തൃക്കാര്‍ത്തിക - കാര്‍ത്തിക ദീപം

NewsDesk
തൃക്കാര്‍ത്തിക - കാര്‍ത്തിക ദീപം

വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാളില്‍ ആഘോഷിക്കുന്ന ദീപങ്ങളുടെ ഉത്സവമാണ് തൃക്കാര്‍ത്തിക. സാധാരണ പൗര്‍ണ്ണമി ദിനത്തിലാണ് തൃക്കാര്‍ത്തിക വരാറ്.2017ല്‍ ഡിസംബര്‍ 3നാണ് തൃക്കാര്‍ത്തിക.
തെക്കന്‍ കേരളത്തില്‍ ഭവനങ്ങളിലും തെരുവുകളിലും മണ്‍ചിരാതുകളില്‍ ദീപം തെളിയിച്ച് കാര്‍ത്തിക ആഘോഷമാക്കുന്നു.


തൃക്കാര്‍ത്തിക ഏതെങ്കിലും ദേവിയുമായോ ദേവനുമായോ ബന്ധപ്പെട്ടതല്ല. എന്നാല്‍ കേരളത്തില്‍ മിക്കവാറും ആളുകള്‍ തൃക്കാര്‍ത്തികയെ ശക്തി ദേവിക്കായി സമര്‍പ്പിച്ചിരിക്കുന്നു.
 

തമിഴ്‌നാട്ടിലാണ് തൃക്കാര്‍ത്തികയ്ക്ക് ഏറെ പ്രാധാന്യം. കേരളത്തിലും പ്രത്യേകിച്ച് തെക്കന്‍ കേരളത്തില്‍ തൃക്കാര്‍ത്തിക പ്രധാനമാണ്. കേരളത്തില്‍ തൃക്കാര്‍ത്തിക ദേവിയുടെ ജന്മനക്ഷത്രമായാണ് ആഘോഷിക്കുന്നത്. തമിഴ്‌നാട്ടില്‍ സുബ്രഹ്മണ്യ സ്വാമിയുടെ ജന്മദിനമായാണ് ഇത് ആഘോഷിക്കുന്നത്.

അഗ്‌നി നക്ഷത്രമാണ് കാര്‍ത്തിക. ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകമാണ് അഗ്‌നി. നക്ഷത്രത്തിന് പൂര്‍ണ്ണബലം സിദ്ധിക്കുന്നത് പൗര്‍ണ്ണാതിഥിയിലാണ്. കാര്‍ത്തിക നക്ഷത്രവും പൗര്‍ണ്ണമിയും ഒരുമിച്ചു വരുന്നത് തൃക്കാര്‍ത്തിക ദിവസമാണ്. തൃക്കാര്‍ത്തിക ദിവസം ദേവിയുടെ പ്രത്യേക സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം.

മത്സ്യ മാംസാദികള്‍ ഉപേക്ഷിച്ച് വ്രതമെടുത്താണ് ഭക്തര്‍ തൃക്കാര്‍ത്തിക ആഘോഷിക്കുന്നത്. തൃക്കാര്‍ത്തികയ്ക്ക് മുമ്പായി എല്ലാവരും വീടെല്ലാം വൃത്തിയാക്കും, ദേവിയെ ഭവനത്തിലേക്ക് വരവേല്‍ക്കുന്നതിനായാണിത്. ഈ ദിവസം പടക്കങ്ങള്‍ ഉപയോഗിക്കാറില്ല് എന്നതാണ് പ്രത്യേകത,കാരണം ഇത് സമാധാനത്തിന്റേയും നിശ്ശബ്ദതയുടെയും ഉത്സവമാണ്.

കാര്‍ത്തിക വിളക്കുകള്‍ കുരുത്തോല കൊണ്ടും വാഴപ്പോള കൊണ്ടും മറ്റും അലങ്കരിക്കും. പശുവിനേയും മറ്റും വളര്‍ത്തുന്നവര്‍ അവയുടെ ആലയും ദീപങ്ങളാല്‍ അലങ്കരിക്കും. കാര്‍ത്തിക പുഴുക്ക് എന്ന പ്രത്യേക പലഹാരവും ഉണ്ടാ്ക്കും. കാര്‍ത്തിക പുഴുക്ക് കപ്പ, ചേന, മറ്റു കിഴങ്ങുകള്‍ എന്നിവ പുഴുങ്ങി അതില്‍ നിറയെ തേങ്ങ ചിരകിയതും ഇട്ടാണ് ഉണ്ടാക്കുന്നത്.തിരുവനന്തപുരത്ത് പുഴുക്കിന് പകരം ഇല അപ്പം ആണ് ഉണ്ടാക്കുന്നത്.

പൗര്‍ണ്ണമിയും തൃക്കാര്‍ത്തിക വിളക്കും വളരെ മനോഹരമായ ഒരു കാഴ്ച തന്നെയാണ്. തുളസീ ദേവിയുടെ ജനനം തൃക്കാര്‍ത്തിക നക്ഷത്രത്തില്‍ ആയിരുന്നു എന്നും സുബ്രഹ്മണ്യനെ എടുത്തുവളര്‍ത്തിയത് കാര്‍ത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായ കൃത്തികാ ദേവിമാരായിരുന്നു എന്നും ഉള്ള വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ തുളസി, സുബ്രഹ്മണ്യന്‍, വിഷ്ണു എന്നിവരെയും ഈ ദിനത്തില്‍ പ്രീതിപ്പെടുത്താം. തൃക്കാര്‍ത്തിക ദീപം തെളിയിക്കുന്ന വീട്ടില്‍ മഹാലക്ഷ്മി വസിക്കും എന്നാണ് ഐതിഹ്യം.

Thrikkarthika or karthika deepam

RECOMMENDED FOR YOU: