കരുതല്‍ വേണം കുഞ്ഞിക്കാതുകള്‍ക്ക്

NewsDesk
കരുതല്‍ വേണം കുഞ്ഞിക്കാതുകള്‍ക്ക്

കുഞ്ഞുവാവകള്‍ നിര്‍ത്താതെ കരഞ്ഞും ഞെളിപിരികൊണ്ടും ചിലപ്പോള്‍ അമ്മമാരെ ഭയപ്പെടുത്താറുണ്ട്. സംസാരിക്കാന്‍ തുടങ്ങിയിട്ടില്ലാത്ത കുഞ്ഞുങ്ങളുടെ ഇത്തരം പ്രകടനങ്ങള്‍ക്ക് കാരണം മിക്കവാറും ചെവി ആയിരിക്കും.ജലദോഷവും കണ്ണിലുള്ള അലര്‍ജിയും മറ്റു സൂചനകള്‍ തരുമ്പോള്‍ ചെവിയിലെ അണുബാധ ഒളിഞ്ഞിരുന്നാണ് കുഞ്ഞുങ്ങളെ വിഷമിപ്പിക്കുന്നത്.

മുതിര്‍ന്നവരേക്കാള്‍ കുഞ്ഞുങ്ങളിലാണ് ചെവിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍. ചെവിയുടെ ഘടനയും തുടരെതുടരെ കുട്ടികള്‍ക്കുണ്ടാകുന്ന ജലദോഷവും ഇതിന് കാരണമാകുന്നു.

മുതിര്‍ന്നവരുടെ ഇയര്‍ കനാലിന് 45ഡിഗ്രി ചരിവുണ്ടാകും. എന്നാല്‍ കുഞ്ഞുങ്ങളില്‍ ഇത് നേരെയായിരിക്കും. പൊടിയും മറ്റും ഉള്ളില്‍ കടക്കുന്നതിന് അണുബാധയ്ക്കും ഇത് ഇടവരുത്തുന്നു.ഇതുകൂടാതെ ജലദോഷം വരുമ്പോള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഛര്‍ദ്ദിക്കുമ്പോഴും മറ്റും മൂക്കിലെ അണുബാധ മൂലമുള്ള പഴുപ്പ് ചെവിയിലേക്കെത്തുന്നു. 

കിടന്നുകൊണ്ടു മുലപ്പാല്‍ കൊടുക്കുന്നതും ചെവിക്കകത്തെ അണുബാധയ്ക്ക് കാരണമാകുന്നു. പാല്‍ കുടിച്ചുകൊണ്ട് കുഞ്ഞ് ഉറങ്ങിപ്പോയാല്‍ പാല്‍ തൊണ്ടയില്‍ കെട്ടിനില്‍ക്കുകയും അത് പതിയെ ചെവിയിലേക്ക് ഇറങ്ങി അണുബാധയ്ക്ക് കാരണമാകുന്നു. 
 
ചെവിയുടെ പ്രശ്‌നങ്ങള്‍ കാരണമാണോ കുഞ്ഞുങ്ങള്‍ കരയുന്നതെന്ന് എങ്ങനെ മനസ്സിലാക്കാം

  • കുട്ടി കരയുന്നതിനൊപ്പം ചെവി പിടിച്ചു വലിക്കുകയോ ചെവിയില്‍ തട്ടുകയോ ചെയ്യുന്നുണ്ടോയെന്ന് ശ്രദ്ധിക്കാം.
  • കുഞ്ഞുങ്ങള്‍ രാത്രിയില്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍
  • ചെറിയ ശബ്ദങ്ങളോട് പ്രതികരിക്കാതിരിക്കുകയാണെങ്കില്‍
  • ചെവിയില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള ശ്രവങ്ങള്‍ വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കാം.
  • മറ്റു കാരണങ്ങളൊന്നുമില്ലാതെ തന്നെ രാത്രിയില്‍ പനി കൂടിയാലും ചെവിയിലെ അണുബാധ സംശയിക്കാം. രാത്രി കിടക്കുമ്പോള്‍ അണുബാധയുള്ളിടത്ത് നീരുവരുന്നതു കാരണം ചെവി വേദനയുമുണ്ടാകും.

ചെവിയിലെ വിയര്‍പ്പ് ഗ്രന്ഥികളും അഴുക്കും എല്ലാം കലര്‍ന്ന ഒന്നാണ് ചെപ്പി. സാധാരണയായി ചെപ്പി ചെവിയിലെ വരള്‍ച്ച ഇല്ലാതാക്കുകയും ചെവിക്കകത്ത് അന്യജീവികള്‍ കടന്നാല്‍ അതിനെ പിടിച്ചു നിര്‍ത്തുകയും ചെയ്യും. ചിലരുടെ ചെവിയുടെ ആകൃതിയിലുള്ള വ്യത്യാസവും ചെവിയുടെ ചെറിയ ദ്വാരങ്ങളും കാരണം ചെപ്പി എളുപ്പത്തില്‍ പുറത്തു പോകാതെ അവിടെ തന്നെ തങ്ങി നില്‍ക്കുന്നു.ഇത്തരക്കാരില്‍ ചെപ്പി ഉറച്ചു പോകുകയും ചെവിയില്‍ വേദന, അടപ്പ്, കേള്‍വിക്കുറവ്, എന്നിവ ഉണ്ടാകാനും കാരണമാകുന്നു. 
ഇതുകാരണം ചെവിയില്‍ കരകരപ്പ്, അസാധാരണമായ ശബ്ദം, തുടങ്ങി തലകറക്കം വരെയുണ്ടാകാം. ഉറച്ചിരിക്കുന്ന ചെപ്പി ചെവിയില്‍ നിന്നും നീക്കം ചെയ്യാന്‍ ബഡ്‌സ് ചെവിയില്‍ ഇടുന്നത് ചിലപ്പോള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. ഇത് ചെപ്പി കൂടുതല്‍ ഉള്ളിലേക്ക് പോകുവാന്‍ ഇടയാക്കിയേക്കും. ഒരു ഇഎന്‍ടി ഡോക്ടറെ കണ്ട് ഇത് നീക്കം ചെയ്യുന്നതാകും ഉത്തമം.

കുട്ടികളിലെ കേള്‍വിക്കുറവ് 

കുട്ടികളെ ജന്മനായുള്ള കേള്‍വിക്കുറവ് കണ്ടുപിടിക്കുന്നതിനുള്ള OAE (Oto Acoustic Emission) എന്ന ടെസ്റ്റ് ഇപ്പോള്‍ മിക്ക ആശുപത്രികളിലും കുഞ്ഞുങ്ങളെ ജനിച്ച ഉടന്‍ ചെയ്യുന്നുണ്ട്. അതുകൊണ്ട് കുട്ടികളിലെ ജന്മനായുള്ള കേള്‍വിക്കുറവ് കണ്ടെത്താന്‍ നമുക്ക് കഴിയുന്നുണ്ട്. ഇതുപക്ഷേ ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് മാത്രമാണ്. ഇതില്‍ വല്ല പ്രശ്‌നവുമുണ്ടെങ്കില്‍ BERA (Brainstem Evoked Response Audiomtery) എന്ന ടെസ്റ്റ് ചെയ്ത് നോക്കേണ്ടാതായി വന്നേക്കാം. അഞ്ചു വയസ്സില്‍ കൂടുതലുള്ള കുട്ടികളാണെങ്കില്‍ Puretone audiomtery എന്ന ടെസ്റ്റ് ചെയ്യുന്നതിലൂടെ കേള്‍വിക്കുറവുണ്ടെങ്കില്‍ അതിന്റെ അളവ് നമുക്ക് മനസ്സിലാക്കാം.

Read more topics: ear,kids, parents, care,ചെവി
How to care your babies ears

RECOMMENDED FOR YOU: