പ്രശസ്ത സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു. 67 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഒക്ടോബര്‍ 24ന് ചെന്നൈ സാലിഗ്രാമിലുള്ള ഉള്ള വസതിയില്‍ വച്ച് 11 മണിയോടെ മരിച്ചു. ഭാര്യ സീമയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.
മലയാളത്തില്‍ ഏറ്റവും പ്രശസ്തനായ സംവിധായകനായിരുന്നു. എക്കാലത്തേയും മികച്ച സംവിധായകനായ അദ്ദേഹം 150ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
1975ല്‍ കെപി ഉമ്മര്‍ നായകനായ ഉത്സവമാണ് ആദ്യ സിനിമ. 2009ല്‍ ഇറങ്ങിയ വെള്ളത്തൂവല്‍ ആയിരുന്നു അവസാന ചിത്രം. ഇതാ ഇവിടെ വരെ, അവളുടെ രാവുകള്‍, അതിരാത്രം, കാണാമറയത്ത്, ആവനാഴി, കരിമ്പിന്‍ പൂവിനക്കരെ, അടിയൊഴുക്കുകള്‍,അടിമകള്‍ ഉടമകള്‍, 1921, അക്ഷരതെറ്റ്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ദേവാസുരം തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. മമ്മൂട്ടി , മോഹന്‍ലാല്‍ എന്നിവര്‍ക്ക് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ന്നത് ഐവി ശശി ചിത്രങ്ങളിലൂടെയാണ്.
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയാണ്. കലാസംവിധായകനായിട്ടാണ് സിനിമയിലെ തുടക്കം.ആലപ്പി ഷെറീഫ് - ഐവി ശശി കൂട്ടുകെട്ടില്‍ ഒരുപാടു ഹിറ്റ് ചിത്രങ്ങള്‍ 70കളുടെ അവസാനത്തില്‍ പുറത്തിറങ്ങി. എംടി, പത്മരാജന്‍, ടി ദാമോദരന്‍ എന്നിവര്‍ക്കൊപ്പവും സിനിമയെടുത്തു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് , ഹിന്ദി ഭാഷകളിലും തന്റെ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ ഐവി ശശി. 1982ല്‍ ആരൂഢം എന്ന ചിത്രത്തിന്‍ മികച്ച ദേശീയോദ്ഗ്രഥന സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഒട്ടേറെ തവണ ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.