രുചികരമായ ആവി പറക്കുന്ന വെജിറ്റബിള്‍ മോമോസ് വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ. ഉത്തരേന്ത്യന്‍ വിഭവമായ മോമോസ് ഇന്ന് നമ്മുടെ നാട്ടിലും പ്രിയപ്പെട്ടതാവുന്നു.
ടിബറ്റില്‍ നിന്നുമെത്തിയ മോമോസ് ഉത്തരേന്ത്യന്‍ തെരുവുകളിലെ ഏറ്റവും പോപുലറായ ആഹാരമാണ്. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട മോമോസ് വെജ്, നോണ്‍ വെജ് എന്നിങ്ങനെ പലതരത്തില്‍ ലഭ്യമാണ്. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നതിനാല്‍ തന്നെ ഇത് വീട്ടില്‍ ഉണ്ടാക്കുന്നത് ഏറെ നല്ലതാണ്. എങ്ങനെ തയ്യാറാക്കാമെന്നറിഞ്ഞാല് വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തി കുട്ടികള്‍ക്ക് സ്കൂള്‍ വിട്ടു വരുമ്പോഴേക്കും തയ്യാറാക്കാവുന്നതേയുള്ളൂ.
ആവശ്യമുള്ള സാധനങ്ങള്‍
മാവ് തയ്യാറാക്കാന്‍
മൈദ - 2കപ്പ്
ഉപ്പ് - ആവശ്യത്തിന്
ബേക്കിംഗ് പൗഡര്‍ - അരടീസ്പൂണ്‍
ഫില്ലിംഗിന്
ഗ്രേറ്റഡ് കാരറ്റ് - 1 കപ്പ്
ഗ്രേറ്റഡ് കാബേജ് - 1 കപ്പ്
ഗ്രേറ്റഡ് സവാള - അരക്കപ്പ്
1 ടീസ്പൂണ്‍ ഓയില്‍
1 ടീസ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത്
1 ടീസ്പൂണ്‍ സോയ സോസ്
ഉപ്പ് . കാല്‍ടീസ്പൂണ്‍ വിനഗര്‍, കാല് ടീസ്പൂണ്‍ കുരുമുളക്
എങ്ങനെ തയ്യാറാക്കാം
മൈദ, ഉപ്പ്, ബേക്കിംഗ് പൗഡര്‍ അല്പം ഓയില്‍ എന്നിവ ചേര്‍ത്ത് അല്പാല്പം വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. കുഴച്ച മാവ് പത്ത് മിനിറ്റ് നേരം മൂടി വയ്ക്കാം.
ഒരു പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാക്കിയ ശേഷം അതിലേക്ക അരിഞ്ഞ് വച്ചിരിക്കുന്ന സവാള, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക. മീഡിയം ചൂടില്‍ ഇവ വഴറ്റിയെടുക്കാം. ഒന്ന് പച്ച മണം മാറിക്കഴിഞ്ഞാല്‍ ഇതിലേക്ക് കാരറ്റ്, കാബേജ് എന്നിവ ചേര്‍ത്ത് വഴറ്റാം. നന്നായി മിക്സ് ചെയ്ത ശേഷം തീ ഓഫാക്കി. ഇതിലേക്ക് ഉപ്പ്, വിനഗര്‍, സോയ സോസ് എന്നിവയും കുരുമുളകും ചേര്‍ത്തിളക്കാം. ചൂടാറാനായി മാറ്റി വയ്ക്കാം.
കുഴച്ചു വച്ച മാവെടുത്ത് ചെറിയ ഉരുളകളാക്കി എടുക്കുക. ഇവയെ ചപ്പാത്തി പരത്തും പോലെ നൈസായി പരത്തി, ഇതിനകത്ത് ഫില്ലിംഗ് വയ്ക്കാം. അരികുകള്‍ നനച്ചുകൊടുത്ത ശേഷം കവര്‍ ചെയ്തെടുത്താം. എല്ലാ ഉരുളകളും ഇത്തരത്തില്‍ ഫില്‍ ചെയ്ത ശേഷം സ്റ്റീമറില്‍ വെള്ളം ചൂടാക്കി അതില്‍ വച്ച് 10മിനിറ്റ് നേരം വേവിച്ചെടുക്കാം.
സോയ സോസ്, ചില്ലി സോസ് എന്നിവയ്ക്കൊപ്പമോ സ്പെഷല്‍ മോമോസ് ചട്നിയ്ക്കൊപ്പമോ ചൂടോടെ സെര്‍വ് ചെയ്യാം.