ഓണത്തിനിത്തിരി അടപ്രഥമനായാലോ

NewsDesk
 ഓണത്തിനിത്തിരി അടപ്രഥമനായാലോ

എല്ലാ ഓണക്കാലത്തും എളുപ്പം തയ്യാറാക്കാവുന്ന സേമിയപായസവും ഇന്‍സ്റ്റന്റ് പായസുവുമൊക്കെയായിരിക്കുമല്ലോ. ഇത്തവണ ഒന്നു മാറ്റി പരീക്ഷിക്കാം.
ഇത്തിരി പണി കൂടുതലാണെങ്കിലും രുചികരമായ അടപ്രഥമന്‍ ഓണസദ്യയ്ക്ക് കെങ്കേമമാകും.
അട പായസം തന്നെ രണ്ടു തരമുണ്ട് പാലടയും അട പ്രഥമനും. പാലടയില്‍ പഞ്ചസാരയും പാലുമാണെങ്കില്‍ പ്രഥമനില്‍ ശര്‍ക്കരയും തേങ്ങാപാലുമായിരിക്കും. 

അടപ്രഥമന്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.അട നല്ല വേവുള്ള സാധനമായതിനാല്‍ പ്രഥമന്‍ തയ്യാറാക്കാന്‍ കുറച്ചധികം സമയം വേണ്ടി വരും.

ആവശ്യമുള്ള സാധനങ്ങള്‍

അരി അട - അരക്കപ്പ് (വീട്ടില്‍ തയ്യാറാക്കുകയാവാം ഇപ്പോള്‍ മാര്‍ക്കറ്റിലും ലഭ്യം), 
ശര്‍ക്കര - ഒന്നേകാല്‍ കപ്പ് , 
തേങ്ങയുടെ രണ്ടാംപാലും ഒന്നാംപാലും വെവ്വേറെ എടുത്തു വയ്ക്കണം. രണ്ടാംപാല്‍ ഒന്നേകാല്‍ ക്‌പ്പോളവും കട്ടിയുള്ള ഒന്നാംപാല്‍ അരക്കപ്പും ആവശ്യമുണ്ട്.

അലങ്കാരത്തിനായി തേങ്ങാകൊത്ത്, കശുവണ്ടി പരിപ്പ്, ഉണക്കമുന്തിരി എന്നിവയും ഏലയ്ക്കാപൊടിയും നെയ്യും ആവശ്യമാണ്. നെയ്യ് ഒന്നര മുതല്‍ രണ്ട് ടീസ്പൂണ്‍ വരെ ആവശ്യമുണ്ട്.

അവിയല്‍ തയ്യാറാക്കാം
 

തയ്യാറാക്കുന്ന വിധം

വെള്ളം നന്നായി തിളപ്പിക്കുക. നന്നായി തിളച്ച വെള്ളത്തിലേക്ക് സ്റ്റൗവ് ഓഫാക്കിയ ശേഷം അട ചേര്‍ക്കുക. ഇത് 30 മിനിറ്റോളം കുതിരാന്‍ വയ്ക്കുക.

അര മണിക്കൂറിനു ശേഷം അട വെള്ളത്തില്‍ നിന്നും ഊറ്റിയെടുത്ത് രണ്ടോ മൂന്നോ പ്രാവശ്യം തണുത്ത വെള്ളത്തില്‍ കഴുകി എടുക്കാം.അട ഒട്ടിപ്പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വെള്ളം മുഴുവനായും ഊറ്റികളയുക. ഇത് മാറ്റിവയ്ക്കാം.

ശര്‍ക്കര അരക്കപ്പ് വെള്ളത്തില്‍ മുക്കി വയ്ക്കുക. വെള്ളത്തില്‍ പൂര്‍ണ്ണമായും അലിഞ്ഞ ശേഷം അരിച്ചെടുക്കുക. 

രണ്ട് സ്പൂണ്‍ നെയ്യ് ഒരു പാനില്‍ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് അണ്ടിപരിപ്പ് , തേങ്ങാക്കൊത്ത്, ഉണക്കമുന്തിരി ഇവ വെവ്വേറെ ചേര്‍ത്ത് വറുത്തു കോരുക. 

ഇതേ പാനിലേക്ക് കുറച്ചു കൂടെ നെയ്യ് ചേര്‍ത്ത് ഇളം ചൂടില്‍ നാലോ അഞ്ചോ മിനിറ്റ് അട ഇട്ട് ചൂടാക്കിയെടുക്കുക. ചൂടായ ശേഷം ശര്‍ക്കര വെള്ളം ചേര്‍ക്കുക. ഇത് അട വേവും വരെ ഇളക്കി നന്നായി കുറുക്കിയെടുക്കുക. 
നന്നായി കുറുകി വരുമ്പോള്‍ തേങ്ങയുടെ രണ്ടാംപാല്‍ ചേര്‍ക്കാം. ഇതും കട്ടിയാകും വരെ ഇളക്കികൊണ്ടിരിക്കുക. കട്ടിയായി കഴിഞ്ഞ് ഒന്നാം പാലും വറുത്തു വച്ചിരിക്കുന്ന അണ്ടി, മുന്തിരി, തേങ്ങാകൊത്ത് ഇവയും ചേര്‍ക്കുക. കൂടാതെ ഏലയ്ക്കാപൊടിയും വിതറുക. നന്നായി ഇളക്കി സ്റ്റൗവ് ഓഫ് ചെയ്യാം. ഒന്നാം പാല്‍ ഒഴിച്ചുകഴിഞ്ഞാല്‍ തിളപ്പിക്കേണ്ടതില്ല.

സ്വാദിഷ്ടമായ അടപ്രഥമന്‍ തയ്യാര്‍. ഓണസദ്യ കഴിഞ്ഞ് ചൂടോടെ ഇലയില്‍ ഒഴിച്ചു കുടിക്കാം. തണുത്ത പായസം ഇഷ്ടമുളളവര്‍ക്ക് തണുപ്പിച്ചും ഉപയോഗിക്കാം. തണുക്കുമ്പോള്‍ കൂടുതല്‍ കട്ടിയാകും.

Recipe of ada pradhaman for onam sadhya

RECOMMENDED FOR YOU: