സൂര്യാഘാതത്തെ പ്രതിരോധിക്കാം.. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

NewsDesk
സൂര്യാഘാതത്തെ പ്രതിരോധിക്കാം.. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

വേനല്‍ക്കാലമിങ്ങെത്തി, നാട്ടിലെങ്ങും സൂര്യാഘാതമേല്‍ക്കുന്നതും സൂര്യാഘാതം മൂലം മരണപ്പെടുന്നതുമെല്ലാം വര്‍ധിച്ചിരിക്കുകയാണ്. അവധിക്കാലമാണ് വരാന്‍ പോകുന്നത്. കുഞ്ഞുങ്ങള്‍ അവധി ആഘോഷമാക്കാനായി പുറത്തേക്കിറങ്ങുമ്പോള്‍ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. നാട്ടിലെ സാഹചര്യം കണക്കിലെചുത്ത് ദുരന്തനിവാരണ അതോറിറ്റി സൂര്യഘാത-സൂര്യതാപ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. എന്തെല്ലാം മുന്‍കരുതലുകളാണ് സൂര്യാഘാതത്തെ പ്രതിരോധിക്കാനായി എടുക്കേണ്ടതെന്നു നോക്കാം.

സൂര്യാഘാതം എന്താണെന്ന് ആദ്യം മനസ്സിലാക്കാം. ശരീരത്തിന്റെ താപനില ക്രമാതീതമായി ഉയരുന്ന അവസ്ഥയ്ക്കാണ് സൂര്യാഘാതം എന്നു പറയുന്നത്. ചുറ്റുപാടുമുള്ള താപനില ഉയരുമ്പോള്‍ ശരീരത്തിന് താപനിയന്ത്രണസംവിധാനം ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വരുന്നു. ഇത് ശരീരകോശങ്ങള്‍ കേടുവരുന്നതിന് ഇടയാക്കുന്നു. ഇത്തരം അവസ്ഥയാണ് സൂര്യാഘാതം. 


ഉടന്‍ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ആന്തരാവയവങ്ങളായ മസ്തിഷ്‌കം, നാഡീവ്യൂഹം, രക്തചംക്രമണം, ശ്വാസകോശം, കരള്‍, വൃക്ക, ദഹനവ്യവസ്ഥ, പേശികള്‍ എന്നിവയെയെല്ലാം ഇത് ബാധിക്കും.

സൂര്യഘാതത്തിന്റെ ലക്ഷണങ്ങള്‍

അധികമായുള്ള ക്ഷീണം, ചര്‍മ്മം വരണ്ടതാവുക, അമിതമായുള്ള വിയര്‍പ്പ, തലകറക്കം, ഛര്‍ദ്ദില്‍ എന്നിവയുണ്ടാവാം. കൂടാതെ പേശികള്‍ കോച്ചിപിടിക്കുകയും , ഹൃദയമിടിപ്പിന്റെ തോത് വര്‍ധിക്കുകയും ചെയ്യാം. ശ്വാസവേഗതയും വേഗത്തിലാവും.


ഇങ്ങനെയുളള ലക്ഷണങ്ങള്‍ വന്നാല്‍ വേഗം തന്നെ ശരീരം തണുപ്പിക്കുന്നതിനായി തണലുള്ള സ്ഥലത്തേക്ക് മാറാം. കൂടാതെ ഒആര്‍എസ് പോലുള്ള പാനീയങ്ങള്‍ കുടിക്കണം. അരമണിക്കൂറിനു ശേഷവും ലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍ എത്രയും വേഗം ഡോക്ടറെ കാണേണ്ടതാണ്.

വേനല്‍ക്കാലത്ത് ഏറ്റവും പ്രധാനം നേരിട്ടുള്ള ചൂടിലേക്കിറങ്ങാതെ നോക്കുന്നതാണ്. ദിവസത്തിലെ ഏറ്റവും ചൂടുള്ള രാവിലെ 10മണി മുതല്‍ വൈകീട്ട് നാല് വരെയുളള സമയമെങ്കിലും ഒഴിവാക്കാന്‍ ശ്രമിക്കാം.

എപ്പോഴും ശരീരത്തിലെ വെള്ളത്തിലെ അളവ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കാം. വേനലില്‍ ശരീരം ചൂട് കുറയ്ക്കുന്നതിന്റെ ഭാഗമായി വിയര്‍പ്പായി 70മുതല്‍ 80 ശതമാനം വരെ വെള്ളം പുറത്തുകളയും. എന്നാല്‍ ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലാത്ത അവസ്ഥയില്‍ (നിര്‍ജ്ജലീകരണം) വിയര്‍ക്കുന്നതിന്റെ അളവ് കുറയുകയും ശരീരത്തിലെ ചൂട് കൂടുകയും ചെയ്യും. ശരീരത്തിന്റെ ചൂടുകൂടുകയും അത് പുറത്തുകളയാന്‍ സാധിക്കാതെ വരികയും ചെയ്യുന്നത് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം.അതുകൊണ്ട് തന്നെ ധാരാളം വെള്ളം അല്ലെങ്കില്‍ ജലസമൃദ്ധമായ ഫലവര്‍ഗ്ഗങ്ങള്‍ കഴിക്കാം. മദ്യം,ചായ, കാപ്പി എന്നിവ ഒഴിവാക്കുന്നതാണ് ഡീഹൈഡ്രേഷന്‍ ഇല്ലാതാക്കാന്‍ നല്ലത്.

വേനലിനുതകുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം. ഇളം നിറത്തിലുള്ള, അയഞ്ഞതും, ഭാരം കുറവുള്ളതുമായ വസ്ത്രങ്ങളാണ് വേനലില്‍ ധരിക്കാന്‍ നല്ലത്. ശരീരത്തില്‍ വായുസഞ്ചാരം സാധ്യമാക്കും അത്തരം വസ്ത്രങ്ങള്‍. തല തൊപ്പിയോ മറ്റോ ഉപയോഗിച്ച് മറയ്ക്കുന്നത് സംരക്ഷണമേകും.

താമസിക്കുന്ന സ്ഥലം ആവശ്യത്തിന് വായുസഞ്ചാരമുള്ളതാക്കാം. ജനലുകള്‍ തുറന്നിട്ടും മറ്റു നല്ല വായുവിനെ വീടിനകത്തേക്ക് കയറ്റാം. ചൂടു കൂടുതലുള്ള സമയങ്ങൡ വ്യായാമം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നല്ലതിനായി ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ചൂടുകൂടുതലുള്ളപ്പോള്‍ ദോഷകരമായി തീര്‍ന്നേക്കാം. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ധാരാളം വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പുവരുത്താം.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കാം. ഇവരുടെ ശരീരം താപനിലയിലുള്ള വ്യതിയാനങ്ങള്‍ മറികടക്കാന്‍ പെട്ടെന്ന് പര്യാപ്തമാവുകയില്ല. ഇടയ്ക്കിടെ കുടിക്കാന്‍ വെള്ളം നല്‍കുകയും, തണുപ്പുളള സ്ഥലങ്ങളില്‍ നിര്‍ത്തുകയും ചെയ്യാം. ചില ആരോഗ്യപ്രശ്‌നങ്ങളുള്ളവരേയും സൂര്യാഘാതം പെട്ടെന്ന് വരാം. പൊണ്ണത്തടി, ഹൈപ്പര്‍ടെന്‍ഷന്‍, ആല്‍ക്കഹോളിസം, മാനസികരോഗം, ക്രോണിക് ഒബ്‌സ്ട്രക്ടിവ് പള്‍മണറി അസുഖങ്ങള്‍ എന്നിവയുള്ളവര്‍ക്ക് പ്രത്യേകം ശ്രദ്ധ കൊടുക്കാം.

കുഞ്ഞുങ്ങളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. നവജാതശിശുക്കള്‍ ദീര്‍ഘനേരം വെയിലേല്‍ക്കാന്‍ ഇടവരുത്തരുത്. കൂടാതെ ചില മരുന്നുകളുടെ ഉപയോഗവും ചൂടേല്‍ക്കുന്നതോടെ പ്രശ്‌നങ്ങള്‍ കാണിക്കാന്‍ കാരണമാകും.

വേനല്‍ക്കാലത്ത് വെള്ളം പോലെ തന്നെ ഉപയോഗിക്കാവുന്നതാണ് വെള്ളം ധാരാളമടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, മാതള നാരങ്ങ പോലുളള പഴവര്‍ഗ്ഗങ്ങളും വെള്ളരി, മധുരക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളും. 

വിയര്‍പ്പ് അമിതമായിട്ടുള്ളവര്‍ ശരീരത്തിലെ ലവണനില തുലനം ചെയ്യുന്നതിനായി ഉപ്പിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്.
 

things want to care on summer to protect from sun stroke

RECOMMENDED FOR YOU: