അസിഡിറ്റി കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും

NewsDesk
അസിഡിറ്റി കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും

ജീവിതത്തില്‍ ഒരിക്കലെങ്കിലും അസിഡിറ്റി ബുദ്ധിമുട്ടിക്കാത്തവരായി ആരുമുണ്ടാവില്ല. ജോലിത്തിരക്കും മറ്റും കാരണം കൃത്യനിഷ്ഠമായി ഭക്ഷണം കഴിക്കുക എന്നത് മിക്കവര്‍ക്കും സാധ്യമാകുന്നില്ല ഇക്കാലത്ത്. ഈ ശീലം കുറെ നാള്‍ തുടരുന്നതോടെ അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ക്രമം തെറ്റിയതും അനാരോഗ്യകരവുമായ ഭക്ഷണശീലങ്ങളാണ് പലപ്പോഴും അസിഡിറ്റിക്ക് കാരണമാകുന്നത്.

ദഹനപ്രക്രിയയ്ക്കാവശ്യമായ ആസിഡുകള്‍ നമ്മുടെ ശരീരത്തില്‍ തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തെ ചെറിയ രൂപത്തിലേക്ക് ആക്കി മാറ്റുന്നതിനായി നമ്മുടെ ആമാശയത്തില്‍ ഉണ്ടാകുന്ന ആസിഡുകള്‍ ഭക്ഷണം സ്ഥിരമായി കഴിക്കുന്ന സമയങ്ങളിലാണ് ഉത്പാദിക്കപ്പെടുക. എന്നാല്‍ നമ്മുടെ സൗകര്യത്തിനനുസൃതമായി ഭക്ഷണസമയം മാറ്റുമ്പോളെല്ലാം ഈ ആസിഡുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഭക്ഷണം ഇല്ലാത്ത സമയത്ത് ആസിഡുകള്‍ പ്രവര്‍ത്തുക്കുന്നത് വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇതിനെ ശ്രദ്ധിക്കാതെ തള്ളിക്കളയുന്നത് പലപ്പോഴും അള്‍സര്‍, ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകുന്നു.

ഭക്ഷണസമയക്രമം മാത്രമല്ല ഒരുപാട് എരിവും പുളിയും കഴിക്കുന്നതും, ജങ്ക്ഫുഡ് സ്ഥിരമായി കഴിക്കുന്ന ശീലവും, ആവശ്യത്തിന് വ്യായാമമില്ലാത്തതും, മദ്യപാനവും, സ്‌ട്രെസും വരെ അസിഡിറ്റിക്ക് കാരണമായേക്കാം.നമ്മള്‍ എന്തെങ്കിലും കഴിക്കുമ്പോഴേക്കും അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണം. ആമാശയത്തില്‍ ഉണ്ടാകുന്ന ആസിഡുകള്‍ അന്നനാളത്തിലേക്കരിച്ചു കയറുമ്പോള്‍ തുളഞ്ഞുകയറുന്ന പോലുള്ള ശക്തിയായ വേദനയാണ് നെഞ്ചെരിച്ചില്‍.

അള്‍സര്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായി പറയുന്ന എച്ച് പൈലോറി അണുബാധയും ദഹനവ്യനവ്യവസ്ഥയിലെ അമിതമായ അസിഡിറ്റിയുമായി ബന്ധമുണ്ട്. അസിഡിറ്റി വരാതിരിക്കാനായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്.

  • എണ്ണയും , എരിവും പുളിയും അമിതമായുള്ള ഭക്ഷണങ്ങള്‍ ശീലമാക്കാതിരിക്കുക. പഴങ്ങളും പച്ചക്കറിക ളും ഇലക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക.
  • കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.
  • വെള്ളം ധാരാളം കുടിക്കുന്ന ശീലം ഉണ്ടാക്കുക.
  • ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കാന്‍ ശ്രമിക്കുക.വാരിവലിച്ച് കഴിക്കുന്നതും എപ്പോഴും കൊറിച്ചുകൊണ്ടിരിക്കുന്നതും നന്നല്ല.ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.
  • ശരീരഭാരം അമിതമാവാതിരിക്കാന്‍ ശ്രദ്ധിക്കുക. വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക.

അസിഡിറ്റി ഉണ്ടായാല്‍ അല്പം വെള്ളം കുടിക്കുക, ഇത് വയറില്‍ ആസിഡിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കും.ഇടക്കിടെ അസിഡിറ്റി ഉണ്ടാകുന്നവരാണെങ്കില്‍ എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പും ഉറക്കമുണര്‍ന്ന ഉടനെയും ഇളം ചൂടുള്ള ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. ആഹാരത്തോടൊപ്പമോ ആഹാരം കഴിഞ്ഞ ഉടനെ തന്നെയോ വെളളം കുടിക്കുന്നത് നല്ലതല്ല. വെള്ളം നിര്‍ബന്ധമുള്ളവര്‍ ആഹാരം കഴിക്കുന്നതിനുമുമ്പോ അതിനു ശേഷം അല്പം സമയം കഴിഞ്ഞോ കുടിക്കുക.
വീട്ടില്‍ തന്നെ ലഭിക്കുന്ന അസിഡിറ്റി ഇല്ലാതാക്കുന്ന വസ്തുക്കള്‍ ഏതൊക്കെ എന്നു നോക്കാം.

തുളസിയില : അസിഡിറ്റിയെ ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ഒന്നാണ് തുളസിയില. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ ചവച്ചരച്ചു കഴിക്കുകയോ ചെയ്യാം. 

കറുവാപ്പട്ട : ദഹനത്തിന് വളരെ നല്ലതാണ് കറുവാപ്പട്ട. പ്രകൃതിദത്തമായ ഒരു അന്റാസിഡാണിത്. കറുവാപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും രണ്ടുമൂന്നു തവണ കുടിക്കുന്നത് നല്ലതാണ്. കറുവാപ്പട്ട പൊടിച്ച് സൂപ്പിലോ സാലഡിലോ ഉപയോഗിക്കുകയുമാകാം.

മോരുവെള്ളം : മോരുവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് വയറിലെ അസിഡിറ്റി ഇല്ലാതാക്കുന്നു. 

ഗ്രാമ്പൂ : ഗ്രാമ്പൂ കഴിക്കുന്നത് ശരീരത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിച്ച് ഗ്യാസ് ഉണ്ടാകുന്നത് തടയുന്നു.

ജീരകം : വായുടെ ദുര്‍ഗന്ധം അകറ്റാന്‍ സാധാരണമായി ഉപയോഗിക്കപ്പടുന്ന പെരും ജീരകം ദഹനക്കുറവ്, മലബന്ധം എന്നിവയ്ക്ക് ഉത്തമമാണിത്. അള്‍സറിനെതിരെ പൊരുതാന്‍ കഴിയുന്ന ഫ്‌ലേവനോയ്ഡ്‌സ്, പ്‌ലാമിറ്റിക് ആസിഡ് തുടങ്ങി നിരവധി ഘടകങ്ങള്‍ പെരും ജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവ വയറിന് തണുപ്പ് നല്കുകയും, വയറ്റിലെ ആന്തരിക പാളിയുടെ തകരാറ് പരിഹരിക്കുകയും ചെയ്യുന്നു. അല്പം പെരും ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് രാത്രിമുഴുവനും വച്ചശേഷം കുടിക്കാം.

ഏലക്ക:ആയുര്‍വേദവിധി പ്രകാരം വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളെ സന്തുലനപ്പെടുത്താന്‍ കഴവുള്ളതാണ് ഏലക്ക. ദഹനത്തിനും, പെട്ടന്നുള്ള വയറ് വേദനയ്ക്കും ഇത് നല്ല പ്രതിവിധിയാണ്. വയറ്റില്‍ അമിതമായി ഉണ്ടാകുന്ന ആസിഡിന്റെ ദോഷങ്ങളില്‍ നിന്ന് തടയുന്ന ദ്രവരൂപത്തിലുള്ള പാളിയെ ഏലക്കയിലെ ഘടകങ്ങള്‍ ശക്തിപ്പെടുത്തും. ഇതിന്റെ ചെറിയ മധുരവും, തണുപ്പിക്കാനുള്ള കഴിവും എരിച്ചിലിനും ഫലപ്രദമാണ്. രണ്ട് ഏലക്ക തൊണ്ടോടുകൂടിയോ അല്ലാതെയോ പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ചാറിയ ശേഷം കുടിക്കാം. പെട്ടന്ന് തന്നെ അസിഡിറ്റിക്ക് ആശ്വാസം ലഭിക്കും.

ഇഞ്ചി :നമ്മുടെ അടുക്കളയില്‍ നിത്യേന ഉപയോഗിക്കുന്ന ഇഞ്ചിക്ക് ദഹനം വര്‍ദ്ധിപ്പിക്കാനും, പോഷകങ്ങളെ ആഗിരണം ചെയ്യാനുമുള്ള കഴിവുണ്ട്. വയറിലെ ശ്ലേഷ്മത്തെ ശക്തിപ്പെടുത്തി ആസിഡിന്റെ ദോഷങ്ങളില്‍ നിന്ന് സംരക്ഷിക്കാനും ഇഞ്ചിക്ക് സാധിക്കും. അസിഡിറ്റിക്ക് പരിഹാരമായ ഒരു കഷ്ണം ഇഞ്ചി ചവച്ചിറക്കുകയോ, അസ്വസ്ഥത കൂടുതലായുണ്ടെങ്കില്‍ ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുകയോ ചെയ്യാം. മറ്റൊരു മാര്‍ഗ്ഗം ഇഞ്ചി ചതച്ച് അതില്‍ അല്പം ശര്‍ക്കര ചേര്‍ത്ത് പതുക്കെ നക്കി കഴിക്കുന്നതാണ്. ഇങ്ങനെ ചെയ്താല്‍ നീര് പതിയെ വയറിലെത്തുകയും ആശ്വാസം ലഭിക്കുകയും ചെയ്യും.

നെല്ലിക്ക:കഫ, പിത്ത ദോഷങ്ങളെ ശമിപ്പിക്കുന്നതും, വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതുമാണ് നെല്ലിക്ക. അസിഡിറ്റി മൂലം തകരാറിലായ അന്നനാളത്തെയും, ഉദരത്തിലെ ശ്ലേഷ്മപാളിയെയും സുഖപ്പെടുത്താന്‍ നെല്ലിക്കക്ക് സാധിക്കും. ദിവസം രണ്ട് തവണ നെല്ലിക്കപ്പൊടി കഴിക്കുന്നത് അസിഡിറ്റിയെ അകറ്റി നിര്‍ത്തും.

തേങ്ങാവെള്ളം: തേങ്ങാവെള്ളം അസിഡിറ്റി ശമിപ്പിക്കാന്‍ പറ്റിയ ഒരു ഭക്ഷ്യവസ്തുവാണ്.

വാഴപ്പഴം:പൊട്ടാസ്യത്താല്‍ സമൃദ്ധമാണ് വാഴപ്പഴം. ഉയര്‍ന്ന പി.എച്ച് മൂല്യമുള്ള ആല്‍ക്കലി ധാതുക്കള്‍ ധാരാളമായി അടങ്ങിയ വാഴപ്പഴത്തിന്റെ ഉയര്‍ന്ന പി.എച്ച് മൂല്യം അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും. വയറ്റിലെ ഉള്‍പാളിയിലുള്ള ശ്ലേഷ്മം കൂടുതലായി ഉണ്ടാക്കാന്‍ ഇത് സഹായിക്കും. ഈ ശ്ലേഷ്മം ആന്തരികപാളിയെ അസിഡിറ്റിയുടെ ഉപദ്രവത്തില്‍ നിന്ന് സംരക്ഷിക്കുകയും, തകരാറ് വന്നത് ഭേദമാക്കുകയും ചെയ്യും. നല്ലതുപോലെ പഴുത്ത വാഴപ്പഴം മികച്ച ഫലം തരുന്നു

Symptoms , causes and home remodies for acidity

RECOMMENDED FOR YOU: