ഓണത്തിനൊരുക്കാം പലതരം ഉപ്പേരികള്‍

NewsDesk
ഓണത്തിനൊരുക്കാം പലതരം ഉപ്പേരികള്‍

ഓണനാളിലെ സദ്യയ്ക്ക് പ്രത്യേക പേരുണ്ട്, അതൊരുക്കുന്നതും പ്രത്യേകമായി തന്നെ. ഓണസദ്യ വാഴയിലയിലാണ് കഴിക്കുക. വാഴയില വയ്ക്കുന്നതും അതില്‍ വിളമ്പുന്നതുമെല്ലാം പ്രത്യേക രീതിയില്‍ തന്നെയാണ്. 

ഇടതുഭാഗത്തുനിന്നും ഉപ്പേരിയില്‍ തുടങ്ങിയാണ് ഓണസദ്യയ്ക്ക് വാഴയില്‍ വിളമ്പുന്നത്.

ഓണസദ്യയ്ക്ക് വിളമ്പുന്ന പലതരം വിഭവങ്ങളുണ്ട്. അവിയല്‍, ഓലന്‍, കൂട്ടുകറി തുടങ്ങി ഒരുപാടു കറികളും പപ്പടവും ഉപ്പേരികളും പായസം, അച്ചാര്‍ തുടങ്ങിയവയും. 

ഓണസദ്യയ്ക്ക് കേരളത്തിലെ പലസ്ഥലങ്ങളിലും വിഭവങ്ങളൊരുക്കുന്നതും വ്യത്യസ്തമായാണ്. കേരളത്തിലെ മലബാറുകാരുടെ രീതിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് തെക്കന്‍കേരളത്തിലേയും മധ്യകേരളത്തിലേയും രീതികള്‍. വടക്കന്‍ മലബാറുകാര്‍ക്ക് ഓണത്തിനും വിഷുവിനുമെല്ലാം മത്സ്യമാംസാദികള്‍ ഒഴിച്ചുകൂടാനാവത്തതാണെങ്കില്‍ തെക്കന്‍കേരളക്കാര്‍ക്ക് ഓണനാള്‍ പച്ചക്കറികള്‍ക്ക് മാത്രമായുള്ളതാണ്. 
ഓണസദ്യയ്ക്ക് ഓരോ നാട്ടുകാരും എങ്ങനെയാണ് വിവിധതരം തോരനുകള്‍ തയ്യാറാക്കുന്നതെന്നു നോക്കാം.

ശര്‍ക്കര വരട്ടി (ശര്‍ക്കര ഉപ്പേരി)
നേന്ത്രക്കായ - ഒരു കിലോ, ശര്‍ക്കര - 500ഗ്രാം, നെയ്യ് - 20ഗ്രാം, ചുക്കുപൊടി-50 ഗ്രാം, പഞ്ചസാര - 100ഗ്രാം,വെളിച്ചെണ്ണ - 500ഗ്രാം.

തയ്യാറാക്കുന്ന വിധം

നല്ല മൂത്തകായയാണ് എടുക്കേണ്ടത്. കായ തൊലി കളഞ്ഞ് രണ്ടായി പിളര്‍ന്ന് കാല്‍ ഇഞ്ച് വീതിയില്‍ മുറിച്ചെടുക്കുക. ഇത് തിളച്ച വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. 

ഇതേ സമയം മറ്റൊരു പാത്രത്തില്‍ ശര്‍ക്കര ഉരുക്കി അതിലേക്ക് വറുത്തു കോരുന്ന കായ ഇടണം. കായ നന്നായി മുറുകി വരുമ്പോള്‍ ചുക്കുപൊടി ചേര്‍ക്കാം. നെയ്യും ചേര്‍ത്ത് ശര്‍ക്കര പാനി നന്നായി കുറുകും വരെ ഇളക്കികൊണ്ടിരിക്കുക. അവസാനം അല്പം പഞ്ചസാര ചേര്‍ത്ത് വാങ്ങി വയ്ക്കാം.

ഇത് ഓരോ നാട്ടുകാരുടെ രീതിയ്ക്കനുസരിച്ച് അല്പം എരിവോടേയും തയ്യാറാക്കാം. ചുക്കുപൊടിയ്‌ക്കൊപ്പം അല്പം കുരുമുളകുപൊടിയും ചേര്‍ത്താല്‍ മതി.

ഏത്തയ്ക്കാ ഉപ്പേരി (വറുത്തുപ്പേരി)

ആവശ്യമുള്ളവ
നേന്ത്രക്കായ - 1 കിലോ, മഞ്ഞള്‍പൊടി - അരടീസ്പൂണ്‍, ഉപ്പ് - ആവശ്യത്തിന്, വെളിച്ചെണ്ണ - വറുക്കാനാവശ്യത്തിന്

തയ്യാറാക്കുന്ന വിധം
നേന്ത്രക്കായ തൊലി കളഞ്ഞ് നാലായി പിളര്‍ന്ന് കനംകുറച്ച് അരിഞ്ഞെടുക്കുക. വെളിച്ചെണ്ണയില്‍ കായ വറുത്ത് മൊരിഞ്ഞുവരുമ്പോള്‍ മഞ്ഞള്‍പൊടിയും ഉപ്പും കലക്കിയ വെള്ളം ചെറുതായി കുടഞ്ഞുകൊടുത്ത് എണ്ണയില്‍ നിന്നും വറുത്തുകോരുക.


മിക്‌സഡ് വെജിറ്റബിള്‍ തോരന്‍
ആവശ്യമായവ
പരിപ്പ് , ചെറുപയര്‍, ഗ്രീന്‍പീസ് എന്നിവ കാല്‍ കപ്പ് വീതം, അവല്‍- 50ഗ്രാം, നാളികേരം- ഒന്ന്, കടുക്- 2 ടീസ്പൂണ്‍, ജീരകം - ഒരു നുള്ള് , മുളകുപൊടി - 2 ടീസ്പൂണ്‍, മഞ്ഞള്‍ പൊടി - അരടീസ്പൂണ്‍, കറിവേപ്പില - ആവശ്യത്തിന്, ഉപ്പ്- പാകത്തിന്, വെളിച്ചെണ്ണ - 25മില്ലി ഗ്രാം.

തയ്യാറാക്കുന്ന വിധം
പരിപ്പും ചെറുപയറും, ഗ്രീന്‍പീസും കുക്കറില്‍ വേവിച്ചെടുക്കുക. നന്നായി വെന്ത ശേഷം ഉപ്പു ചേര്‍ക്കുക. അതിലേക്ക് നനച്ച അവല്‍ ചേര്‍ത്ത ശേഷം അടുപ്പില്‍ നിന്നിറക്കി കടുക്, വെളിച്ചെണ്ണയില്‍ വറുത്തു ചേര്‍ക്കാം. 
തേങ്ങ ജീരകവും മഞ്ഞള്‍, മുളകുപൊടി കറിവേപ്പില എന്നിവ ചേര്‍ത്ത് അരച്ചെടുത്ത് ഇതിലേക്ക് ചേര്‍ക്കാം. 

കാബേജ് തോരന്‍

ആവശ്യമുള്ളവ
കാബേജ്- 250ഗ്രാം, പച്ചമുളക്- 50ഗ്രാം, ഇഞ്ചി - 50ഗ്രാം, കറിവേപ്പില - ആവശ്യത്തിന്, കടുക് - 10ഗ്രാം, ഉഴുന്ന് പരിപ്പ് - 10ഗ്രാം, വറ്റല്‍ മുളക് - 5എണ്ണം, സവാള - 100 ഗ്രാം, കാരറ്റ് - 1 എണ്ണം ചെറുത്.

തയ്യാറാക്കുന്ന വിധം
കാരറ്റ്,കാബേജ്, ഇഞ്ചി (സ്വാദിഷ്ടമുള്ളവര്‍ക്ക് ഉപയോഗിക്കാം), പച്ചമുളക് ഇവ അരിഞ്ഞ് ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ചു വയ്ക്കുക. വെളിച്ചെണ്ണയില്‍ കടുകും ഉഴുന്നും വറ്റല്‍ മുളകും മൂപ്പിച്ച് കറിവേപ്പിലയും സവാളയും ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് നന്നായി പിഴിഞ്ഞെടുത്ത കാബേജ് കൂട്ട് ചേര്‍ത്ത് മൂടിവച്ച് വേവിച്ചെടുക്കുക, വെന്ത് വരുമ്പോള്‍ കാല്‍ക്കപ്പ് തേങ്ങ, കുറച്ച്ജീരകം, കുറച്ച് വെളുത്തുള്ളി ചതച്ചത് ഇവ ചേര്‍ത്ത് വാങ്ങാം.

onam thoran, how to prepare different upperi onam

RECOMMENDED FOR YOU: