പ്രശസ്ത ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു. കൊച്ചിയിലെ സ്വവസതിയില്‍ തിങ്കഴാഴ്ച(17-09-2018) രാവിലെയായിരുന്നു അന്ത്യം.
മലയാളസിനിമയില്‍ വിവിധ വേഷങ്ങളില്‍ തിളങ്ങിയ ക്യാപ്റ്റന്‍ രാജു 500ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ തെലുഗ്, തമിഴ്,കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഇതാ ഒരു സ്‌നേഹഗാഥ, മി.പവനായി 99.99 എന്നീ ചിത്രങ്ങളിലൂടെ സംവിധായകനുമായി താരം. നിരവധി സീരിയലുകളിലും അദ്ദേഹം വേഷമിട്ടു.വില്ലന്‍ വേഷങ്ങളിലും സഹതാരമായും തിളങ്ങിയിരുന്നു.
ജൂണ്‍ മാസത്തില്‍ വിമാനത്തില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടുത്തെ ചികിത്സയ്ക്ക് ശേഷം കൊച്ചിയിലെത്തി ചികിത്സ തുടര്‍ന്നു വരികയായിരുന്നു.
പ്രമീളയാണ് ഭാര്യ. ഏകമകന്‍ രവിരാജ്. രവിരാജ് വിദേശത്താണ്. മകന്‍ നാട്ടിലേക്കെത്തിയ ശേഷമായിരിക്കും സംസ്‌കാരം നടത്തുക.അതുവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിക്കും.
സൈനികസേവനത്തിന് ശേഷം 1981ല്‍ പുറത്തിറങ്ങിയ രക്തം എന്ന ചിത്രത്തിലൂടെയാണ് ക്യാപ്റ്റന്‍ രാജു സിനിമയിലേക്കെത്തുന്നത്. ആദ്യകാലങ്ങളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന രാജുവിന് പവനായി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകൊടുത്തു.മാസ്റ്റര്‍പീസ് ആണ് അവസാനം അഭിനയിച്ച ചിത്രം.