മഴക്കാലവും ഇലക്കറികളും

NewsDesk
മഴക്കാലവും ഇലക്കറികളും

മഴക്കാലം വന്നെത്തി.മഴയ്‌ക്കൊപ്പം രോഗങ്ങളും തലപൊക്കി തുടങ്ങും. അവയെ പ്രതിരോധിച്ച് മുന്നേറാന്‍ ജീവിതശൈലിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താം. 

മഴക്കാലമാകുന്നതോടെ നമ്മുടെ തൊടിയിലും മുറ്റത്തും മുളച്ചുവരുന്ന ചെടികളെ ആരോഗ്യസംരക്ഷണത്തിനായി നമുക്ക് ഉപയോഗപ്പെടുത്താം. പണ്ടുള്ളവര്‍ ഇതിനെ പത്തിലക്കൂട്ടം എന്നാണ് പറയാറ്.തകര, കുമ്പളം, മത്തന്‍, വെള്ളരി, കൊടിത്തൂവ, ചീര, നെയ്യുണ്ണി, താള്,ചേമ്പ്, ചേന എന്നിവയുടെ ഇലകളാണ് പത്തിലക്കൂട്ടം. പയറില, തഴുതാമയില, മുത്തിള്‍, കോവലില, പൊന്നാങ്കണ്ണി, പാവയില, മുക്കാപ്പീരം, തുമ്പയില തുടങ്ങിയവയേയും ഭക്ഷണത്തിനായി ഉപയോഗിക്കാം.

പത്തിലകള്‍്ക്ക്ആയുര്‍വേദത്തിലും വളരെ വലിയ പ്രാധാന്യമാണുള്ളത്. ഇവ ഒറ്റയ്്ക്ക് ഉപയോഗിക്കുന്നതിനേക്കാള്‍ ഒരുമിച്ച് ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് പറയുക. ആരോഗ്യദായകം എന്നതോടൊപ്പം ഔഷധഗുണങ്ങളും നിറഞ്ഞവയാണ് ഇവയെല്ലാം.

ഇലക്കറികള്‍ ധാരാളം നാരുകള്‍ അടങ്ങിയവയാണ്. ഇവ ശരീരത്തിലെ മാലിന്യങ്ങളേയും വിഷാംശങ്ങളേയും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഇലക്കറികളില്‍ ധാരാളമായി വിറ്റാമിനുകളും സൂക്ഷ്മമൂലകങ്ങളും, ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. 

ഇലക്കറികള്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയവയാണ്. കാഴ്ച ശക്തിക്ക് വളരെ അത്യാവശ്യമായ ഘടകമാണ് വിറ്റാമിന്‍ എ. ശരീരത്തില്‍ രക്തത്തിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കും. ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ഇലക്കറികള്‍ സഹായിക്കുന്നു. മുടികൊഴിച്ചിലിനുള്ള പരിഹാരമായും ഇലക്കറികള്‍ ശീലമാക്കാം. ഇവയിലടങ്ങിയിരിക്കുന്ന കാത്സ്യം , വൈറ്റമിനുകള്‍, ഇരുമ്പ് എന്നിവ മുടിയുടെ ആരോഗ്യത്തിനും ഉത്തമമാണ്. 

മഴക്കാലത്ത് ധാരാളമായി കാണുന്നവയാണ് പത്തിലക്കൂട്ടത്തിലുള്ള ഇലകളെല്ലാം. മഴ തുടങ്ങുന്നതോടെ വഴിവക്കിലും തൊടിയിലുമെല്ലാം തകര കാടുകളും രൂപപ്പെടും. നല്ല സ്വര്‍ണ്ണപൂക്കളുമായി നില്‍ക്കുന്ന തകര കാഴ്ചയ്‌ക്കെന്ന പോലെ ആരോഗ്യപ്രദവുമാണ്. വിറ്റാമിന്‍ എ, ബി, ഇരുമ്പ്, കാത്സ്യം ,ഫോസ്ഫറസ് ഇവയെല്ലാം തകരയില്‍ ധാരാളമായുണ്ട്. ഇതിന്റെ ഇലകളും ഇളംതണ്ടുമാണ് കറിക്കുപയോഗിക്കുക.രക്തശുദ്ധിക്കും, കരളിന്റെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്. 

കൊടിത്തൂവയാണ് മറ്റൊന്ന്. മഴക്കാലമാകുന്നതോടെ നമ്മുടെ വീട്ടുവളപ്പില്‍ ധാരാളമായി ഇവ വളരാന്‍ തുടങ്ങും. തൊടുമ്പോള്‍ ഇല ചൊറിയുമെങ്കിലും ഇതും നല്ലൊരു ഇലക്കറിയാണ്. ഇലകളും ചെറുതണ്ടും നന്നായി വെള്ളത്തില്‍ കഴുകി ഉപയോഗിക്കാം. കഴുകുന്നതോടെ ചൊറിച്ചില്‍ ഇല്ലാതാവും. തോരനുണ്ടാക്കാനും പരിപ്പുചേര്‍ത്തും കറിവച്ചും ഉപയോഗിക്കാം.

വള്ളിച്ചെടികളിലുണ്ടാകുന്നവയില്‍ കുമ്പളത്തിനാണ് ശ്രേഷ്ഠസ്ഥാനമുള്ളത്. ശരീരബലത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കുവാനും ഇവയുടെ ഇലകളും അത്യുത്തമമാണ്. കുമ്പളം ശരീരത്തെ തണുപ്പിക്കുന്നു. ഓര്‍മ്മശക്തിക്കും ബുദ്ധിശക്തിക്കും നല്ലതാണ്. ശ്വാസകോശരോഗങ്ങള്‍ക്കും മൂത്രാശരോഗങ്ങള്‍,പ്രമേഹം എന്നുവയ്ക്കും നല്ല ഔഷധമാണ്. കുമ്പളം കൊണ്ടുള്ള ജ്യൂസ് അതിരാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് പ്രമേഹം നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായിക്കും.കുമ്പളത്തിന്റെ ഇലകൊണ്ടുള്ള തോരന്‍ രുചിയേറിയതാണ്.

മത്തനില വിറ്റാമിന്‍, ഇരുമ്പ്,ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയവ നിറഞ്ഞതാണ്. മത്തനില വായുക്ഷോഭം, മലബന്ധം, അസിഡിറ്റി എന്നീ പ്രശ്‌നങ്ങള്‍ക്കുള്ള നല്ല പരിഹാരമാണ്. മത്തന്റെ പൂക്കളും ഭക്ഷ്യയോഗ്യമാണ്. വെള്ളരിയിലയില്‍ ധാരാളം പോഷകങ്ങളുണ്ട്. മൂത്രാശയരോഗങ്ങള്‍ക്കും ചര്‍മ്മരോഗങ്ങള്‍ക്കും നല്ല പരിഹാരമാര്‍ഗ്ഗമാണിവ.

മഴക്കാലമാകുന്നതോടെ പലതരത്തിലുള്ള ചീരകളും തൊടിയില്‍ ലഭ്യമാകും. കുപ്പച്ചീര, പച്ചച്ചീര, ചെഞ്ചീര, മുള്ളന്‍ ചീര എന്നിവയെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവ കൂടാതെ മധുരച്ചീര,സാമ്പാര്‍ ചീര തുടങ്ങി ഒട്ടേറെ ചീരവര്‍ഗ്ഗത്തില്‍പ്പെടാത്ത ചീരകളും നാട്ടിന്‍പുറങ്ങളില്‍ സുലഭമാണ്. 

ചേനയുടെ ഇലകളും തണ്ടും ഉപയോഗിച്ചും കറി വയ്ക്കാം. താള്‍ചെടികള്‍ (ചേമ്പ്, ചേന - പല തരത്തിലും ലഭ്യമാണ്) ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളി രക്തശുദ്ധിയുണ്ടാക്കുന്നു. 
തഴുതാമ പല രോഗങ്ങള്‍ക്കുമുള്ള ഔഷധമാണ്. ഇലക്കറിയിലും ഇവയെപ്പെടുത്താം. ഇലയും തണ്ടും ഉപ്പേരിക്കും കറിക്കും മറ്റും ഉപയോഗി്ക്കാം. ശരീരത്തിലെ നീരിനെ പുറന്തള്ളാന്‍ സഹായിക്കും. ഗര്‍ഭിണികള്‍ക്കു ശരീരത്തിലുണ്ടാകുന്ന നീരിനെ ഇല്ലാതാക്കാന്‍ തഴുതാമ ഉപയോഗപ്പെടുത്താം. 

പയറിന്റെ ഇലകളും കറിയ്ക്കും തോരനും ഉപയോഗിക്കാം. അധികം മൂപ്പെത്താത്ത പയറിലകളാണ് ഉപയോഗിക്കുക. പാവയ്ക്കയുടെ ഇലയും കറിയ്ക്കായി ഉപയോഗിക്കാം. 

Rainy season and importance of leafy vegetables

RECOMMENDED FOR YOU: