അഭ്യൂഹങ്ങള്‍ അവസാനിക്കുന്നു കമലിന്റെ ആമിയാകുന്നത് മഞ്ജു തന്നെ

NewsDesk
അഭ്യൂഹങ്ങള്‍ അവസാനിക്കുന്നു കമലിന്റെ ആമിയാകുന്നത് മഞ്ജു തന്നെ

മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ആമി എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യര്‍ തന്നെ എന്ന് കമല്‍ സ്ഥിരീകരിച്ചു. ഇതോടെ സിനിമയിലെ നായിക ആരാകുമെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് അവസാനമാകുകയാണ്. 

മുമ്പ് ബോളിവുഡ് നായിക വിദ്യാബാലന്‍ ആമിയായി എത്തും എന്നായിരുന്നു പറഞ്ഞിരുന്നത്. അവര്‍ ആദ്യം കുറച്ചുകൂടെ സമയം ആവശ്യപ്പെടുകയും , പിന്നാലെ സിനിമയില്‍ നിന്നും പിന്മാറുന്നതായി അറിയിക്കുകയും ചെയ്തു. അതിനു ശേഷം പല നായികമാരേയും ആമിയാക്കി കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജയറാമിന്റെ ഭാര്യയായി സിനിമാലോകത്തു നിന്നും വിട്ടു നിന്ന പാര്‍വതിയേയും കാഞ്ചനമാലയായി തകര്‍ത്തഭിനയിച്ച പാര്‍വതിയേയും മറ്റും ആമിയാക്കി കൊണ്ടുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കമല്‍ തന്റെ നായികയെ തേടിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് എല്ലാ അഭ്യൂഹങ്ങളേയും അവസാനിപ്പിക്കുകയായിരുന്നു. ഇതില്‍ അവസാനം പറഞ്ഞുകേട്ട പേരായിരുന്നു മഞ്ജുവിന്റേത്. ഇപ്പോള്‍ കമല്‍ തന്നെ ഇത് സ്ഥിരീകരിച്ചിരിക്കുന്നു. 

ആമിയുടെ ചിത്രീകരണം അടുത്തമാസം ഒറ്റപ്പാലത്ത് തുടങ്ങുമെന്നും കൊച്ചിയില്‍ വച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കമല്‍ പറഞ്ഞു. ആമിയില്‍ നിന്നും വിദ്യാബാലന്‍ പിന്മാറാന്‍ കാരണം രാഷ്ട്രീയ പ്രശ്‌നങ്ങളും കമലിന്റെ അഭിപ്രായപ്രകടനങ്ങളുമാണെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും കമല്‍ പറയുകയുണ്ടായി. ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ മുമ്പെ തന്നെ വിദ്യ പിന്മാറുന്ന കാര്യം അറിയിച്ചിരുന്നു എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി നടന്നുകൊണ്ടിരിക്കുകയാണ്. തിരക്കഥ പൂര്‍ത്തിയാക്കിയിട്ട് ഒരു വര്‍ഷത്തോളമായി. നായികയായി വിദ്യയെയാണ് കണ്ടിരുന്നതെങ്കിലും മഞ്ജുവാകുന്നതിലും തനിക്ക് ആശങ്കയൊന്നുമില്ലെന്നും കമല്‍ പറഞ്ഞു. ഏത് കഥാപാത്രത്തേയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള അഭിനേതാവാണ് മഞ്ജു എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ഒറ്റപ്പാലത്ത് നാലപ്പാട്ട് വീടിന്റെ ഘടനയോട് സാദൃശ്യമുള്ള മറ്റൊരു വീട് കണ്ടെത്തി അവിടെയാണ് ആമിയുടെ ചിത്രീകരണം നടക്കുക. പത്ത് കോടി രൂപ മുതല്‍ മുടക്കിലാണ സിനിമ നിര്‍മ്മിക്കുന്നത്. 

മുംബൈ,കൊല്‍ക്കത്ത, കേരളം തുടങ്ങി ആമി ജീവിച്ച സ്ഥലങ്ങളിലായിട്ടാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ആമിയുടെ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയും നിയമപരമായ അവകാശങ്ങളും അണിയറ പ്രവര്‍ത്തകര്‍ മുമ്പെ തന്നെ നേടിയിട്ടുണ്ട്. 

Manju warrior will act in Kamal's new malayalam movie Ami as Kamala Surraya

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE