എടിഎം അക്കൗണ്ടുകള്‍ എങ്ങനെ സുരക്ഷിതമാക്കാം

NewsDesk
എടിഎം അക്കൗണ്ടുകള്‍ എങ്ങനെ സുരക്ഷിതമാക്കാം

പണമിടപാടുകള്‍ക്കായി ബാങ്കുകളെ കൂടുതലായി ആശ്രയിക്കുന്ന ഈ കാലത്ത് എടിഎം മെഷീനുകളുടെ ആവശ്യകത തള്ളികളയാവുന്ന ഒന്നല്ല. ആവശ്യമുള്ളപ്പോള്‍ ബാങ്കില്‍ പോയി കാത്തുനില്‍ക്കാതെ തന്നെ പണം പിന്‍വലിക്കാന്‍ സാധിക്കുന്നു എന്നത് തന്നെ എടിഎം മെഷീനുകളുടെ സ്വീകാര്യത കൂട്ടി. എടിഎം മെഷീനുകളുടെ ഉപയോഗം വര്‍ദ്ധിച്ചതോടൊപ്പം തന്നെ അതുപയോഗിച്ചുള്ള തട്ടിപ്പും വര്‍ദ്ധിച്ചു വരികയാണ്. 

ബാങ്കുകള്‍ എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തിയാണ് എടിഎം കാര്‍ഡുകള്‍ (ഡെബിറ്റ്/ക്രഡിറ്റ്) നല്‍കുന്നത്. എന്നാല്‍ കൂടി എടിഎം കാര്‍ഡുകളുടെ സുരക്ഷിതത്വത്തിന്ന ഉപയോക്താക്കള്‍ കൂടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

  1.  ഒറ്റപ്പെട്ടുകിടക്കുന്ന എടിഎം കൗണ്ടറുകള്‍ ഉപയോഗിക്കാതിരിക്കുക. രാത്രികാലങ്ങളില്‍ പ്രത്യേകിച്ചും തിരക്കുള്ള സ്ഥലത്തെ മെഷീനുകള്‍ ഉപയോഗിക്കുക. ബാങ്കുകളിലെ എടിഎം കൗണ്ടറുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. 
  2.  ഉപയോഗിക്കും മുമ്പ് മെഷീനുകള്‍ പരിശോധിക്കുന്നത് നല്ലതാണ്. എടിഎം തട്ടിപ്പുകാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ചെറിയ ക്യാമറകളോ മറ്റു ഉപകരണങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ വിവരമറിയിക്കാം.കൂടാതെ പിന്‍കോഡ് ടൈപ്പ് ചെയ്യും മുമ്പ് കീബോര്‍ഡ് കൈകള്‍ ഉപയോഗിച്ച് മറച്ച് പിടിക്കുന്നത് വളരെ നല്ലതാണ്.
  3. ബാങ്ക് ഇടപാടുകള്‍ക്ക് എസ്എംഎസ് അലേര്‍ട്ടുകള്‍ ഉറപ്പ് വരുത്തുക. അക്കൗണ്ടില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപാടുകളോ മറ്റോ ഉണ്ടായാല്‍ ഉടന്‍ വിവരമറിയാന്‍ സാധിക്കും.
  4.  ബാങ്ക് അധികൃതര്‍ കാര്‍ഡ് വിവരങ്ങള്‍ ഇമെയിലിലോ ഫോണിലോ ആവശ്യപ്പെടില്ല. അതുകൊണ്ട് അത്തരം ഫോണ്‍കോളുകളോടും ഇമെയിലുകളോടും പ്രതികരിക്കേണ്ടതില്ല.
  5.  ഇടക്കിടെ പിന്‍നമ്പര്‍ മാറ്റുന്നത് അക്കൗണ്ട് സുരക്ഷ ഉറപ്പാക്കും. കൂടാതെ സങ്കീര്‍ണ്ണമായ പിന്‍കോഡുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഓണ്‍ലൈന്‍ ഷോപ്പിംഗ് സമയത്ത് ജെനറേറ്റാവുന്ന ഒടിപി കള്‍ ആരുമായും കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കുക.
  6.   നിങ്ങള്‍ ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പര്‍, ഇമെയില്‍ എന്നിവ മാറ്റിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് വിവരങ്ങളറിയിച്ച് സുരക്ഷ ഉറപ്പുവരുത്തണം.
  7.  എടിഎം കാര്‍ഡുകള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ ബാങ്കില്‍ വിവരമറിയിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുക.

RECOMMENDED FOR YOU: