലകളാണ് തിരഞ്ഞെടുത്തിരുന്നത്. എല്ലാത്തരം വസ്ത്രത്തിനൊപ്പവും ഇത്തരം മാലകള്‍ അണിയാം.
ഇറക്കം കുറഞ്ഞ നെക്ക്‌ലസ് രൂപത്തിലും നൂലില്‍ കോര്‍ത്തിരിക്കുന്ന വലിയ പെന്‍ന്റന്റുകളായും ഇവയുണ്ട്. പരമ്പരാഗത ഡിസൈനുകള്‍ ഇതില്‍ ചെയ്‌തെടുക്കാം. ട്രഡീഷണല്‍ സാരിക്കൊപ്പവും ഫാന്‍സി സാരിക്കൊപ്പവും ഒരുപോലെ അണിയാം.
ഇപ്പോഴത്തെ ട്രന്റാണ് ഓക്‌സിഡൈസ്ഡ് മൂക്കുത്തികള്‍. മൂക്കുത്തികളിലും തികച്ചും വ്യത്യസ്തമായ രീതിയില്‍ ഡിസൈനുകള്‍ ചെയ്‌തെടുക്കാം. കാവ്യയും പാര്‍വ്വതിയുമെല്ലാം സിനിമകളില്‍ ഉപയോഗിച്ചിരിക്കുന്നതുപോലെ.
വളകള്‍ ആഭരണങ്ങളില്‍ ഒഴിച്ചുകൂടാനാവത്തവയാണ്. സാധാരണ കുപ്പിവളകളില്‍ നിന്നും സ്വര്‍ണ്ണവളകളില്‍ നിന്നും വ്യത്യസ്തമായി ഓകിസിഡൈസ്ഡ് വളകള്‍ ഡെനിമിനൊപ്പവും ചുരിദാറിനൊപ്പവും നന്നായിണങ്ങും.