ജീവിതത്തെ കൈപിടിയിലൊതുക്കാന്‍ വേണം നല്ലൊരു കുടുംബ ബഡ്ജറ്റ്

NewsDesk
ജീവിതത്തെ കൈപിടിയിലൊതുക്കാന്‍ വേണം നല്ലൊരു കുടുംബ ബഡ്ജറ്റ്

ഓരോ ദിവസവും സാധനങ്ങള്‍ക്ക് വിലയേറിക്കൊണ്ടിരിക്കുന്നു. വീട്ടിലെ വരവുചെലവുകള്‍ ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ കൈവിട്ടുപോയേക്കാം. സാമ്പത്തിക കാര്യങ്ങള്‍ വ്യക്തമായി തീരുമാനിച്ചു ഉറപ്പിച്ച് വേണം ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍.

കുടുംബം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് കുടുംബത്തില്‍ നിന്നും തന്നെ അടിത്തറയിടേണ്ടതുണ്ട്. വരുമാനം എത്രയാണുള്ളത് എന്ന് ഭാര്യയേയും മക്കളേയും പറഞ്ഞ് ബോധ്യപ്പെടുത്തണം. വരവിനനുസരിച്ച് ചിലവ് നിയന്ത്രിക്കാനായാല്‍ ജീവിതം എന്നും സന്തോഷം നിറഞ്ഞതാവും.

നിങ്ങളുടെ പണം എവിടെയൊക്കെയാണ് ചെലവായി പോകുന്നത്, കൂടുതല്‍ നല്ല രീതിയില്‍ പണം എങ്ങനെ കൈകാര്യം ചെയ്യാം എന്നൊക്കെ ബഡ്ജറ്റ് തയ്യാറാക്കുന്നതിലൂടെ നമുക്ക് അറിയാന്‍ സാധിക്കും. ബഡ്ജറ്റ് തയ്യാറാക്കുന്നതിന് മുമ്പ് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വരവുചെലവുകള്‍

വീട്ടിലെ വരവുചെലവുകളെ കുറിച്ചു മുന്‍കൂട്ടി തന്നെ വ്യക്തമായ ഒരു ധാരണ ഉണ്ടാവേണ്ടത് ആവശ്യമാണ്. ഓരോ മാസവും വരുമാനം ഏതൊക്കെ രീതിയില്‍ ആണ് ചിലവാകുന്നത് എന്ന് എഴുതി സൂക്ഷിക്കാം. ഇതിലൂടെ നമ്മുടെ ചിലവുകളെ കുറിച്ച് നമുക്ക് വ്യക്തമായ ധാരണയിലെത്താന്‍ സാധിക്കും. ഒന്നോ രണ്ടോ മാസം ഈ രീതി പിന്തുടര്‍ന്നാല്‍ തന്നെ വരവറിഞ്ഞ് ചിലവാക്കാനും ഒരു നിശ്ചിത തുക സമ്പാദ്യമായി മാറ്റി വയ്ക്കാനും സാധിക്കും.

വീട്ടു സാധനങ്ങള്‍ വാങ്ങുമ്പോള്‍  

സാധനങ്ങള്‍ വാങ്ങാന്‍ പോകും മുമ്പേ തന്നെ എന്തൊക്കെ സാധനങ്ങള്‍ വേണമെന്നും എത്ര വേണമെന്നുമൊക്കെ ഒരു ലിസ്റ്റ് ഉണ്ടാക്കുന്നത് അനാവശ്യ ചിലവുകള്‍ ഇല്ലാതാക്കും. പഴങ്ങളും പച്ചക്കറികളും സീസണലായിട്ടുള്ളതു വാങ്ങുകയാണെങ്കില്‍ കുറഞ്ഞ വിലയ്ക്ക് കിട്ടും. 

പച്ചക്കറികള്‍

സ്ഥലസൗകര്യമുള്ളവര്‍ക്ക് എപ്പോഴും ആവശ്യം വരുന്ന പച്ചക്കറികള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കാം. എങ്കില്‍ ആ വിധത്തിലുള്ള ചിലവുകള്‍ കുറയ്ക്കാം. വിപണിയില്‍ നിന്നും വാങ്ങുന്നവര്‍ ഓരോ ദിവസവും വാങ്ങുന്നതിനു പകരം ഒരാഴ്ചത്തേക്കോ മറ്റോ ഒന്നാകെ വാങ്ങി സൂക്ഷിക്കാം. 

യാത്രകള്‍
 
 ചെറിയ ദൂരത്തേക്ക് പോകാന്‍ തന്നെ ഓട്ടോയേയും കാറിനേയും മറ്റും ആശ്രയിക്കുന്നവരാെങ്കില്‍ ആ ശീലം ഒഴിവാക്കി നടക്കാന്‍ സാധിക്കുന്ന ദൂരത്തേക്ക് നടന്നു പോകുന്നത് ശീലമാക്കാം. ഇത് പണം ലാഭിക്കുക മാത്രമല്ല , നമ്മുടെ ആരോഗ്യത്തിനും നല്ലതാണ്.

എല്ലാ മാസവും വരുന്ന ചിലവുകള്‍ക്ക പ്രാധാന്യം നല്‍കുക.

പണം ചിലവഴിക്കുമ്പോള്‍ അത്യാവശ്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാന്‍ ശ്രദ്ധിക്കണം. ഉദാഹരണമായി വീട്ടു വാടക, ഫോണ്‍ ബില്‍, ഇലക്ട്രിസിറ്റി ബില്‍, പാല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള പണം ആദ്യമേ നീക്കി വയ്ക്കണം.

ബഡ്ജറ്റ് തയ്യാറാക്കുമ്പോള്‍ അപ്രതീക്ഷിത ചിലവുകള്‍ക്കു കൂടി ഒരു പങ്ക് മാറ്റി വയ്ക്കണം.അത് ചിലപ്പോള്‍ കല്യാണമോ, മരണമോ, ആശുപത്രി ചിലവോ ആകാം. അതിനെ നേരിടാനായി ഓരോ മാസവും ഒരു മാസവും ഒരു നിശ്ചിത തുക മാറ്റി വയ്ക്കുന്നത് വളരെ നല്ലതാണ്.കല്യാണം പോലുള്ള ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ട് കുറിയോ ചിട്ടിയോ ചേരാവുന്നതാണ്. അതിലേക്ക് നിശ്ചിത തുക ബഡ്ജറ്റില്‍ മാറ്റി വച്ചാല്‍ മതി. അപ്രതീക്ഷിതമായി കടന്നുവരുന്ന ആശുപത്രി ചിലവ് നേരിടാന്‍ മെഡിക്കല്‍ പോളിസികള്‍ എടുക്കുന്നത് നമ്മെ വളരെ സഹായിക്കും.

ബഡ്ജറ്റ് തയ്യാറാക്കുന്നത് കൃത്യമായ ഒരു കാലയളവിലേക്കായിരിക്കണം. തയ്യാറാക്കും മുമ്പ് നമ്മുടെ വരുമാനം എത്രയെന്ന് കണക്കാക്കാം. ചിലവിനെ നമുക്ക് രണ്ടായ് തിരിക്കാം, ആവശ്യമുള്ളത് , തീരെ ഒഴിവാക്കാനാവാത്തത്. ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം , ആശുപത്രി എന്നിവ ഒഴിവാക്കാന്‍ പറ്റാത്ത് ചിലവുകളാണ്. ബഡ്ജറ്റ് തയ്യാറാക്കുമ്പോള്‍ ഇവയൊക്കെ ആദ്യം തന്നെ ഉള്‍പ്പെടുത്തണം.

Things to remember while creating a family budget

RECOMMENDED FOR YOU: