ബുദ്ധി വികാസത്തിന് സഹായകരമാകുന്ന ആഹാരശീലം

NewsDesk
ബുദ്ധി വികാസത്തിന് സഹായകരമാകുന്ന ആഹാരശീലം

തലച്ചോറിന്റെ വളർച്ചയും ബുദ്ധിവികാസവും ശരിയാവണമെങ്കിൽ മതിയായ പോഷണം ലഭിക്കണം. ​ഗർഭാവസ്ഥ മുതൽ മൂന്നുവയസ്സുവരെയാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്.
തലച്ചോറിന്റെ വളർച്ച എന്നത് ​ഗർഭാവസ്ഥയിൽ തന്നെ ആരംഭിക്കുന്ന വളരെ സങ്കീർണമായ പ്രക്രിയയാണ്. ശൈശവവും ബാല്യവും കഴിയുമ്പോഴേക്കും ബുദ്ധിവളർച്ചയുടെ വലിയൊരു ഘട്ടം കഴിഞ്ഞിരിക്കും. 

കുട്ടികളുടെ ബുദ്ധിവളർച്ചയിൽ ജനിതകഘടകങ്ങൾ പ്രധാനമാണ്. കുഞ്ഞിന്റെ ആരോ​ഗ്യസ്ഥിതി അമ്മയുടെ ആരോ​ഗ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. ആരോ​ഗ്യമുള്ള അമ്മയ്ക്കാണ് ആരോ​ഗ്യമുള്ള കുഞ്ഞു ജനിക്കുന്നത്. ​ഗർഭിണിയുടെ ആഹാരവും ആരോ​ഗ്യവും കുഞ്ഞിന്റെ ബുദ്ധിശക്തിയേയും ബാധിക്കുന്നു. ​ഗർഭാവസ്ഥയിൽ അവസാനത്തെ മൂന്ന് മാസവും കുഞ്ഞിന് മൂന്ന് വയസ്സ് പ്രായമാകും വരെയുമാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാലഘട്ടം. തലച്ചോറിന്റെ ഘടനാപരമായ വളർച്ച ഏറ്റവുമധികം ഉണ്ടാകുന്നത് ഈ സമയത്താണ്. അതുകൊണ്ട് ഈ കാലഘട്ടത്തിൽ കുഞ്ഞുങ്ങൾക്ക് പോഷകക്കുറവുണ്ടാകാതിരിക്കാൻ ഏറെ ശ്രദ്ധിക്കണം.
 

മുലപ്പാൽ ഒരു സമ്പൂർണാഹാരം

മുലപ്പാലിനേക്കാൾ മികച്ച മറ്റൊരു ആഹാരവുമില്ല. നവജാതശിശുക്കളുടെ മാനസിക ശാരീരിക വളർച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷണങ്ങളും അടങ്ങിയ ആഹാരമാണിത്. ആദ്യത്തെ ആറുമാസം കുഞ്ഞിന് മുലപ്പാൽ മാത്രം മതിയാവും. ചുരുങ്ങിയത് ഒരു വയസ്സുവരെയെങ്കിലും തീർച്ചയായും കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുത്തിരിക്കണം. 
 

നല്ല ആഹാരശീലം

ശൈശവകാലം മുതൽ തന്നെ കുട്ടികളിൽ നല്ല ആഹാരശീലം വളർത്തിയെടുക്കേണ്ടതുണ്ട്. ബുദ്ധിവളർച്ച, ധാരണാശേഷി, പഠനനിലവാരം എന്നിവ താഴോട്ട് പോകാൻ പോഷണത്തിന്റെ അഭാവം കാരണമാകും. വളർച്ചയ്ക്ക് വേ​ഗം കൂടുന്ന കാലമാണ് കൗമാരം. 
 

പ്രാതൽ പ്രധാനം

ഒരു കാരണവശാലും കുട്ടികൾക്ക് പ്രഭാതഭക്ഷണം മുടങ്ങാനിടവരരുത്. പ്രഭാതഭക്ഷണം വിശപ്പിന് ശമനമുണ്ടാക്കുന്നതിനൊപ്പം പഠനത്തെ സ്വാധീനിക്കാൻ പോലും കഴിയുന്നതാണ്. ഉച്ചയ്ക്ക് ശേഷം പോഷകാഹാരങ്ങൾ കഴിച്ചാൽ ഏകാ​ഗ്രതയും ഓർമ്മയും കൂടും. അത്താഴവും പ്രാതലുമൊക്കോ മുടങ്ങുന്ന കുട്ടികളിൽ ഓർമ്മയും ചിന്താശേഷിയും കുറവായിരിക്കും. 

​ഗർഭാവസ്ഥയിൽ അമ്മയ്ക്കും മൂന്നു വയസ്സുവരെ കുഞ്ഞുങ്ങൾക്കും ആവശ്യത്തിന് പ്രോട്ടീൻ കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. തലച്ചോറിന്റെ ശരിയായ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ഇത് കൂടിയോ തീരൂ. ​ഗർഭധാരണത്തിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. 

‌പോഷണക്കുറവ് അനുഭവപ്പെടുന്ന കുട്ടികളിൽ ഏറ്റവും പ്രധാനമായി കാണപ്പെടുന്ന ഒന്നാണ് ഇരുമ്പിന്റെ അഭാവം. ഇരുമ്പിന്റെ കുറവ് തലച്ചോറിലെ ചില എൻസൈമുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ശൈശവത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞ് വിളർച്ച അനുഭവപ്പെടുന്ന കുഞ്ഞുങ്ങൾ വലുതാകുമ്പോൾ പഠനനിലവാരം ​ഗ്രഹണശക്തി, ചിന്താശേഷി, എന്നിവയൊക്കെ കുറയാമെന്ന് പല പഠനങ്ങളും പറയുന്നു. ഇരുമ്പിന്റെ കുറവ് അനുഭവപ്പെടുന്ന കുട്ടിക്ക് കണക്ക് ​ഗ്രഹിക്കാനുള്ള കഴിവ് കുറഞ്ഞുകാണാറുണ്ട്.

​ഗർഭാവസ്ഥയിലും നവ​ജാതശിശുവിന്റെയും മസ്തിഷ്കവളർച്ചയ്ക്ക് തൈറോയിഡ് ഹോർമോൺ അത്യാവശ്യമാണ്. ഈ ഹോർമോണിന്റെ ഉല്പാദനത്തിന് അയഡിൻ അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ ​ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും അയഡിൻ ലഭിക്കുന്ന ആഹാരം നൽകേണ്ടതുണ്ട്. 

ഒമേ​ഗ ഫാറ്റി ആസിഡുകളും വൈറ്റമിനുകളുമാണ് ആഹാരത്തിലുൾപ്പെടുത്തേണ്ടുന്ന മറ്റ് വസ്തുക്കൾ. മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിൽ ബുദ്ധിവളർച്ചയെ സഹായിക്കുന്ന ഒമേ​ഗ  3 ഫാറ്റി ആസിഡ് ധാരാളമുണ്ട്. മത്സ്യം കഴിക്കാത്തവരാണെങ്കിൽ സസ്യ എണ്ണകളും പയറുവർ​ഗ്​ഗങ്ങളും ആഹാരത്തിൽ ശീലമാക്കണം.
 

foods to boost brain and memory

RECOMMENDED FOR YOU:

no relative items