പോസ്റ്റ് ഓഫീസിലും സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങാം, സേവനം തീര്‍ത്തും സൗജന്യമായി..

NewsDesk
പോസ്റ്റ് ഓഫീസിലും സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങാം, സേവനം തീര്‍ത്തും സൗജന്യമായി..

ചെറിയ ചെറിയ നിക്ഷേപങ്ങള്‍ക്കും മറ്റുമായി ബാങ്കിനെ ആശ്രയിക്കേണ്ടിവരുമ്പോള്‍ നല്‍കേണ്ടിവരുന്ന സര്‍വീസ് ചാര്‍ജുകള്‍ പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം വളരെയധികമാവും. എന്നാല്‍ ഒരു രൂപപോലും സര്‍വീസ് ചാര്‍ജ് ഇല്ലാത്ത സേവിംഗ്‌സ് അക്കൗണ്ടുകള്‍ പോസ്റ്റ് ഓഫീസുകളില്‍ തുടങ്ങാനാവുമെന്ന് അറിയുന്നവര്‍ വളരെ കുറവാണ്. ഇന്ത്യന്‍ പോസ്റ്റല്‍ സെര്‍വീസ് അവതരിപ്പിച്ചിരിക്കുന്ന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ സേവനങ്ങള്‍ പരിപൂര്‍ണ്ണമായും സൗജന്യമാണ്.

മറ്റ് ബാങ്കുകള്‍ മിനിമം ബാലന്‍സ് ആയി വലിയ തുകകള്‍ ആവശ്യപ്പെടുമ്പോള്‍ പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് തുറക്കാന്‍ 50രൂപയുടെ ആവശ്യമേ ഉള്ളൂ.അക്കൗണ്ട് തുറക്കുന്നതോടെ എടിഎം കാര്‍ഡിനുള്ള അപേക്ഷ ഫോറവും അവിടെ നിന്നും ലഭിക്കും. വിസ/റുപേ ഡെബിറ്റ് കാര്‍ഡാണ് പോസ്റ്റ് ഓഫീസ് അക്കൗണ്ടില്‍ നിന്നും ലഭിക്കുക. ഈ കാര്‍ഡ് ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായും ഉപയോഗപ്പെടുത്താം. പോസ്റ്റ് ഓഫീസ് എടിഎമ്മുകള്‍ക്കു പുറമെ ഏത് എടിഎമ്മിലും ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാം. സേവനം എല്ലായിടത്തും സൗജന്യമാണ്. 

ചെക്ക്ബുക്ക് വേണമെന്നുള്ളവര്‍ മിനിമം ബാലന്‍സ് ആയി 500 രൂപ നിര്‍ത്തേണ്ടതുണ്ട്. വേണ്ടാത്തവര്‍ക്ക് 50രൂപ മതി. അക്കൗണ്ട് സജീവമായി നിലനിര്‍ത്താനായി മൂന്നുവര്‍ഷത്തിനിടെ ഒരു തവണയെങ്കിലും ഇടപാടുകള്‍ നടത്തണം.

പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് തുടങ്ങാനായി അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ആധാര്‍ കാര്‍ഡും,ഫോട്ടോയുമായി ചെല്ലുക മാത്രമേ വേണ്ടൂ. വലിയ തുകയുടെ ഇടപാടുകള്‍ നടത്തുന്നവര്‍ പാന്‍കാര്‍ഡ് കൂടി നല്‍കണം. ജോയിന്റ് അക്കൗണ്ടുകളും പോസ്റ്റ് ഓഫീസില്‍ തുടങ്ങാം. നിക്ഷേപങ്ങള്‍ക്ക് നാല് ശതമാനം പലിശയും പോസ്റ്റ് ഓഫീസ് നല്‍കും. ഒരു സാമ്പത്തികവര്‍ഷത്തെ 10000രൂപ വരെയുള്ള പലിശയ്ക്ക് നികുതിയിളവും ലഭ്യമാണ്.

പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളും ഒരിടത്തുനിന്നും മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് മാറ്റാനാവും. രാജ്യത്തെ ഹെഡ്‌പോസ്റ്റ് ഓഫീസുകളില്‍ ഇതിനോടകം തന്നെ പോസ്റ്റല്‍ എടിഎം പ്രവര്‍ത്തിച്ചു തുടങ്ങി. മാര്‍ച്ച് അവസാനത്തോടെ കേരളത്തിലെ 51 ഹെഡ് പോസ്റ്റ് ഓഫീസുകളിലും 5 സബ് പോസ്റ്റ് ഓഫീസുകളിലും പോസ്റ്റല്‍ വകുപ്പിന്റെ എടിഎം മെഷീന്‍ സ്ഥാപിക്കും.
 

Savings accounts can open through post offices

RECOMMENDED FOR YOU: