കാന്താരി മുളകും കൊളസ്‌ട്രോളും

NewsDesk
കാന്താരി മുളകും കൊളസ്‌ട്രോളും

ശരീരത്തിലെ അമിതകൊഴുപ്പാണ് കൊളസ്‌ട്രോള്‍ ഉണ്ടാകാന്‍ ഒരു കാരണം. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്നും ആഗിരണം ചെയ്യപ്പെടുന്നതും കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളില്‍ ഉണ്ടാകുന്നതുമായ കൊളസ്‌ട്രോള്‍ രക്തത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തുന്നു. കൊളസ്‌ട്രോള്‍ ശരീരത്തിന് ആവശ്യമായ ഒന്നാണ്. എന്നാല്‍ അമിതമായാല്‍ ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. കൊളസ്‌ട്രോള്‍ അമിതമായി വര്‍ദ്ധിക്കുന്നത് ഹൃദയസ്തംഭനത്തിനും, മസ്തിഷ്‌കാഘാതത്തിനും കാരണമാകുന്നു.കൊളസ്‌ട്രോളിനെ നമുക്ക് ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെ നിയന്ത്രിക്കാനാവും. 

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനായി കഴിക്കുന്ന ഭക്ഷണത്തില്‍ കൊഴുപ്പുള്ളവയുടെ അളവ് കുറയ്ക്കുകയാണ് വേണ്ടത്. ജങ്ക് ഫുഡുകളും ക്രമാതീതമായി കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ കാരണമാകും. കൊളസ്‌ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന കറിവേപ്പില, ഇഞ്ചി, കാന്താരി മുളക്, മോര്, ഇലുമ്പി പുളി, വെളുത്തുള്ളി, സോയാബീന്‍, ഒലീവ്, നെല്ലിക്ക, ഗ്രീന്‍ ടീ, നെല്ലിയ്ക്ക എന്നിവ സഹായിക്കും.

ശരീരത്തിലുള്ള കൊളസ്‌ട്രോളിനെ കത്തിച്ചു കളയാന്‍ കാന്താരിമുളകിന് പ്രത്യേക കഴിവുണ്ട്. കാന്താരിമുളകിന് ഗുണങ്ങള്‍ നല്‍കുന്ന capsaicin ധാരാളം ഔഷധഗുണങ്ങളുള്ളവയാണ്. വേദനസംഹാരിയായ capsaicin ദഹനത്തിനു സഹായിക്കുകയും കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ചീത്ത കൊളസ്‌ട്രോള്‍ ആയ ldl ഉം ട്രൈഗ്ലിസറൈഡുകളും നല്ല കൊളസ്‌ട്രോളിനെ ബാധിക്കാതെ തന്നെ കുറയ്ക്കുന്നു. 

വൈറ്റമിന്‍ സംപുഷ്ടമാണ് കാന്താരിമുളക്. കൂടാതെ കാല്‍സ്യം, അയണ്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും കാന്താരിമുളകില്‍ അടങ്ങിയിട്ടുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കാന്താരിമുളകിനു സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.പല്ലുവേദനയ്ക്കും, രക്തസമ്മര്‍ദ്ദം കുറയ്ക്കാനും, പൊണ്ണത്തടി കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാന്താരി മുളക് ഉപയോഗിക്കാം.

ബാക്ടീരിയ,ഫംഗസ്, എന്നിവയെ പ്രതിരോധിക്കാനും കാന്താരിക്ക് കഴിയും. എന്നാല്‍ അമിതമായി ഉപയോഗിച്ചാല്‍ ത്വക്കിനും വായയ്ക്കും പുകച്ചില്‍, വയറില്‍ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. കിഡ്‌നി, ലിവര്‍ എന്നിവയ്ക്ക് പ്രശ്‌നങ്ങള്‍ ഉള്ളവരും അള്‍സര്‍ ഉള്ളവരും കാന്താരി ഉപയോഗിക്കുന്നത് അത്ര നന്നല്ല.രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും മുലയൂട്ടുന്ന അമ്മമാരും ഗര്‍ഭിണികളും കാന്താരി മുളക് ഉപയോഗിക്കരുത്. 

കാന്താരി മുളക് സംഭാരത്തിലും നാരങ്ങാവെള്ളത്തിലും ചേര്‍ത്ത് ഉപയോഗിക്കാം. അച്ചാറുകളിലും കറികളിലും ചമ്മന്തികളിലും കാന്താരി ഉപയോഗിക്കാം.
 

How to reduce cholestrol using kanthari mulaku

RECOMMENDED FOR YOU: