വളര്‍ത്താം ഔഷധസസ്യങ്ങള്‍ വീട്ടുവളപ്പില്‍

NewsDesk
വളര്‍ത്താം ഔഷധസസ്യങ്ങള്‍ വീട്ടുവളപ്പില്‍

നമുക്കുചുറ്റും കാണപ്പെടുന്ന പല സസ്യങ്ങളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആരോഗ്യത്തെ പ്രദാനം ചെയ്യുന്നവയാണ്.ആയുര്‍വേദത്തില്‍ ഔഷധസസ്യങ്ങള്‍ക്ക് പരമപ്രധാനമായ സ്ഥാനമാണുള്ളത്.

ചിക്കന്‍ഗുനിയ, ഡങ്കി,വൈറല്‍ പനികള്‍ തുടങ്ങി പലതരത്തിലുള്ള രോഗങ്ങള്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഔഷധസസ്യങ്ങള്‍ തോട്ടത്തില്‍ വളര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്.

ഔഷധസസ്യങ്ങള്‍ എളുപ്പം വളര്‍ത്താന്‍ സാധിക്കുന്നതാണ്. വീട്ടുവളപ്പില്‍ ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്നത് നമ്മുടെ പരിസരത്തെ ഔഷധസമ്പന്നമാക്കുകയും നല്ല വരുമാനമാര്‍ഗമാക്കുകയും ആവാം.

നമ്മുടെ വീട്ടുവളപ്പില്‍ വളര്‍ത്താവുന്ന ഔഷധസസ്യങ്ങളെ കുറിച്ച് നോക്കാം.

1. ആര്യവേപ്പ്

പ്രഥമ വേദമായ ഋഗ്വേദത്തില്‍ തന്നെ വേപ്പിന്റെ ഔഷധഗുണം വിവരിക്കുന്നുണ്ട്. വടക്കെ ഇന്ത്യയില്‍ ഇന്നും ആര്യവേപ്പിനെ മഹാലക്ഷ്മിയായി കരുതി ആരാധിക്കുന്നു. വളരെക്കാലം നിലനില്‍ക്കുന്ന ഒരു ഔഷധസസ്യമാണ് വേപ്പ്. ആര്യവേപ്പില്‍ തട്ടിവരുന്ന കാറ്റിനുപോലും ഔഷധഗുണമുണ്ടെന്നാണ് കരുതുന്നത്.

ആര്യവേപ്പിന്റെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്. ഭാരതീയ ചികിത്സാരീതിയില്‍ വേപ്പ് ഒരു സര്‍വ്വരോഗസംഹാരിയാണ്. കയ്പ്പ് രസം കൂടുതലായുള്ള ഈ മരം ത്വക്ക് രോഗങ്ങള്‍ക്ക് വിശേഷപ്പെട്ടതാണ്.വേപ്പിന്‍പിണ്ണാക്ക് നല്ല ജൈവവളമാണ്.  വേപ്പില അരച്ച് തേനില്‍ ചേര്‍ത്ത് സേവിച്ചാല്‍ കൃമിശല്യം മാറും.

വിത്തുപാകി കിട്ടുന്ന തൈകള്‍ നട്ടാണ് വേപ്പ് വളര്‍ത്തുന്നത്.

2. കറിവേപ്പില

കറികള്‍ക്ക് രുചി കൂട്ടാന്‍ ഉപയോഗിക്കുന്ന കറിവേപ്പില ഒരു ഔഷധസസ്യം കൂടിയാണ്്്. ആഹാരത്തിലുള്ള വിഷാംശം ഇല്ലാതാക്കാനും ദഹനശേഷി കൂട്ടാനും ഇതിനു കഴിവുണ്ട്. 

കറിവേപ്പില തിളക്കുന്ന എണ്ണയിലിട്ടാല്‍ അതിലുള്ള ജീവകം (എ) പൂര്‍ണ്ണമായും എണ്ണയില്‍ ലയിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ടാണ് നമ്മുടെ പൂര്‍വികര്‍ കടുകുവറുത്ത എണ്ണയിലെ കറിവേപ്പില എച്ചില്‍പാത്രത്തിലേക്കെറിഞ്ഞത്്.

ജീവകം എ ധാരാളമുള്ള കറിവേപ്പില നമ്മുടെ ആരോഗ്യസംരക്ഷണത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് വയറിന്റെ പ്രശ്‌നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. കറിവേപ്പിലയിട്ട് എണ്ണകാച്ചി തേക്കുന്നത് തലമുടിക്ക് നല്ല കറുപ്പ് നിറം നല്‍കുകയും മുടി തഴച്ചുവളരുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

3. ഇഞ്ചിപുല്ല്

കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്യുന്ന പുല്‍ത്തൈലം ഇഞ്ചിപ്പുല്ലില്‍ നിന്നുമാണ് നിര്‍മ്മിക്കുന്നത്. 
ഇത് ചില ബാക്ടീരിയകളുടെ വളര്‍ച്ചയെ തടയുന്നു. 

ഇഞ്ചിപുല്ല് വേദനസംഹാരിയായും ഉപയോഗിക്കുന്നു. കഫക്കെട്ട്, പനി, ജലദോഷം എന്നിവ മാറാന്‍ ഇത് ഉപയോഗിക്കുന്നു. പുല്‍തൈലം 2 തുള്ളി കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ത്താല്‍ വിയര്‍പ്പ്‌നാറ്റം ഇല്ലാതാകും.

4. കറ്റാര്‍വാഴ
ആയുര്‍വേദ വിധി പ്രകാരം സ്ത്രീരോഗങ്ങളില്‍ പലതിനുമുള്ള ഔഷധമാണ് കറ്റാര്‍വാഴ. ഹോമിയോപ്പതിയില്‍ ശിരോരോഗങ്ങള്‍ക്കെതിരായി ധാരാളമായി ഉപയോഗിക്കുന്നു. 

മുടികൊഴിച്ചില്‍ , കാതടപ്പ്, കോപം,തല ചൂടാകുന്നത് എന്നിവ അകറ്റാന്‍ കറ്റാര്‍വാഴയുടെ നീര് ഫലപ്രദമായി ഉപയോഗിക്കുന്നു.

5. തുളസി

നീല കലര്‍ന്ന പച്ചനിറമുള്ള കൃഷ്ണതുളസിയാണ് കൂടുതല്‍ ഗുണസമ്പുഷ്ടം. പ്രതിരോധശേഷി കൂട്ടാനും ശ്വാസകോശരോഗങ്ങള്‍ കുറയ്ക്കാനും ഇതിന് കഴിവുണ്ട്. 
മുഖസൗന്ദര്യത്തിനും മുഖക്കുരു മാറുന്നതിനും ഇത് ഉപയോഗിക്കുന്നു. തുളസിയിലയിട്ടു തിളപ്പിച്ച് വെള്ളത്തില്‍ തേന്‍ ചേര്‍ത്തുകഴിച്ചാല്‍ ചുമ മാറിക്കിട്ടും.

6. കര്‍പ്പൂര തുളസി

ഇതിന്റെ ഇലകളില്‍ പച്ചകര്‍പ്പൂരത്തിന്റെ അംശം അടങ്ങിട്ടുള്ളതുകൊണ്ട് തലവേദന, കഫക്കെട്ട് ,കാസം മുതലായ അസുഖങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നു.

7. കഞ്ഞിക്കൂര്‍ക്ക / പനിക്കൂര്‍ക്ക

പേരുപോലെ പനിക്കെതിരെ ഉപയോഗിക്കാവുന്ന ഒരു ഔഷധ സസ്യമാണിത്. നമ്മുടെ നാട്ടുചികിത്സയിലെ ശിശുരോഗസംഹാരിയാണിത്. 

ചെറിയ കുട്ടികള്‍ക്ക് പനി വന്നാല്‍ പനികൂര്‍ക്കയുടെ നീര് കൊടുത്താല്‍ മതി. പനികൂര്‍ക്കയുടെ നീര് ഉച്ചിയില്‍ തേച്ച് കുളിച്ചാല്‍ പനിയും ജലദോഷവും മാറും.

8. ആടലോടകം

ഇതിന്റെ വേരും ഇലയും ഔഷധഗുണമുള്ളതാണ്. 
ഏതു കാലാവസ്ഥയിലും പരിസ്ഥിതിയിലും ഇത് വളര്‍ത്താം. കയ്പുരസമുള്ള കറ ധാരാളമായുള്ള ഈ ചെടി കന്നുകാലികള്‍ തിന്നാറില്ല. ആസ്തമക്കും കഫക്കെട്ടിനുമുള്ള ദിവ്യൗഷധമാണ് ആടലോടകം. 

രക്തസ്രാവത്തിനെതിരായ അലോപ്പതി ഔഷധങ്ങള്‍ ഈ ചെടിയില്‍ നിന്നും എടുക്കുന്നുണ്ട്. ഇലച്ചാറും തേനും ഓരോ സ്പൂണ്‍ വീതം ചേര്‍ത്ത് സേവിച്ചാല്‍ ചുമ ശമിക്കും.

കൃഷിക്കും ഒരു ഉത്തമ സുഹൃത്താണ് ഈ സസ്യം . കുമിളുകള്‍, ബാക്ടീരിയ കീടങ്ങള്‍ ഇവയെ ശമിപ്പിക്കാന്‍ ആടലോടകത്തിനു കഴിവുണ്ട്. 

9. തഴുതാമ

പ്രകൃതിചികിത്സയിലെ ഒന്നാന്തരം ഔഷധവും ഇലക്കറി എന്ന നിലയില്‍ ഗുണസമ്പുഷ്ടവുമാണ് തഴുതാമ. മൂത്രാശയക്കല്ലുകളെ പുറന്തള്ളാന്‍ ഇതിനു കഴിയും.

10. വയമ്പ്

 സ്വരശുദ്ധിക്കും ബുദ്ധിശക്തിക്കും ചെറിയ കുട്ടികള്‍ക്കുണ്ടാകുന്ന പനി, വയറുവേദന, അരുചി,അതിസാരം, ചുമ, ശ്വാസംമുട്ട്, കഫസംബന്ധവും ശ്വാസസംബന്ധവുമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് വയമ്പിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കൊടുക്കുന്നതു നല്ലതാണ്.
ദഹനശക്തി വര്‍ദ്ധിപ്പിക്കാനും വിരശല്യം, മൂത്രതടസ്സം, വാതോപദ്രവങ്ങള്‍, വിഷബാധ എന്നിവ ശമിപ്പിക്കുന്നതിനും വയമ്പ് ഉപയോഗിക്കുന്നു. 

പ്രസവ ശേഷം കുട്ടികള്‍ക്ക് സംരക്ഷണം നല്കുന്നതിനും മറ്റും വയമ്പ് ഉപയോഗിക്കുന്നു. എല്ലാവിധലേഹ്യങ്ങളിലും വയമ്പ് അടങ്ങിയിരിക്കുന്നു. ലേഹ്യം ഉണ്ടാക്കുമ്പോള്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍എല്ലാത്തിലും വയമ്പിന് ഒരു പങ്കുണ്ട്. 

സാധാരണ വയമ്പിനേക്കാള്‍ ശക്തി പച്ച വയമ്പിന് ഉണ്ടായിരിക്കും

Herbs for home garden

RECOMMENDED FOR YOU: