നല്ല അമ്മയാകാന്‍...

NewsDesk
നല്ല അമ്മയാകാന്‍...

കുട്ടികള്‍ എപ്പോഴും നന്നായി പെരുമാറണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷെ കുട്ടികള്‍ വാശി പിടിച്ചാല്‍ അതു കുട്ടികളേക്കാള്‍ കൂടുതല്‍ മോശമായി ബാധിക്കുന്നത് അമ്മയെയായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുട്ടികള്‍ മോശമായി പെരുമാറുന്നത് അമ്മമാരുടെ കുറ്റവും വളര്‍ത്തുദോഷവും കൊണ്ടു മാത്രമല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കുട്ടികള്‍ മാനസികമായും ശാരീരികമായും വളരുന്നതിന്റെ തെളിവുകളാണിത്. അതു പക്ഷെ മാതാപിതാക്കള്‍ക്ക് വെല്ലുവിളിയായിരിക്കുമെന്നു മാത്രം. ആദ്യമായി അമ്മയാകുന്ന സ്ത്രീകളില്‍ അമ്മയായി ഒരു വര്‍ഷം കഴിഞ്ഞുണ്ടാകുന്ന മാനസികസംഘര്‍ഷങ്ങളേക്കാള്‍ കൂടുതലായിരിക്കും നാലു വയസ്സു പൂര്‍ത്തിയാകുന്ന കാലത്തില്‍ ഉണ്ടാകുന്നതെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഒരു അമ്മയുടെ ജോലിയും ഉത്തരവാദിത്വവും വളരെ വലുതാണ്. തന്റെ മക്കളെ ഭാവിയിലെ നല്ല പൗരന്മാരാക്കി മാറ്റാന്‍ നല്ല രീതിയില്‍ വളര്‍ത്തിയെടുക്കേണ്ട പ്രഥമ ഉത്തരവാദിത്വം അമ്മയ്ക്കാണ്. തന്റെ കുട്ടികള്‍ക്ക് നല്ല അമ്മയായിരിക്കണെന്നാണ് എല്ലാ അമ്മമാരുടെയും ആഗ്രഹം. എന്നാല്‍ ഇാ കാര്യം സാധിച്ചെടുക്കുക അത്ര എളുപ്പമല്ല. ഇത് സാധിച്ചെടുക്കാന്‍ ഏറ്റവും പ്രധാനമായും വേണ്ടത് നമ്മളും ഒരു കുട്ടിയായി മാറുക എന്നതാണ്.


1. കുട്ടികള്‍ക്ക് നല്ല പിന്തുണ കൊടുക്കാന്‍ ശ്രമിക്കുക.

കുട്ടികള്‍ക്ക എല്ലാ കാര്യവും ചെയ്ത് കൊടുത്ത് ശീലിപ്പിക്കുന്നതിനു പകരം അവര്‍ക്ക് സ്വയം ചെയ്യാനുള്ള പിന്തുണ നല്‍കുക. അവരുടെ ഇഷ്ടങ്ങളെയും, വിനോദങ്ങളേയും സുഹൃത്തുക്കളേയും വിലകുറച്ചു കാണാതിരിക്കുക. കുട്ടികള്‍ക്ക് സ്വയം നല്ല തീരുമാനങ്ങള്‍ എടുക്കാനുള്ള പ്രാപ്തിയാണ് മാതാപിതാക്കള്‍ ഉണ്ടാക്കി കൊടുക്കേണ്ടത്. അല്ലാതെ മാതാപിതാക്കളുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയല്ല.

2. നല്ല അമ്മയാകാന്‍ നല്ല ക്ഷമയുള്ളവരായിരിക്കുക

പണ്ടുള്ളവര്‍ പറയാറുണ്ട് സ്ത്രീ ഭൂമിയോളം ക്ഷമയുള്ളവരാവണമെന്ന്. സ്ത്രീ, അമ്മയാണ് അല്ലെങ്കില്‍ ആവേണ്ടവളാണ്. തന്റെ കുഞ്ഞുങ്ങളെ കുടുംബത്തിലും സമൂഹത്തിലും നല്ലവരായി വളര്‍ത്താന്‍ അവള്‍ ആദ്യം ചെയ്യേണ്ടത് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നുള്ളതാണ്. ക്ഷമയോടെ അവരുടെ അഭിപ്രായങ്ങള്‍ കേട്ട് നല്ലതിനെ പിന്തുണയ്ക്കുകയും ചീത്തതിനെ എന്തുകൊണ്ട് ചീത്തതാണെന്ന് മക്കളെ ബോധ്യപ്പെടുത്തി കൊടുക്കുകയും വേണം.

3. കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങളെ തീരെ അവഗണിക്കാതിരിക്കുക.

കുട്ടികള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ അവരെ പ്രോത്സാഹിപ്പിക്കാം. ചിത്രം വരയ്ക്കാന്‍ ഇഷ്ടപ്പെടുന്ന കുട്ടിയ്ക്ക് കാന്‍വാസ് വാങ്ങി നല്‍കാം. ഇഷ്ടങ്ങള്‍ എന്തൊക്കെയായാലും കൈയടി വാങ്ങുന്നത് കുട്ടികള്‍ക്ക് വളരെയിഷ്ടമുള്ള കാര്യമാണ്. അംഗീകരിക്കപ്പെടുന്നത് ആത്മവിശ്വാസം വളര്‍ത്തും. സഭാകമ്പവും മാറും.

4. കുട്ടികളുടെ കൂടെ ചിലവഴിക്കാന്‍ സമയം കണ്ടെത്തുക.

ഇന്നത്തെ തിരക്കുപിടിച്ച കാലത്ത് കുട്ടികള്‍ക്കൊപ്പം ചിലവഴിക്കാന്‍ ആര്‍ക്കും സമയമില്ല. എന്നാല്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം കൂട്ടുകൂടാനായി നമുക്കു കുറച്ചു സമയം മാറ്റി വയ്ക്കാം. അത് അവര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും.സ്വയം ഒരുങ്ങാനും മറ്റുള്ളവരെ ഒരുക്കാനും പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഒരുപാടിഷ്ടമാണ്. ഒരു ദിവസം അതിനായി കുട്ടി ബ്യൂട്ടീഷനു മുന്നില്‍ ഇരുന്നു കൊടുക്കുക. അവരെ ഒരുക്കുകയുമാവാം. തിരക്കുപിടിച്ച് ഇന്നത്തെ ലോകത്ത് കുട്ടികള്‍ ടെലിവിഷനും വീഡിയോ ഗെയിമുകള്‍ക്കും ,മൊബൈല്‍ ഫോണുകള്‍ക്കും അടിമകളായിക്കൊണ്ടിരിക്കുന്നു. ഇത് അവരുടെ ഭാവിയെ തന്നെ നശിപ്പിച്ചേക്കാം. കുട്ടികളെ അല്പനേരം നിര്ബന്ധമായും കളിക്കാന്‍ പ്രേരിപ്പിക്കുക. അവരോടൊപ്പം നമുക്കും കൂടാം. നമുക്കൂം കുട്ടികള്‍ക്കും ഇത് ഒരു പുത്തനുണര്‍വ് നല്‍കുമെന്ന് തീര്‍ച്ച. അടുക്കളയില്‍ പാകം ചെയ്യുമ്പോള്‍ ഇടയ്‌ക്കൊക്കെ കുട്ടികളേയും ഒപ്പം കൂട്ടാം.ഒരുമിച്ച് പാചകം ചെയ്യുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതുമൊക്കെ ബന്ധങ്ങളുടെ ആഴം കൂട്ടും.
ഉത്സവങ്ങള്‍ വന്നാല്‍ വീടൊരുക്കാനും മറ്റും കുട്ടികളേയും ഒപ്പം കൂട്ടാം. 

5. മക്കളുടെ ഏത് ആവശ്യങ്ങളും കേള്‍ക്കുമ്പോഴേക്കും നിരസിക്കാതിരിക്കുക.

കുട്ടികളുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കാന്‍ സാധിച്ചെന്നു വരില്ല. എന്നാല്‍ അവര്‍ക്ക് വിഷമം തോന്നാത്ത രീതിയില്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിക്കുക. അവരുടെ ആവശ്യങ്ങള്‍ക്കായി പണം സൂക്ഷിച്ചു വയ്ക്കാനും അവരെ പഠിപ്പിക്കുക.

6. നമ്മുടെ ചെറിയ സന്തോഷങ്ങളെ ആഘോഷമാക്കാം..


അനിയന്റെ വക ചേച്ചിക്കൊരു സര്‍പ്രൈസ് സമ്മാനം കൊടുപ്പിക്കാം. അതുപോലെ തിരിച്ചും. ഗിഫ്റ്റ് വാങ്ങുന്നതും ഒളിപ്പിച്ചു വയ്്ക്കുന്നതും കുസൃതിയുമെല്ലാം കുട്ടികള്‍ നന്നായി ആസ്വദിക്കും. 


നിങ്ങളുടെ കുട്ടി അടുത്ത വീട്ടിലെ കുട്ടിയെ പോലെയാകണമെന്നില്ല. ഇതുകൊണ്ടുതന്നെ അടുത്ത വീട്ടിലെ അമ്മയെ അനുകരിയ്ക്കാന്‍ നിങ്ങള്‍ ശ്രമിയ്ക്കേണ്ട. നിങ്ങളുടെ കുട്ടിയെ മനസിലാക്കി അതിനനുസരിച്ച അമ്മയായി മാറുക. അതുപോലെ നിങ്ങളുടെ കു്ട്ടിയെ അയലത്തെ കുട്ടിയുമായി താരമത്യപ്പെടുത്താതിരിയ്ക്കുക.

7. കുട്ടികള്‍ക്ക് അവരുടെ ചെറുതും വലുതുമായ കാര്യങ്ങള്‍ പങ്കുവെയ്ക്കാനുള്ള ഒരു നല്ല സുഹൃത്തായി മാറുക

കുട്ടികളുടെ വര്‍ത്തമാനങ്ങളും സ്‌കൂള്‍ വിശേഷങ്ങളും ക്ഷമയോടെ കേള്‍ക്കുക. അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വെയ്ക്കാനുള്ള ഒരു നല്ല സുഹൃത്തായി മാറാം. 
ഞ്ഞിന് അല്ലെങ്കില്‍ കുട്ടിയ്ക്ക് ഒന്നും അറിയില്ലെന്ന ധാരണ വേണ്ട. ചില സന്ദര്‍ഭങ്ങളിലെങ്കിലും നിങ്ങളുടെ കുട്ടിയായിരിയ്ക്കും ശരി. കുട്ടിയാണെന്നു കരുതി അവരുടെ വാക്കുകള്‍ക്കു വില കൊടുക്കാതിരിയ്ക്കരുത്. അവരുടെ അഭിപ്രായങ്ങള്‍ക്കു വില കല്‍പ്പിയ്ക്കാതിരിയ്ക്കരുത്.

നമുക്കു നമ്മുടെ കുഞ്ഞുങ്ങളെ മറ്റെന്തിനേക്കാളും അധികം സ്‌നേഹിക്കാം. നമ്മള്‍ അവരെ സ്‌നേഹിച്ചാല്‍ അവര്‍ നമ്മളെയും സ്‌നേഹിക്കും.

How to be a good mom

RECOMMENDED FOR YOU: